മലയാളികള്‍ എത്തിത്തുടങ്ങി; അതിര്‍ത്തികളില്‍ ആശയക്കുഴപ്പം

കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ട ആവശ്യമില്ലെന്ന് ബിശ്വനാഥ് സിന്‍ഹ.

Update: 2020-05-04 08:00 GMT

തിരുവനന്തപുരം: കൊറോണ ലോക്ക്ഡൗണ്‍ മൂലം മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ കേരളത്തില്‍ തിരിച്ചെത്തിച്ച് തുടങ്ങി. തിരുവനന്തപുരത്തെ ഇഞ്ചിവിള, കൊല്ലം ആര്യങ്കാവ്, ഇടുക്കി കുമളി, പാലക്കാട് വാളയാര്‍, വയനാട് മുത്തങ്ങ, കാസര്‍കോട് മഞ്ചേശ്വരം എന്നി അതിര്‍ത്തികളിലൂടെയാണ് മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങി പോയവര്‍ സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നത്. ഇതിനായി ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ ഉള്‍പ്പെടെ സജ്ജമാക്കിയിട്ടുണ്ട്. കേരളത്തിലേക്ക് വരാന്‍ നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തവരാണ് നാട്ടിലെത്തുന്നത്. ആദ്യ ഘട്ടത്തില്‍ 30,000 പേര്‍ക്ക് അനുമതി നല്‍കുകയുള്ളൂവെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. ഒരു ദിവസം 12,600 പേരെ അനുവദിക്കും. പാസ് കിട്ടാത്തവര്‍ കൊവിഡ് വാര്‍ റൂമില്‍ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വാഹനങ്ങള്‍ക്ക് ഇലക്ട്രോണിക്ക് പാസ് നല്‍കിയിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്തവര്‍ എന്‍ഒസി എടുക്കണം. എന്‍ഒസി താമസിക്കുന്ന സ്ഥലത്തുള്ള ജില്ലാ കലക്ടറുടെ കൈയില്‍ നിന്ന് വാങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1,50,054 പേരാണ് ഇതിനോടകം നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൊവിഡ് രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവരെയാണ് നാട്ടിലേക്ക് തിരിച്ചെത്തിക്കുക.

അതിനിടെ, അതിര്‍ത്തിയില്‍ മലയാളികളെ കടത്തി വിടുന്നതില്‍ ആശയകുഴപ്പമുണ്ടായി. കളിയിക്കാവിളയിലും കുമളിയിലുമാണ് ആശയകുഴപ്പം ഉണ്ടായത്. നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തവരെ നാളെ മുതല്‍ മാത്രമേ കടത്തിവിടു എന്ന് ജില്ലാ ഭരണകൂടം നിലപാടെടുത്തതാണ് ആശയകുഴപ്പം സൃഷ്ടിച്ചത്. അതുവരെ തല്‍സ്ഥിതി തുടരുമെന്നായിരുന്നു. എന്നാല്‍ കുമളിയില്‍ ആശയകുഴപ്പം പരിഹരിക്കാന്‍ തേനി സബ് കലക്ടര്‍ ഇടപെട്ട് ഉത്തരവ് തിരുത്തി. തൃശ്ശൂര്‍ കലക്ടറുടെ അനുമതി പത്രവുമായി വന്ന രണ്ട് പേരെ കടത്തിവിടാതിരുന്നത് അനുമതി പത്രത്തിലെ വാഹനത്തിന്റെ നമ്പറും അവര്‍ വന്ന വാഹനത്തിന്റെ നമ്പറും രണ്ടായതിനാലാണെന്ന് വ്യക്തമാക്കി. ഇവരെ നിരീക്ഷണത്തിലേക്ക് മാറ്റി. പ്രധാന അതിര്‍ത്തികളിലെല്ലാം തിരികെ വരുന്നവരുടെ നീണ്ടനിരയുണ്ട്. ഇവര്‍ക്ക് വൈദ്യ പരിശോധന നടത്താന്‍ ആറ് അതിര്‍ത്തിയിലും ഹെല്‍പ് ഡസ്‌കുകള്‍ സജ്ജീകരിച്ചിരുന്നു. ഇവിടെ പരിശോധന നടത്തി രോഗലക്ഷണം ഉള്ളവരെ നിരീക്ഷണത്തിലാക്കാനാണ് തീരുമാനം. ആരോഗ്യവകുപ്പ്, റവന്യു വകുപ്പ്, മോട്ടോര്‍ വെഹിക്കള്‍ ഉദ്യോഗസ്ഥരും പോലിസും സ്ഥലത്തുണ്ട്. അതിര്‍ത്തിയില്‍ എത്തുന്നവര്‍ക്ക് മോട്ടോര്‍ വെഹിക്കള്‍ ഉദ്യോഗസ്ഥരാണ് ടോക്കണ്‍ നല്‍കുന്നത്.

അതേസമയം, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ട ആവശ്യമില്ലെന്ന് അന്തര്‍സംസ്ഥാന യാത്രകളുടെ ഏകോപന ചുമതലയുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ അറിയിച്ചു. ഇത്തരമൊരു സര്‍ട്ടിഫിക്കറ്റ് വേണമെന്ന് കേരളം ഒരിടത്തും ആവശ്യപ്പെട്ടിട്ടില്ല. മറ്റു രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്കാണ് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.  

Tags: