മിഠായിത്തെരുവ് സംഘപരിവാര്‍ ആക്രമണം; യുഡിഎഫ് സമരത്തിലേക്ക്

Update: 2019-01-11 02:52 GMT
കോഴിക്കോട്: ഹര്‍ത്താല്‍ ദിനത്തില്‍ കോഴിക്കോട് മിഠായിത്തെരുവില്‍ അക്രമം നടത്തിയ സംഘപരിവാര പ്രവര്‍ത്തകരുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് യുഡിഎഫ് സമരത്തിലേക്ക്. ക്ഷേത്രത്തില്‍ തമ്പടിച്ച് ഒരു വിഭാഗത്തിനെതിരേ കലാപാഹ്വാനം നടത്തി ആക്രമണം അഴിച്ചുവിട്ട സംഘപരിവാര നേതാക്കളടക്കമുള്ളവരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. മിഠായിതെരുവിലെ സംഘപരിവാര നിയന്ത്രണത്തിലുള്ള ക്ഷേത്രത്തില്‍ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തിരുന്നു. സംഘപരിവാര ആക്രമണം തടയാതിരുന്ന പോലിസിന്റെ നടപടി അന്ന് തന്നെ പ്രതിഷേധത്തിനിടയായിരുന്നു. അതിനിടെയാണ് പ്രതികളെ സംരക്ഷിക്കുന്ന പോലിസ് നീക്കം.

അക്രമം നടത്തിയ മുഴുവന്‍ സംഘപരിവാര പ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്യണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു. പതിനാലാം തിയതി മിഠായിത്തെരുവില്‍ ധര്‍ണ നടത്താനാണ് യു.ഡി.എഫ് തീരുമാനം.

മിഠായിത്തെരുവില്‍ അക്രമം നടത്തിയവരെ മുഴുവനായി പിടികൂടുക,സമാധാനം പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യു.ഡി.എഫ് സമരത്തിനെരുങ്ങുന്നത്.പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍,കെ.മുരളീധരന്‍ എം.എല്‍.എ എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കും.

മിഠായിത്തെരുവില്‍ കടകളടിച്ച് തകര്‍ത്തവരിലെ പ്രധാന പ്രതികളെ ഇനിയും പൂര്‍ണമായും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. 11 പേരുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പൊലീസ് പുറത്തു വിട്ടിരുന്നു. കടകള്‍ക്ക് നേരെ അക്രമണം നടത്തുന്നതായി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായവരാണിവര്‍.

Tags:    

Similar News