പ്രണയിച്ചതിന് യുവാവിന്റെ കൈയും കാലും തല്ലിയൊടിച്ചു; തലകീഴായി കെട്ടിത്തൂക്കി, മൂത്രം കുടിപ്പിച്ചു

ഗുരുതരമായി പരിക്കേറ്റ പാതായ്ക്കര ചുണ്ടപ്പറ്റ നാഷിദ് അലി (20) യെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രണയത്തില്‍നിന്ന് പിന്‍മാറണമെന്നാവശ്യപ്പെട്ടാണ് പെണ്‍കുട്ടികളുടെ ബന്ധുക്കളായ വലമ്പൂരിലെ ആറംഗസംഘം നാഷിദിനെ തല്ലിച്ചതച്ചത്.

Update: 2019-06-02 14:35 GMT

പെരിന്തല്‍മണ്ണ: പ്രണയിച്ചതിന്റെ പേരില്‍ മലപ്പുറം പെരിന്തല്‍മണ്ണയില്‍ യുവാവിന് പെണ്‍കുട്ടിയുടെ ബന്ധുക്കളില്‍നിന്ന് ക്രൂരമര്‍ദനമേറ്റെന്ന് പരാതി. ഗുരുതരമായി പരിക്കേറ്റ പാതായ്ക്കര ചുണ്ടപ്പറ്റ നാഷിദ് അലി (20) യെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രണയത്തില്‍നിന്ന് പിന്‍മാറണമെന്നാവശ്യപ്പെട്ടാണ് പെണ്‍കുട്ടികളുടെ ബന്ധുക്കളായ വലമ്പൂരിലെ ആറംഗസംഘം നാഷിദിനെ തല്ലിച്ചതച്ചത്.

കൈകാലുകള്‍ ഇരുമ്പുവടികൊണ്ട് അടിച്ചൊടിച്ച അക്രമികള്‍ യുവാവിന്റെ ദേഹമാസകലം കത്തികൊണ്ട് മുറിവേല്‍പ്പിക്കുകയും കാലില്‍ പൊള്ളലേല്‍പ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാവിലെ ആറുമണിയോടെയാണ് നാഷിദ് അലിയെ വീട്ടില്‍നിന്നും ഫോണ്‍ചെയ്ത് വിളിച്ചിറക്കിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചത്. നാഷിദിനെ കാറില്‍ റെയില്‍വേ ട്രാക്കില്‍ കൊണ്ടുപോയി ഇരുമ്പുവടികൊണ്ട് അടിക്കുകയും തുടര്‍ന്ന് ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് തലകീഴായി കെട്ടിത്തൂക്കി കൈയിലും കാലിലും കത്തികൊണ്ട് വരഞ്ഞ് മുറിവുണ്ടാക്കുകയും ചെയ്തു. കണ്ണില്‍ നീറുന്ന ദ്രാവകം ഒഴിച്ചു. ഒരു മലയുടെ മുകളില്‍കൊണ്ടുപോയും മര്‍ദനത്തിനിരയാക്കി.

അക്രമികള്‍ ബലം പ്രയോഗിച്ച് മൂത്രവും കുടിപ്പിച്ചതായും യുവാവ് പോലിസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയുടെ ബന്ധുവും സുഹൃത്തുക്കളുമാണ് മര്‍ദനത്തിന് പിന്നിലെന്നും മര്‍ദനത്തിനുശേഷം ഇവര്‍ തന്നെയാണ് തന്റെ വീട്ടുകാരെ വിവരമറിയിച്ചതെന്നും നാഷിദ് പറയുന്നു. ചികില്‍സയിലുള്ള നാഷിദിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. സംഭവത്തില്‍ പെരിന്തല്‍മണ്ണ പോലിസ് കേസെടുത്തു. നാഷിദിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലിസ് ആറംഗസംഘത്തിനായി അന്വേഷണം ഊര്‍ജിതമാക്കി. 

Tags: