മന്നാനിയ്യാ കോളജ് സംഘർഷം: 12 പോപുലർഫ്രണ്ട് പ്രവർത്തകരെ കോടതി വെറുതെവിട്ടു

കാലാകാലങ്ങളായി എസ്എഫ്ഐ കൈവശം വച്ചിരുന്ന കോളജ് യൂനിയൻ കാംപസ് ഫ്രണ്ട് പിടിച്ചെടുത്തതായിരുന്നു പ്രകോപനത്തിന് കാരണം.

Update: 2019-12-10 11:41 GMT

തിരുവനന്തപുരം: പാങ്ങോട് മന്നാനിയ്യാ കോളജിൽ 2007ൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് പ്രതി ചേർക്കപ്പെട്ട പോപുലർ ഫ്രണ്ട് പ്രവർത്തകരെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെവിട്ടു. നെടുമങ്ങാട് അഡീ.സെഷൻസ് കോടതിയാണ് 12 പോപുലർ ഫ്രണ്ട് പ്രവർത്തകരെ കുറ്റവിമുക്തരാക്കിയത്. യഹിയ, സിദ്ധീഖ്, ഷംനാദ്, ഫത്തഹുദ്ദീൻ, അബ്ദുൽ ഹക്കീം, സലീം, അൻസാരി, ബുഹാരി, ഹസിൻ, റിയാസ്, സിദ്ധീഖ്, നിസാം എന്നിവരാണ് ഇവർ.

ആകെ 26 പേരാണ് പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നത്. ഇവരിൽ 14 പേർ വിചാരണ വേളയിൽ ഹാജരായിരുന്നില്ല. ഇവർ ഇനി തുടർവിചാരണ നേരിടണം. അഭിഭാഷകരായ ഷാജുദീൻ, വിനോദ് എന്നിവരാണ് കോടതിയിൽ ഹാജരായത്. കോളജിൽ എസ്എഫ്ഐ- സിപിഎം പ്രവർത്തകർ കാംപസ് ഫ്രണ്ട് പ്രവർത്തകർക്കെതിരെ നടത്തിയ ആക്രമണമാണ് കേസിന് ആധാരം. സംഘർഷത്തിൽ 16 പേർക്ക് പരിക്കേറ്റുവെന്നാണ് കേസ്. ഈ സംഭവത്തിലാണ് നിരപരാധികളായ പോപുലർ ഫ്രണ്ട് പ്രവർത്തകരെ പ്രതിചേർത്തത്.

കാലാകാലങ്ങളായി എസ്എഫ്ഐ കൈവശം വച്ചിരുന്ന കോളജ് യൂനിയൻ കാംപസ് ഫ്രണ്ട് പിടിച്ചെടുത്തതായിരുന്നു പ്രകോപനത്തിന് കാരണം. തുടർന്ന് എസ്എഫ്ഐ കൊടിമരം സ്ഥാപിക്കാനെന്ന പേരിൽ മാരകായുധങ്ങളും കമ്പുകളുമായി സംഘടിച്ചെത്തിയ സിപിഎം പ്രവർത്തകർ ഉൾപ്പെടെ കാംപസിൽ അതിക്രമിച്ച് കയറി കാംപസ് ഫ്രണ്ട് പ്രവർത്തകരെ തിരഞ്ഞ് പിടിച്ച് മർദ്ദിക്കുകയായിരുന്നു. നിരവധി പെൺകുട്ടികൾക്കും അധ്യാപകർക്കും മർദ്ദനമേറ്റിരുന്നു.

Tags:    

Similar News