ദൗത്യം പൂര്‍ണ വിജയം; എല്ലാവര്‍ക്കും നന്ദിയെന്ന് കലക്ടറും ഐ ജിയും

ജനങ്ങള്‍ ആശങ്കപ്പെട്ടതുപോലെ ഒന്നും സംഭവിക്കാതെ തന്നെ എല്ലാം സുഗമമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചു.മികച്ച പ്ലാനിംഗിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണ് ഓപറേഷന്‍ ഇത്രയും വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചത്.നാലു ഫ്‌ളാറ്റു സമുച്ചയങ്ങള്‍ക്കും സമീപം താമസിച്ചിരുന്നവരുടെ ജീവനും സ്വത്തിനും യാതൊരു വിധ നാശവും സംഭവിക്കാതെ തന്നെ ദൗത്യം പൂര്‍ത്തിയാക്കാന്‍ സാധിച്ചുവെന്നും ഇരുവരും പറഞ്ഞു

Update: 2020-01-12 11:39 GMT

കൊച്ചി: സുപ്രിം കോടതി വിധി പ്രകാരം മരടിലെ നാലു ഫ്‌ളാറ്റു സമുച്ചയങ്ങളും പൊളിച്ചതായും ദൗത്യം പൂര്‍ണ വിജയമായിരുന്നുവെന്നും ജില്ലാ കലക്ടര്‍ എസ് സുഹാസും കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ ഐ ജി വിജയസാഖറെയും മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.ജനങ്ങള്‍ ആശങ്കപ്പെട്ടതുപോലെ ഒന്നും സംഭവിക്കാതെ തന്നെ എല്ലാം സുഗമമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചു.മികച്ച പ്ലാനിംഗിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണ് ഓപറേഷന്‍ ഇത്രയും വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചത്.നാലു ഫ്‌ളാറ്റു സമുച്ചയങ്ങള്‍ക്കും സമീപം താമസിച്ചിരുന്നവരുടെ ജീവനും സ്വത്തിനും യാതൊരു വിധ നാശവും സംഭവിക്കാതെ തന്നെ ദൗത്യം പൂര്‍ത്തിയാക്കാന്‍ സാധിച്ചുവെന്നും ഇരുവരും പറഞ്ഞു.പൊളിക്കലിന്റെ ചുമതലയുണ്ടായിരുന്ന ഫോര്‍ട് കൊച്ചി സബ്കലക്ടര്‍ സ്‌നഹില്‍ കുമാര്‍,മരട് നഗരസഭ,കൊച്ചി സിറ്റി പോലീസ് അടക്കം എല്ലാവരും മികച്ച പിന്തുണയാണ് ദൗത്യം പൂര്‍ത്തിയാക്കാന്‍ നല്‍കിയതെന്ന് ജില്ലാ കലക്ടര്‍ എച് സുഹാസ് പറഞ്ഞു.

ഗോള്‍ഡന്‍ കായലോരമായിരുന്നു പൊളിക്കാന്‍ ഏറെ ബുദ്ധിമുട്ടിയതെന്നും കലക്ടര്‍ പറഞ്ഞു.മികച്ച ടീം വര്‍ക്കാണ് നടന്നതെന്ന് ഐ ജി വിജയ് സാഖരെ പറഞ്ഞു. ജില്ലാ ഭരണകൂടവും കൊച്ചി സിറ്റി പോലിസും കഴിഞ്ഞ മൂന്നുമാസമായി നടത്തിയ പ്രയത്‌നമാണ് വിജയകരമായി സമാപിച്ചത്.പൊളിക്കലിന് കരാറുടെത്ത കമ്പനികളുമായി സംസാരിച്ചതോടെ നാലു ഫ്‌ളാറ്റു സമുച്ചയങ്ങളും സുരക്ഷിതമായി പൊളിക്കാന്‍ കഴിയുമെന്ന് വ്യക്തമായിരുന്നു.ചീഫ് സെക്രട്ടറി ടോം ജോസിന്റെയും പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി കെ ജോസിന്റെയും നിര്‍ദേശനുസരണാണ് എല്ലാം മുന്നോട്ട് പോയത്.പ്ലാനിംഗുകളും അതു നടപ്പാക്കലിന്റെയും വിവരങ്ങള്‍ എല്ലാ ദിവസവും ജില്ലാ കല്കര്‍ എസ് സുഹാസും സബ്കലക്ടര്‍ സ്‌നേഹില്‍ കുമാര്‍, താന്‍, ഡിസിപി ജി പൂങ്കഴലി എന്നിവര്‍ ചേര്‍ന്ന് വിലയിരുത്തിയിരുന്നു.സ്‌ഫോടക വസ്തുക്കള്‍ കൊണ്ടുവരല്‍ അടക്കം എല്ലാവിവരങ്ങളും കൃത്യമായി ചാര്‍ട് ചെയ്തിരുന്നുവെന്നും ഐ ജി വിജയ് സ സാഖറെ വ്യക്തമാക്കി.

ഗോള്‍ഡന്‍ കായലോരം പൊളിക്കാന്‍ 25 മിനിറ്റ് വൈകിയിരുന്നു അതിനു കാരണം രാവിലെ നടന്ന ജെയിന്‍ കോറല്‍ കോവ് പൊളിച്ചു കഴിഞ്ഞ് കുറച്ചു ഉപകരണങ്ങള്‍ ഗോള്‍ഡന്‍ കായലോരം പൊളിക്കുന്നിടത്തേയ്ക്ക് കൊണ്ടുവരേണ്ടതുണ്ടായിരുന്നു.അതാണ് വൈകിയത്.എല്ലാം ഭംഗിയായി സമാപിച്ചു.സബ്കലക്ടര്‍ സ്‌നേഹില്‍ കുമാറിന്റെയും ഡിസിപി ജി പൂങ്കഴലിയുടെയും പ്രവര്‍ത്തനം മികച്ചതായിരുന്നുവെന്നുവെന്നും അവരെ അഭിനന്ദിക്കുന്നുവെന്നും ഐ ജി വിജയ് സാഖറെ വ്യക്തമാക്കി. ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കിയത് ജനങ്ങള്‍ കണ്ടത് ട്വന്റി ട്വന്റി മല്‍സരം കാണുന്ന ആവേശത്തോടെയായിരുന്നുവെന്നും ഐ ജി വ്യക്തമാക്കി.വന്‍ ജനാവലിയാണ് കാണാന്‍ എത്തിയത്. എല്ലാവരും പോലിസിമായും ജില്ലാ ഭരണകൂടവുമായും നന്നായി സഹകരിച്ചുവെന്നും എല്ലാവര്‍ക്കും നന്ദി രേഖപെടുത്തുന്നതായും കലക്ടര്‍ എസ് സുഹാസ് വ്യക്തമാക്കി. പൊളിക്കല്‍ പൂര്‍ത്തിയായത് സംബന്ധിച്ച് അടുത്ത ദിവസം സര്‍ക്കാരിന്് റിപോര്‍ട് സമര്‍പ്പിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി. 

Tags:    

Similar News