മാവോവാദി ഭീഷണി: മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു

മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരുടെ സുരക്ഷയും വര്‍ധിപ്പിച്ചു. മന്ത്രിമാര്‍ മാവോവാദി ഭീഷണി നേരിടുന്ന ജില്ലകള്‍ സന്ദര്‍ശിക്കുമ്പോള്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണു നടപടി.

Update: 2019-11-03 16:28 GMT

തിരുവനന്തപുരം: മാവോവാദി ഭീഷണിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും സുരക്ഷ വര്‍ധിപ്പിച്ചു. ഇപ്പോള്‍ തന്നെ ഇസഡ് കാറ്റഗറിയില്‍ കനത്ത സുരക്ഷാ വലയത്തിലുള്ള മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചതോടെ യാത്രയിലടക്കം ജനങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടുന്ന സാഹചര്യമുണ്ടാകും.

മാവോവാദി ഭീഷണിയുള്ള ജില്ലകളിലെത്തുമ്പോള്‍ സുരക്ഷ കൂടുതല്‍ കര്‍ശനമാക്കും. പൊതുപരിപാടികള്‍, യാത്രകള്‍, സന്ദര്‍ശനങ്ങള്‍ എന്നിവയ്‌ക്കെല്ലാം സുരക്ഷാ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തി. കൂടാതെ സെക്രട്ടറിയേറ്റിലെ ഓഫിസിലേയും ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേയും സുരക്ഷാ ക്രമീകരണങ്ങളും കൂട്ടി.

മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരുടെ സുരക്ഷയും വര്‍ധിപ്പിച്ചു. ഇവരും മാവോവാദി ഭീഷണി നേരിടുന്ന ജില്ലകള്‍ സന്ദര്‍ശിക്കുമ്പോള്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണു നടപടി.

മന്ത്രിമാരായ എ കെ ബാലന്‍, ഡോ.കെ ടി ജലീല്‍ എന്നിവര്‍ക്ക് എല്ലാ ജില്ലകളിലും കനത്ത സുരക്ഷ നല്‍കും. വാളയാര്‍ സംഭവം, മാര്‍ക്ക് ദാനം എന്നിവയടക്കമുള്ളവയിലെ പ്രതിപക്ഷ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് എ കെ ബാലന്റെയും കെ ടി ജലീലിന്റെയും സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.




Tags:    

Similar News