കനത്ത മഴ: എറണാകുളത്ത് നാളെയും റെഡ് അലര്‍ട്;വിവിധ പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍; 2604 കുടുംബങ്ങളില്‍ നിന്നായി 14,744 പേര്‍ ദുരിതാശ്വാസ ക്യാംപുകളില്‍

ജില്ലയില്‍ ആകെ 133 ദുരിതാശ്വാസ ക്യാംപുകളാണ് ആരംഭിച്ചിട്ടുള്ളത്. ആലുവ മേഖലയില്‍ 40,പറവൂര്‍ മേഖല-48,കുന്നത്ത് നാട്-10,മൂവാറ്റുപുഴ-16,കോതമംഗലം-7,കണയന്നൂര്‍-7,കൊച്ചി-അഞ്ച് എന്നിങ്ങനെയാണ് ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിരിക്കുന്നത്.വിവിധ ക്യാംപുകളിലായി 2604 കുടുംബങ്ങളില്‍ നിന്നായി 14,744 പേരാണ് ക്യാംപുകളില്‍ ഉളളത്.എറണാകുളത്ത് നാളെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ദുരന്തനിവാരണവുമായി ബന്ധപ്പെട്ട സുപ്രധാന വകുപ്പുകള്‍ക്ക് അവധിയില്ല. എല്ലാ പിഎച്ച്‌സി, സിഎച്ച്‌സി സെന്ററുകളും ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അവധി ദിവസങ്ങളിലും പ്രവര്‍ത്തിക്കണം. എല്ലാ ക്യാംപുകളിലും ഡോക്ടറുടെ സേവനം ആരോഗ്യ വകുപ്പ് ഉറപ്പു വരുത്തണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു

Update: 2019-08-09 14:51 GMT

കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ നാളെയും റെഡ് അലര്‍ട്ട്. കനത്ത മഴയെ തുടര്‍ന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നിരവധിയാളുകളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. വെള്ളം കയറിയതിനെ തുടര്‍ന്ന് ഞായറാഴ്ച വരെ നെടുമ്പാശേരി വിമാനത്താവളം അടച്ചു. ഇതേ തുടര്‍ന്ന് നാളെയും മറ്റന്നാളുമായി നെടുമ്പാശേരിയില്‍ നിന്നും നടത്തേണ്ടിയരുന്ന 12 വിമാനങ്ങളുടെ സര്‍വീസ് തിരുവനന്തപരും വിമാനത്താവളത്തിലേക്ക് മാറ്റിയതായി നെടുമ്പാശേരി വിമാനത്താവളം അധികൃതര്‍ അറിയിച്ചു.കനത്ത മഴയ്‌ക്കൊപ്പം വീശിയടിച്ച കാറ്റില്‍ ട്രാക്കിലേക്ക് മരണം വീണതിനെ തുടര്‍ന്നും എറണാകുളം വഴിയുള്ള ഏതാനും തീവണ്ടി സര്‍വീസുകള്‍ റദ്ദാക്കുകയും വെട്ടിച്ചുരുക്കുകയും ചെയ്തു. ജില്ലയില്‍ ആകെ 133 ദുരിതാശ്വാസ ക്യാംപുകളാണ് ആരംഭിച്ചിട്ടുള്ളത്. ആലുവ മേഖലയില്‍ 40,പറവൂര്‍ മേഖല-48,കുന്നത്ത് നാട്-10,മൂവാറ്റുപുഴ-16,കോതമംഗലം-7,കണയന്നൂര്‍-7,കൊച്ചി-അഞ്ച് എന്നിങ്ങനെയാണ് ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിരിക്കുന്നത്.വിവിധ ക്യാംപുകളിലായി 2604 കുടുംബങ്ങളില്‍ നിന്നായി 14,744 പേരാണ് ക്യാംപുകളില്‍ ഉളളത്.



 


.ഇന്നലെ വൈകുന്നേരം മൂന്ന് വരെ ജില്ലയില്‍ 154.86 മില്ലി മീറ്റര്‍ മഴയാണ് പെയ്തത്. എറണാകുളത്ത് നാളെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ദുരന്തനിവാരണവുമായി ബന്ധപ്പെട്ട സുപ്രധാന വകുപ്പുകള്‍ക്ക് അവധിയില്ല. എല്ലാ പിഎച്ച്‌സി, സിഎച്ച്‌സി സെന്ററുകളും ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അവധി ദിവസങ്ങളിലും പ്രവര്‍ത്തിക്കണം. എല്ലാ ക്യാംപുകളിലും ഡോക്ടറുടെ സേവനം ആരോഗ്യ വകുപ്പ് ഉറപ്പു വരുത്തണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചിട്ടുണ്ട്.

റവന്യൂ, പോലിസ്, ഫയര്‍ഫോഴ്‌സ്, ആരോഗ്യം, തദ്ദേശ സ്വയംഭരണം, ജലസേചനം, വൈദ്യുതി, വാട്ടര്‍ അഥോറിറ്റി, ഫിഷറീസ്, കൃഷി, മൃഗസംരക്ഷണം, സിവില്‍ സപ്ലൈസ്, മോട്ടോര്‍ വാഹനം, ജലഗതാഗതം, മൈനിംഗ് ആന്‍ഡ് ജിയോളജി, പൊതുമരാമത്ത് റോഡ്‌സ് - ബില്‍ഡിങ്‌സ്, എക്‌സൈസ്, വനം, മണ്ണു സംരക്ഷണം, വിവര പൊതുജന സമ്പര്‍ക്കം, സാമൂഹ്യനീതി, പട്ടികജാതി പട്ടികവര്‍ഗ വികസനം എന്നീ വകുപ്പുകള്‍ക്ക് വരുന്ന അവധിദിനങ്ങള്‍ പ്രവര്‍ത്തി ദിനങ്ങളായിരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.കൊച്ചി നഗരത്തില്‍ വെള്ളക്കെട്ട് രൂക്ഷമായതിനെ തുടര്‍ന്ന് കനാലുകളിലെ തടസങ്ങളും കയ്യേറ്റങ്ങളും അടിയന്തരമായി നീക്കാന്‍ കലക്ടര്‍ ഉത്തരവിട്ടു. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മല്‍സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തി ഫിഷറീസ് കണ്‍ട്രോള്‍ റൂമുകളില്‍ പ്രത്യേക ടീം പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. കൂടാതെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി മോട്ടോര്‍വാഹന വകുപ്പ് ഗുഡ്‌സ് വാഹനങ്ങളും, ട്രെയിലറുകളും ബസുകളും ടിപ്പര്‍, ആംബുലന്‍സ് എന്നിവ സജ്ജമാക്കിയിട്ടുണ്ട്.



 



 


ആലുവയില്‍ തോട്ടക്കാട്ടുകര, ചെമ്പകശ്ശേരി, പുളിഞ്ചോട് മേഖലയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് തോട്ടക്കാട്ടുകരയില്‍ ദേശീയ പാതയിലുള്ള പ്രിയദര്‍ശനി ഹാളില്‍ ദുരിതാശ്വാസ ക്യാംപ് ആരംഭിച്ചു. നഗരസഭയില്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂമും തുറന്നു. ചൂര്‍ണ്ണിക്കര, കടുങ്ങല്ലൂര്‍, കീഴ്മാട് പ്രദേശങ്ങള്‍ വെള്ളത്തിലാണ്.അതേ സമയം പെരിയാറില്‍ രാവിലെ മുതല്‍ ജലനിരപ്പ് കുറഞ്ഞു തുടങ്ങിയത് തീരത്തുള്ളവര്‍ക്ക് ആശ്വാസമായി. ആലുവ തുരുത്തിലെ ബണ്ടു വഴി സ്ഥലത്ത് ഇന്നലെ രാത്രി വീടുകളില്‍ വെള്ളം കയറിയെങ്കിലും രാവിലെ ഇറങ്ങിത്തുടങ്ങി. രാവിലെ ആലുവ മേഖലയില്‍ ശക്തമായ മഴ മാറി നിന്നതും ഗുണകരമായി. ഇതിനിടയില്‍ ജില്ലാ ഭരണകൂടത്തിന്റെ മുന്‍കരുതലുകളൂടെ ഭാഗമായി രണ്ട് വലിയ തോണികള്‍ ആലുവയില്‍ എത്തിച്ചു. പ്രളയബാധിത സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായാണ് ഇവ. വലിയ ട്രെയിലര്‍ ലോറിയിലാണ് തോണികള്‍ എത്തിച്ചത്. ഏലൂര്‍ നഗരസഭാതിര്‍ത്തിയില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കുടുംബങ്ങളെ സുരക്ഷിത സ്ഥാലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.



 



 


പുത്തലംകടവ് ,പതി രാക്കാട്ടുകാവ് ,ശാന്തിഗിരി ,ഗ്ലാസ്സ് കോളനി എന്നിവങ്ങളില്‍ വെള്ളംകയറി. കാലടി മേഖലയിലെ മഞ്ഞപ്ര, മലയാറ്റൂര്‍, കാഞ്ഞൂര്‍ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. കാഞ്ഞൂര്‍ പഞ്ചായത്തിലെ ചെങ്ങല്‍, വട്ടത്തറ തുടങ്ങിയ പ്രദേശങ്ങളില്‍ വീടുകളില്‍ വെള്ളം കയറിയ നിലയിലാണ്. വട്ടത്തറയില്‍ കുംടുംബങ്ങളെ ക്യാംപുകളിലേക്ക് മാറ്റി. പ്രദേശത്തെ കൃഷികളെല്ലാം വെള്ളം കയറി നശിച്ച നിലയിലാണ്. പുത്തന്‍വേലിക്കര, ചേന്ദമംഗലം, ചിറ്റാറ്റുകര, വടക്കേക്കര എന്നീ പ്രദേശങ്ങളില്‍ മുക്കാല്‍ ഭാഗത്തോളം വെള്ളം കയറിയ നിലയിലാണ്. റോഡുകളില്‍ വെള്ളം നിറഞ്ഞതിനെ തുടര്‍ന്ന് ഉള്‍പ്രദേശങ്ങളിലെ ആളുകള്‍ ദുരിതത്തിലായി.



 

കൂത്താട്ടുകുളം പിറവം റോഡും വെള്ളം കയറിയ നിലയിലാണ്. ഇടയാര്‍ റൂട്ടില്‍ പള്ളിപ്പടിക്ക് സമീപം വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ഈ റൂട്ടില്‍ ചെറിയ വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ പറ്റാത്ത അവസ്ഥയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിതിനു പുറമേ കൃഷിയിടങ്ങളും നശിച്ചു. അങ്കമാലി ചാലക്കുടി ദേശീയപാതയില്‍ റെയില്‍വേ സ്റ്റേഷന്‍ ജംഗ്ഷന് സമീപം വെള്ളക്കെട്ട് രൂപപ്പെട്ടത് ഏറെ നേരത്തെ ഗതാഗതക്കുരുക്കിന് കാരണമായി. മൂക്കന്നൂര്‍ റോഡില്‍ ഞാലൂക്കര ഭാഗത്തും, പാലിശേരിക്ക് സമീപം കോരമന, തൊണ്ണമാക്കല്‍ എന്നിവിടങ്ങളിലും റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. മൂന്നാംപറമ്പ് കണ്ണന്‍തേന്‍മാലി കോളനിയിലെ നിരവധി വീടുകളില്‍ വെള്ളം കയറി. ചെങ്ങല്‍ തേട് കരകവിഞ്ഞതിനെ തുടര്‍ന്ന് വുിമാനത്താവളത്തിന് സമീപത്തെ തീരസംരക്ഷണ സേനയുടെ കേന്ദ്രത്തിലേക്കും വെള്ളം ഇരച്ചുകയറി.  കൊച്ചി-ധനുഷ്‌ക്കോടി ദേശീയപാതയുടെ ഭാഗമായ കോതമംഗലം നഗരത്തിലെ കോഴിപ്പിള്ളി കവല മുതല്‍ അരമത്തെ വ്യാപാര സ്ഥാപനങ്ങളും പൂര്‍ണ്ണമായി വെള്ളത്തിനടിയിലായി. ഇതു മൂലം മൂന്നാര്‍, ഇടുക്കി, നേര്യമംഗലം ഭാഗങ്ങളില്‍ നിന്നും കോതമംഗലം വഴി എറണാകുളത്തേക്കും നെടുമ്പാശ്ശേരി, ആലുവ  എന്നിവിടങ്ങളിലേക്ക് പോകുന്ന വാഹനയാത്രക്കാരും ടൂറിസ്റ്റ് കളും വഴിയില്‍ കുടുങ്ങി



 


Tags:    

Similar News