'സനാതനികള്‍ പലരെയും കൊന്ന് കുഴിച്ച് മൂടിയിട്ടുണ്ട്; ഉദയനിധി പറഞ്ഞതില്‍ എന്താണ് തെറ്റ്?'; പിന്തുണയുമായി പി ജയരാജന്‍

യഥാര്‍ത്ഥ ധാര്‍മിക മൂല്യങ്ങളില്‍ നിന്ന് വ്യതിചലിച്ച് മനുഷ്യരില്‍ മഹാഭൂരിപക്ഷംപേരെ ആട്ടിയകറ്റുന്ന ആശയത്തെ എതിര്‍ത്ത് പറഞ്ഞതില്‍ എന്താണ് തെറ്റ്?.

Update: 2023-09-06 07:36 GMT

കണ്ണൂര്‍: തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയ്‌നിധി സ്റ്റാലിന്റെ സനാതന്‍ ധര്‍മ പരാമര്‍ശം കേരള രാഷ്ട്രീയത്തിലും ചര്‍ച്ചയാവുന്നു. ഉദയ്‌നിധി സ്റ്റാലിനെ പിന്തുണച്ചും സനാതന്‍ ധര്‍മത്തെ അനുകൂലിക്കുന്ന സംഘപരിവാരത്തെയും ചില കോണ്‍ഗ്രസ് നേതാക്കളെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം പി ജയരാജന്‍ രംഗത്തെത്തി. ഇന്ത്യയുടെ ചരിത്രത്തില്‍ സനാതനികള്‍ സാമൂഹിക പുരോഗതിക്ക് വിലങ്ങുതടിയായാണ് പ്രവര്‍ത്തിച്ചതെന്നും ജനങ്ങളില്‍ മഹാ ഭൂരിപക്ഷത്തെയും ജാതി വിലക്കുകളിലൂടെ അകറ്റി നിര്‍ത്തിയ സവര്‍ണധിപത്യ സംസ്‌കാരത്തെയാണ് ആര്‍എസ്എസും പ്രതിനിധാനം ചെയ്യുന്നെന്നും പി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു. അതിനാല്‍ ബിജെപി നേതാക്കളുടെ പ്രതിഷേധത്തില്‍ യാതൊരു അതിശയവുമില്ല. പലരെയും സനാതനികള്‍ കൊന്ന് കുഴിച്ച് മൂടിയിട്ടുണ്ട്. അയിത്തോച്ചാടന പ്രക്ഷോഭം നയിച്ച മഹാത്മാ ഗാന്ധിയെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ സനാതനികള്‍ നടത്തിയ ശ്രമത്തില്‍ നിന്നും അല്‍ഭുതകരമായാണ് അദേഹം രക്ഷപ്പെട്ടതെന്നും പി ജയരാജന്‍ ഫേസ്ബുക്ക് കുറിപ്പില്‍ വിശദീകരിക്കുന്നുണ്ട്.

പി ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ജാതിയുടെയും മതത്തിന്റെയും പേരില്‍ അസമത്വവും അനീതിയും വളര്‍ത്തുന്ന സനാതന ധര്‍മം സാമൂഹിക നീതിയെന്ന ആശയത്തിന് വിരുദ്ധമാണെന്നും ഇതിനെ കൊതുകിനെയും ഡെങ്കിപ്പനിയെയും കൊവിഡിനെയും പോലെ ഉന്മൂലനം ചെയ്യണമെന്നും തമിഴ്‌നാട് പ്രോഗ്രസീവ് റൈറ്റേഴ്‌സ് ഫോറത്തിന്റെ സമ്മേളനത്തില്‍ ഉദയനിധി സ്റ്റാലിന്‍ പ്രസംഗിച്ചതിനെ തുടര്‍ന്ന് ബിജെപി നേതാക്കള്‍ക്ക് ഹാലിളക്കം തുടങ്ങിയിരിക്കുന്നു. ഉദയനിധി പറഞ്ഞത് ഹൈന്ദവ ധര്‍മത്തിന് നിരക്കുന്ന കാര്യമല്ലെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍. ഏറ്റവുമൊടുവില്‍ ഉദയനിധിയുടെ തലയെടുക്കുമെന്ന അയോധ്യയിലെ സനാതന ധര്‍മ്മ സന്ന്യാസി ഭീഷണി മുഴക്കിയിരിക്കുന്നു. ഇന്ത്യയുടെ ചരിത്രത്തില്‍ സനാതനികള്‍ സാമൂഹിക പുരോഗതിക്ക് വിലങ്ങുതടിയായാണ് പ്രവര്‍ത്തിച്ചത്. ജനങ്ങളില്‍ മഹാ ഭൂരിപക്ഷത്തെയും ജാതി വിലക്കുകളിലൂടെ അകറ്റി നിര്‍ത്തിയ സവര്‍ണധിപത്യ സംസ്‌കാരത്തെയാണ് ആര്‍എസ്എസും പ്രതിനിധാനം ചെയ്യുന്നത്. അതിനാല്‍ ബിജെപി നേതാക്കളുടെ പ്രതിഷേധത്തില്‍ യാതൊരു അതിശയവുമില്ല.

    1923ലെ കാക്കിനാഡ കോണ്‍ഗ്രസ് സമ്മേളനത്തില്‍ വച്ച് ആയിത്തോച്ചടന പ്രമേയം അംഗീകരിച്ചതിനെ തുടര്‍ന്ന് രാജ്യത്ത് ഉടനീളം വഴി നടക്കാനുള്ള സ്വാതന്ത്ര്യത്തിനും അയിത്തജാതിക്കാര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം ലഭിക്കുവാനും സര്‍വോപരി മനുഷ്യര്‍ എന്നനിലയിലുള്ള തുല്യപരിഗണിക്ക് വേണ്ടിയും നിരവധി സമരങ്ങള്‍ നടന്ന നാടാണ് ഇത്. മിശ്രഭോജനം, ഹരിജന്‍ കുട്ടികള്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസം എന്നിവയ്‌ക്കെല്ലാം വേണ്ടി സനാതനികളുടെ എതിര്‍പ്പിനെ മറികടന്ന് ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടക്കുകയുണ്ടായി. ഇവിടെയാണ് സനതനികളെ തോല്‍പ്പിച്ച് കൊണ്ട് മഹാ ഭൂരിപക്ഷം വരുന്ന ജനങ്ങള്‍ക്ക് സാമൂഹിക സമത്വത്തിലേക്ക് മുന്നേറിയത്. സനാതനികള്‍ സ്വീകരിച്ച വഴി കായികാക്രമണങ്ങളുടെത് കൂടിയാണ്. പലരെയും സനാതനികള്‍ കൊന്ന് കുഴിച്ച് മൂടിയിട്ടുണ്ട്. അയിത്തോച്ചാടന പ്രക്ഷോഭം നയിച്ച മഹാത്മാ ഗാന്ധിയെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ സനാതനികള്‍ നടത്തിയ ശ്രമത്തില്‍ നിന്നും അല്‍ഭുതകരമായാണ് അദേഹം രക്ഷപ്പെട്ടത്. മഹാരാഷ്ട്രയിലെ പൂനെയില്‍, മുനിസിപ്പാലിറ്റിയുടെ മംഗളപത്രം സ്വീകരിക്കാനെത്തിയ ഗാന്ധിജിയെ അയിത്തോച്ചാടന പ്രക്ഷോഭത്തില്‍ പ്രകോപിതരായ സനാതനധര്‍മ വാദികളാണ് ബോംബെറിഞ്ഞത്. ഈ സംഭവത്തെ കുറിച്ച് 'മാതൃഭൂമി' പത്രം വാര്‍ത്ത നല്‍കിയത് ഇങ്ങനെയാണ് 'മഹാത്മജിയുടെ കാറില്‍ ബോംബ് എറിഞ്ഞു' [1934 ജൂണ്‍ 27 മാതൃഭൂമി, പേജ് 5]. അക്രമത്തെ കുറിച്ച് ഗാന്ധിജി നടത്തിയ പ്രസ്താവന ഇങ്ങനെ 'ഇന്ന് വൈകുന്നേരം നടത്തിയമാതിരി ബുദ്ധി ശൂന്യമായ കൃത്യങ്ങളെ ബുദ്ധിയുള്ള ഒരൊറ്റ സനാതനിയെങ്കിലും പ്രോല്‍സാഹിപ്പിക്കുമെന്ന് എനിക്ക് വിശ്വസിക്കാന്‍ സാധിക്കുന്നില്ല. എങ്കിലും സനാതനി സുഹൃത്തുക്കള്‍ തങ്ങളുടെ പ്രസംഗങ്ങളിലും ലേഖനങ്ങളിലും ഉപയോഗിക്കുന്ന ഭാഷ കുറേ ശാന്തമാക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ട് കൊള്ളുന്നു.

    സനാതന ധര്‍മവാദികള്‍ അഹിംസയുടെ വക്താക്കളാണെന്ന വാദം ഉന്നയിക്കുമ്പോള്‍ ഗാന്ധി വധശ്രമം മാത്രമല്ല കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടത്തിയ ഗുരുവായൂര്‍ ക്ഷേത്ര സത്യാഗ്രഹ സമരത്തിന്റെ അവസരത്തില്‍ സമരസേനാനി സ. പി കൃഷ്ണപ്പിള്ളയെ ആക്രമിച്ചതും ചരിത്രത്തിന്റെ ഭാഗമാണ്. എന്നാല്‍ സനാതനധര്‍മ്മം ഉള്‍ക്കൊള്ളേണ്ട മൂല്യത്തെക്കുറിച്ച് വാഗ്ഭടാനന്ദ ഗുരുദേവന്‍ കൃത്യമായി പറഞ്ഞുവച്ചിട്ടുണ്ട്. 'കാലം, ദേശം, വര്‍ഗീയ വ്യത്യാസം എന്നിവയാല്‍ തടയപ്പെടാതെ എന്നും എവിടെയും ആര്‍ക്കും അനുഷ്ഠയങ്ങളാണ് സനാതനധര്‍മങ്ങള്‍. അവ ഏതാനും ചില വര്‍ഗക്കാരുടെയോ രാജ്യക്കാരുടെയോ പൈതൃക സ്വത്തുക്കളല്ല, മനുഷ്യസമുദായത്തിന്ന് പൊതുവില്‍ അവകാശപ്പെട്ടവയാകുന്നു. അവയില്‍ ഉള്‍പ്പെടുന്ന സത്യം, സമത്വം, സഹോദരത്വം മുതലായ ധര്‍മങ്ങളെ പ്രായോഗികങ്ങളാക്കിത്തിക്കുമ്പോഴത്രെ, ശാന്തിസന്തോഷ സ്വാതന്ത്ര്യാദികള്‍ ഇവിടെ യഥായഥം വിളയാടുക. സനാതനധര്‍മങ്ങളുടെ നാമത്തിലെങ്കിലും ബഹുമാനമുള്ളവരുണ്ടെങ്കില്‍ അവര്‍ ജാതിമതഭേദങ്ങളെ മറന്നു സകലരേയും സഹോദരബുദ്ധ്യാ വീക്ഷിക്കുകയും അടുപ്പിക്കുകയും ആദരിക്കുകയും ചെയ്യും. ആട്ടുവാനും അകറ്റുവാനും ശ്രമിക്കുന്നവര്‍ സനാതനധര്‍മങ്ങളുടെ ഭയങ്കര വൈരികളാവുന്നു.'(വാഗ്ഭടാനന്ദന്റെ സമ്പൂര്‍ണ കൃതികള്‍, പേജ് 828). ഇന്ത്യയിലെ (ഭാരതം) മത ന്യുനപക്ഷങ്ങളെയും ദലിതരെയും മറ്റ് പിന്നാക്ക വിഭാഗങ്ങളെയും തുല്യതയുള്ള പൗരന്മാരെ പോലെ കണക്കാക്കാതെ അക്രമത്തിന്റെ ശൈലിയെ പ്രോല്‍സാഹിപ്പിക്കുന്നവരാണ് ഉദയനിധി സ്റ്റാലിനെയും ഭീഷണിപ്പെടുത്തുന്നത്. രാജ്യത്തിന്റെയും കോണ്‍ഗ്രസ്സിന്റെയും ചരിത്രം പോലും വിസ്മരിച്ചുകൊണ്ട് ചില കോണ്‍ഗ്രസ്സ് നേതാക്കന്മാരുടെ പ്രസ്താവനകളാണ് അതിശയകരം. യഥാര്‍ത്ഥ ധാര്‍മിക മൂല്യങ്ങളില്‍ നിന്ന് വ്യതിചലിച്ച് മനുഷ്യരില്‍ മഹാഭൂരിപക്ഷംപേരെ ആട്ടിയകറ്റുന്ന ആശയത്തെ എതിര്‍ത്ത് പറഞ്ഞതില്‍ എന്താണ് തെറ്റ്?.



Full View



Tags:    

Similar News