മകളെ രക്ഷിക്കുന്നതിനിടെ മാതാവ് കുളത്തില്‍ മുങ്ങിമരിച്ചു; 13കാരിക്കു ഗുരുതര പരിക്ക്

പെരിന്തല്‍മണ്ണ മേലെ അരിപ്രയിലെ പരേതനായ പണിക്കര്‍നെച്ചി യൂസുഫിന്റെ മകള്‍ ശറഫുന്നിസ(32)യാണ് ചൊവ്വാഴ്ച രാവിലെ മേലെ അരിപ്രയിലെ പഞ്ചായത്ത് കുളത്തില്‍ മുങ്ങി മരിച്ചത്

Update: 2019-08-27 12:58 GMT

പെരിന്തല്‍മണ്ണ: കുളത്തില്‍ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന മകളെ രക്ഷിക്കുന്നതിനിടെ മാതാവ് മുങ്ങിമരിച്ചു. പെരിന്തല്‍മണ്ണ മേലെ അരിപ്രയിലെ പരേതനായ പണിക്കര്‍നെച്ചി യൂസുഫിന്റെ മകള്‍ ശറഫുന്നിസ(32)യാണ് ചൊവ്വാഴ്ച രാവിലെ മേലെ അരിപ്രയിലെ പഞ്ചായത്ത് കുളത്തില്‍ മുങ്ങി മരിച്ചത്. 13 വയസുകാരി മകള്‍ ശബാനക്കും 10 വയസ്സുകാരി റജീനയ്ക്കുമൊപ്പം കുളിക്കാന്‍ പോയതായിരുന്നു.

 



വെള്ളത്തില്‍ മുങ്ങിയ മകള്‍ ശബാനയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മാതാവ് മുങ്ങി മരിച്ചത്. കരയിലുണ്ടായിരുന്ന 10 വയസ്സുകാരി ഓടിച്ചെന്ന് വിവരമറിയിച്ചതിനാല്‍ നാട്ടുകാരെത്തി ശബാനയെ കരയ്‌ക്കെത്തിച്ചെങ്കിലും ശറഫുന്നിസയെ ജീവനോടെ രക്ഷിക്കാനായില്ല. ഗുരുതര പരിക്കുകളോടെ മകള്‍ ശബാന മൗലാന ആശുപത്രിയിയിലാണ്. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ താല്‍ക്കാലിക ക്ലീനിങ് സ്റ്റാഫായി ജോലി ചെയ്തിരുന്നു ശറഫുന്നിസ. പിതാവ് യൂസുഫ് ഒരു മാസം മുമ്പാണ് മരണപ്പെട്ടത്. തിരുവേഗപ്പുറയിലെ ഇമ്പിച്ചി ബാവയാണ് ഭര്‍ത്താവ്. മങ്കട പോലിസ് ഇന്‍ക്വസ്റ്റ് നടത്തി. ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. ഖബറടക്കം ചൊവ്വാഴ്ച വൈകീട്ട് 7.30നു മേലെ അരിപ്ര ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.



Tags:    

Similar News