മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍: സമീപവാസികളുടെ ആശങ്ക അറിയിക്കാന്‍ മരട് നഗരസഭ സുപ്രീംകോടതിയെ സമീപിക്കും

ഇന്ന് നടന്ന നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്താണ് യോഗം അവസാനിപ്പിച്ചത്. സമീപവാസികള്‍ ചേര്‍ന്ന് രൂപീകരിച്ച ആക്ഷന്‍ കൗണ്‍സിലും വിഷയം ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെയും സിവില്‍ കോടതിയേയും സമീപിക്കും. അതിനിടയില്‍ പൊളിച്ചുകൊണ്ടിരിക്കുന്ന ആല്‍ഫ സെറീന്‍ ഫ്‌ലാറ്റിനു മുന്‍പില്‍ മരട് നഗരസഭ ചെയര്‍പേഴ്‌സന്റെ നേതൃത്വത്തില്‍ ഭരണ പ്രതിപക്ഷ ഭേദമന്യേ നഗരസഭ കൗണ്‍സിലര്‍മാര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. നഗരസഭയില്‍ നടന്ന കൗണ്‍സില്‍ യോഗത്തില്‍ മരട് നഗരസഭ സെക്രട്ടറിയുടെ അധിക ചുമതലയുള്ള ഫോര്‍ട്ടുകൊച്ചി സബ് കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് പങ്കെടുക്കാതിരുന്നതില്‍ പ്രതിഷേധിച്ചായിരുന്നു കുത്തിയിരുപ്പ് സമരം

Update: 2019-12-18 15:15 GMT

കൊച്ചി: സുപ്രിം കോടതി ഉത്തരവിനെ തുടര്‍ന്ന് മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് സമീപവാസികളുടെ ആശങ്കകളും പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി മരട് നഗരസഭ സുപ്രിം കോടതിയില്‍ ഹരജി നല്‍കും. ഇന്ന് നടന്ന നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്താണ് യോഗം അവസാനിപ്പിച്ചത്. സമീപവാസികള്‍ ചേര്‍ന്ന് രൂപീകരിച്ച ആക്ഷന്‍ കൗണ്‍സിലും വിഷയം ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെയും സിവില്‍ കോടതിയേയും സമീപിക്കും. അതിനിടയില്‍ പൊളിച്ചുകൊണ്ടിരിക്കുന്ന ആല്‍ഫ സെറീന്‍ ഫ്‌ലാറ്റിനു മുന്‍പില്‍ മരട് നഗരസഭ ചെയര്‍പേഴ്‌സന്റെ നേതൃത്വത്തില്‍ ഭരണ പ്രതിപക്ഷ ഭേദമന്യേ നഗരസഭ കൗണ്‍സിലര്‍മാര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

നഗരസഭയില്‍ നടന്ന കൗണ്‍സില്‍ യോഗത്തില്‍ മരട് നഗരസഭ സെക്രട്ടറിയുടെ അധിക ചുമതലയുള്ള ഫോര്‍ട്ടുകൊച്ചി സബ് കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് പങ്കെടുക്കാതിരുന്നതില്‍ പ്രതിഷേധിച്ചായിരുന്നു കുത്തിയിരുപ്പ് സമരം. ഫ്‌ളാറ്റിനു സമീപം താമസിക്കുന്നവരുടെ വീടുകള്‍ക്ക് വിള്ളല്‍ വീഴുന്നതിലും, ഇന്‍ഷുറന്‍സ് പരിരക്ഷയുടെ കാര്യത്തില്‍ വ്യക്തത വരുത്തുന്നതിനുമായിരുന്നു കൗണ്‍സില്‍ യോഗം വിളിച്ചിരുന്നത്. പൊളിക്കല്‍ ജോലികള്‍ക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥനായ സബ് കലക്ടര്‍ യോഗത്തില്‍ പങ്കെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഫ്‌ളാറ്റിനു മുന്‍പില്‍ കൗണ്‍സിലര്‍മാര്‍ കുത്തിയിരുന്നത്. ഇവര്‍ക്ക് പിന്തുണയുമായി പ്രദേശവാസികളും എത്തി. സബ് കലക്ടര്‍ വരാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടില്‍ കൗണ്‍സിലര്‍മാര്‍ ഉറച്ചു നിന്നതോടെ ഫ്‌ളാറ്റുപൊളിക്കല്‍ ജോലികളും നിന്നു.

തുടര്‍ന്ന് ഹൈബി ഈഡന്‍ എംപി, എം സ്വരാജ് എംഎല്‍എ,പ്രഫ കെ വി തോമസ്, മുന്‍മന്ത്രി കെ ബാബു, എന്നിവരും സ്ഥലത്തെത്തി. എംപിയുടെ നിര്‍ദ്ദേശാനുസരണം പിന്നീട് സബ് കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങും സ്ഥലത്തെത്തി. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ വൈകുന്നേരം 5 മണിയോടെയാണ് കുത്തിയിരിപ്പ് സമരം അവസാനിച്ചത്. വിഷയത്തില്‍ ഹൈബി ഈഡന്‍ എംപിയുടെ നേതൃത്വത്തില്‍ 20ന്് ചര്‍ച്ച വെച്ചിട്ടുണ്ട്.രാവിലെ 9ന് ജില്ലാ കലക്ടറുടെ ക്യാംപ് ഓഫീസിലാണ് യോഗം. ജില്ലാ കലക്ടര്‍, സബ് കലക്ടര്‍, എംപി, എംഎല്‍എ, നഗരസഭ ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍മാന്‍, കൗണ്‍സിലര്‍മാര്‍, സമീപവാസികള്‍, പൊളിക്കല്‍ കമ്പനി പ്രതിനിധികള്‍, ഇന്‍ഷുറന്‍സ് കമ്പനി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. അതുവരെ ഫ്‌ളാറ്റ് പൊളിക്കല്‍ നടപടികള്‍ നിര്‍ത്തിവെച്ചു. 

Tags:    

Similar News