മഞ്ചിക്കണ്ടി വെടിവയ്പ്പ്: അജിതയുടെ മൃതദേഹം വിട്ടുനൽകാൻ അപേക്ഷയുമായി ഗ്രോ വാസു

അജിതയുടെ ബന്ധുക്കൾ മൃതദേഹം ഏറ്റെടുക്കാൻ തയാറായിരുന്നെങ്കിലും അവരെ പോലിസ് ഭീഷണിപ്പെടുത്തി അതിൽ നിന്നും വിലക്കുകയായിരുന്നുവെന്ന് മനുഷ്യാവകാശ പ്രവർത്തകർ ആരോപിച്ചു

Update: 2019-11-16 15:20 GMT

തൃശൂർ: മഞ്ചിക്കണ്ടിയിൽ നടന്ന മാവോവാദി വേട്ടയിൽ കൊല്ലപ്പെട്ട അജിതയുടെ മൃതദേഹം വിട്ടുനൽകാൻ അപേക്ഷയുമായി ഗ്രോ വാസു. വീട്ടുകാർ എത്തിച്ചേരാത്ത സാഹചര്യത്തിൽ മൃതദേഹം ഏറ്റെടുത്ത് സംസ്‌കരിക്കാൻ സമ്മതിക്കണമെന്നാണ് തൃശൂർ കലക്ടർക്ക് നൽകിയ അപേക്ഷയിൽ പറയുന്നത്. ഒക്ടോബർ 28നാണ് അട്ടപ്പാടിയിൽ തണ്ടർബോൾട്ട് വെടിവയ്പ്പിൽ അജിത കൊല്ലപ്പെട്ടത്.

കഴിഞ്ഞ ദിവസങ്ങളിൽ തമിഴ് പത്രങ്ങളിൽ കൊല്ലപ്പെട്ട അജിതയുടെ മൃതദേഹം അജ്ഞാത മൃതദേഹമെന്ന രീതിയിൽ സംസ്കരിക്കുമെന്ന പത്ര പരസ്യം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് മൃതദേഹം ഏറ്റെടുത്ത് സംസ്കരിക്കാൻ തയാറായതെന്ന് അപേക്ഷയിൽ പറയുന്നു. മൃതദേഹം വിട്ടുനൽകുന്നില്ലെങ്കിൽ കുറഞ്ഞപക്ഷം അന്ത്യോപചാരം അർപ്പിക്കാൻ സൗകര്യമൊരുക്കണമെന്നും അപേക്ഷയിൽ പറയുന്നു.

അതേസമയം അജിതയുടെ ബന്ധുക്കൾ മൃതദേഹം ഏറ്റെടുക്കാൻ തയാറായിരുന്നെങ്കിലും അവരെ പോലിസ് ഭീഷണിപ്പെടുത്തി അതിൽ നിന്നും വിലക്കുകയായിരുന്നുവെന്ന് മനുഷ്യാവകാശ പ്രവർത്തകർ ആരോപിച്ചു. ദരിദ്ര കുടുംബമാണ് അജിതയുടേത് അതുകൊണ്ട് തന്നെ ഇത്രയും ഭാരിച്ച ചിലവുകൾ വഹിച്ച് ഇവിടെ എത്തിച്ചേരണമെന്ന പോലിസ് വാദം പ്രതിഷേധാർഹമാണെന്നും അഡ്വ പിഎ ഷൈന തേജസ് ന്യൂസിനോട് പ്രതികരിച്ചു. 

Tags:    

Similar News