മാവോവാദി വെടിവയ്പ്: സി പി ഐയെ പരിഹസിച്ച് പി ജയരാജന്‍

നക്‌സലൈറ്റുകള്‍ പലയിടത്തും സിപിഎമ്മിനെയാണ് ലക്ഷ്യംവച്ചത്. പശ്ചിമ ബംഗാളില്‍ മാത്രം 350 സിപിഎം പ്രവര്‍ത്തകരെ കൊലപ്പെടുത്തി.

Update: 2019-11-04 17:53 GMT

കണ്ണൂര്‍: അട്ടപ്പാടിയിലെ മാവോവാദി വേട്ട വ്യാജ ഏറ്റമുട്ടലാണെന്ന് ആവര്‍ത്തിക്കുന്ന സിപിഐ നേതാക്കള്‍ക്കെതിരേ പരിഹാസവും ഒളിയമ്പുമായി സിപിഎം കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി ജയരാജന്‍ രംഗത്ത്. ''കൗതുകകരമായിട്ടുള്ള കാര്യം അയല്‍വക്കത്തെ പൂച്ചകള്‍ മാത്രമല്ല, വീട്ടിലെ പൂച്ചയും അട്ടപ്പാടിയിലെ ഏറ്റുമുട്ടല്‍ നടന്ന വനാന്തര്‍ ഭാഗത്ത് മണം പിടിച്ചുവന്നു. എന്നാല്‍ വീട്ടിലെ പൂച്ചക്ക് കാര്യം പിടികിട്ടിയില്ലെന്ന് തോന്നുന്നു. വ്യാജ ഏറ്റുമുട്ടല്‍ കഥകള്‍ ഉത്തരേന്ത്യയിലാണ് നടക്കുന്നത്. അതാവട്ടെ പോലിസ് കസ്റ്റഡിയിലുള്ള ആളുകളെ അര്‍ധരാത്രിയില്‍ ശേഷം വിജനമായ സ്ഥലത്ത് കൊണ്ടുപോയി വെടിവച്ചുകൊന്ന് ഏറ്റുമുട്ടല്‍ കഥ പ്രചരിപ്പിക്കലാണ്. ഇവിടെ കേരളത്തില്‍ ബംഗാളില്‍ ചെയ്തത് പോലെ എല്‍ഡിഎഫ് ഗവണ്‍മെന്റിനെ ഉന്നംവച്ചാണ് മാവോയിസ്റ്റുകള്‍ എക് 47 തോക്കുകളുമായി വരുന്നത്. ഇത് കൃത്യമായി തിരിച്ചറിയാന്‍ എല്ലാവര്‍ക്കുമാവണം'' എന്നാണ് പി ജയരാജന്റെ പോസ്റ്റില്‍ പറയുന്നത്.

    നക്‌സലൈറ്റുകള്‍ പലയിടത്തും സിപിഎമ്മിനെയാണ് ലക്ഷ്യംവച്ചത്. പശ്ചിമ ബംഗാളില്‍ മാത്രം 350 സിപിഎം പ്രവര്‍ത്തകരെ കൊലപ്പെടുത്തി. ഗിരിവര്‍ഗ്ഗ മേഖലയില്‍ സിപിഎം സ്വാധീനത്തെ തകര്‍ക്കാന്‍ വലതുപക്ഷം നക്‌സലൈറ്റുകള്‍ക്ക് എല്ലാ പ്രോല്‍സാഹനവും നല്‍കി. ഒറീസ, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിരവധി പാര്‍ട്ടി പ്രവര്‍ത്തകരെയും മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ വേണം എല്‍ഡിഎഫ് ഭരിക്കുന്ന കേരളത്തില്‍ വനമേഖലയില്‍ ക്യാംപ് ചെയ്ത് മാവോയിസ്റ്റുകള്‍ നടത്തുന്ന നുഴഞ്ഞുകയറ്റത്തെ കാണേണ്ടതെന്നും പി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു. മാവോവാദി വേട്ടയില്‍ പോലിസിനും ആഭ്യന്തര വകുപ്പിനുമെതിരേ ശക്തമായ നിലപാടുമായി സിപി ഐ രംഗത്തുവരുന്നതിനിടെയാണ് പി ജയരാജന്റെ ഒളിയമ്പെന്നതും ശ്രദ്ധേയമാണ്.





Tags:    

Similar News