പ്രവര്‍ത്തകരുടെ പങ്കാളിത്തമില്ല; യോഗിയെ കാത്തിരുന്നത് ഒഴിഞ്ഞ കസേരകള്‍

ശബരിമലയിലും അയോധ്യയിലും ഹിന്ദുക്കളെ അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ശബരിമല വിഷയത്തിലെ കോടതിവിധി വിശ്വാസത്തിന് എതിരാണ്. അയോധ്യ വിഷയത്തില്‍ കാലങ്ങളായി തുടരുന്നത് പോലെയുള്ള സമരമാണ് ശബരിമലയിലും വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

Update: 2019-02-14 14:02 GMT

പത്തനംതിട്ട: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ രംഗത്തിറക്കി പത്തനംതിട്ട മണ്ഡലത്തില്‍ നേട്ടം കൊയ്യാനിറങ്ങിയ ബിജെപിക്ക് തുടക്കത്തിലെ തിരിച്ചടി. ശബരിമല വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് യോഗിയെ രംഗത്തുകൊണ്ടുവന്നത്. എന്നാല്‍, ശബരിമലയും പന്തളവും ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ജനപങ്കാളിത്തം കുറഞ്ഞത് ബിജെപിക്ക് തിരിച്ചടിയായിട്ടുണ്ട്. ഫെബ്രുവരി 12 മുതല്‍ മാര്‍ച്ച് രണ്ടുവരെ സംഘടിപ്പിക്കുന്ന ആദ്യഘട്ട പ്രചാരണത്തിന്റെ ഭാഗമായാണ് ദേശീയ നേതാക്കള്‍ കേരളത്തിലെത്തുന്നത്. ഇതിന്റെ ഭാഗമായി ഇന്ന് പത്തനംതിട്ടയിലെത്തിയ യോഗി ആദിത്യനാഥ് തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം, പത്തനംതിട്ട ലോക്‌സഭ മണ്ഡലങ്ങളിലെ ശക്തികേന്ദ്ര ഇന്‍ ചാര്‍ജുമാരുടെ യോഗത്തിലാണ് പങ്കെടുത്തത്. ഇതിനായി പത്തനംതിട്ട മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ വലിയ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്.

ദേശീയ തലത്തിലെ തീപ്പൊരി നേതാവായതിനാല്‍ വന്‍ജനപങ്കാളിത്തം ഉണ്ടാവുമെന്നായിരുന്നു ബിജെപി സംസ്ഥാന നേതൃത്വം കരുതിയിരുന്നത്. ഇതിനായി ലക്ഷങ്ങള്‍ മുടക്കി പ്രചാരണവും കൊഴുപ്പിച്ചിരുന്നു. സമ്മേളനനഗരിയില്‍ ആയിരങ്ങളെ പ്രതീക്ഷിച്ച് ഇരിപ്പിടവും ഒരുക്കി. എന്നാല്‍ സമ്മേളന നഗരിയില്‍ യോഗിയെ കേള്‍ക്കാന്‍ പ്രവര്‍ത്തകരേക്കാള്‍ കൂടുതല്‍ ഒഴിഞ്ഞ കസേരകളായിരുന്നുവെന്നതാണ് വസ്തുത. പ്രവര്‍ത്തകര്‍ എത്താതിരുന്നതിനാല്‍ നൂറുകണക്കിന് കസേരകളാണ് ഒഴിഞ്ഞുകിടന്നത്. സദസ്സിന്റെ മുന്‍നിരയില്‍ മാത്രമാണ് പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നത്. യോഗത്തില്‍ കസേരകള്‍ ഒഴിഞ്ഞു കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

ശബരിമലയിലും അയോധ്യയിലും ഹിന്ദുക്കളെ അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ശബരിമല വിഷയത്തിലെ കോടതിവിധി വിശ്വാസത്തിന് എതിരാണ്. അയോധ്യ വിഷയത്തില്‍ കാലങ്ങളായി തുടരുന്നത് പോലെയുള്ള സമരമാണ് ശബരിമലയിലും വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. പ്രചാരണത്തിന്റെ ഭാഗമായി 22ന് പാലക്കാട് ജില്ലയിലെത്തുന്ന ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആലത്തൂര്‍, മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലെ യോഗങ്ങളിലും പങ്കെടുക്കും. ഇതുകൂടാതെ, പ്രധാനമന്ത്രി നരേന്ദ്രമോദി ബൂത്ത്തല പ്രവര്‍ത്തകരുമായി വീഡിയോ കോണ്‍ഫറന്‍സിങിലൂടെ സംവദിക്കും. 26ന് മഹിളാ മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ കമല്‍ജ്യോതി പ്രതിജ്ഞ സംഘടിപ്പിച്ചിട്ടുണ്ട്. അന്നുതന്നെയാണ് മോദിയുടെ വീഡിയോ കോണ്‍ഫറന്‍സ് വഴിയുളള സംവാദം. മാര്‍ച്ച് രണ്ടിന് പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന ബൈക്ക് റാലി ജില്ലാ തലങ്ങളില്‍ സംഘടിപ്പിക്കും. 

Tags:    

Similar News