ലോക്‌സഭാ തിരഞ്ഞെടുപ്പ്: മുല്ലപ്പള്ളിയുടെ ജനമഹായാത്രയ്ക്ക് ഇന്ന് തുടക്കം

14 ജില്ലകളിലായി 26 ദിവസം നീളുന്ന പര്യടനം ഫെബ്രുവരി 28നാണ് സമാപിക്കുക

Update: 2019-02-03 02:22 GMT

കാസര്‍കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്രയ്ക്ക് ഇന്ന് കാസര്‍കോട് തുടക്കം കുറിക്കും. വരുന്ന തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി സര്‍ക്കാരിനെ തോല്‍പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് റാലി നടത്തുന്നത്. എം എം ഹസനു ശേഷം മുല്ലപ്പള്ളി രാമചന്ദ്രന്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റതിനു മാസങ്ങള്‍ക്കു ശേഷം നടത്തുന്ന ആദ്യ യാത്രയാണിത്. കാസര്‍കോട് നായന്മാര്‍മൂലയില്‍ ഇന്ന് വൈകീട്ട് മൂന്നിനു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗവും മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ എ കെ ആന്റണി യാത്ര ഉദ്ഘാടനം ചെയ്യും. യുഡിഎഫില്‍ സീറ്റ് വിഭജന ചര്‍ച്ചകളും കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയവും തുടങ്ങിയിരിക്കെയാണ് യാത്രയെന്നതും ശ്രദ്ധേയമാണ്. യാത്ര തിരുവനന്തപുരത്ത് സമാപിക്കുന്നതിനു മുമ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കി പ്രചാരണത്തിലേക്ക് കടക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. യാത്രയില്‍ വിവിധ കേന്ദ്രങ്ങളില്‍ ദേശീയ നേതാക്കളെ പങ്കെടുപ്പിച്ച് പൊതു സമ്മേളനങ്ങളും നടത്തുന്നുണ്ട്. 14 ജില്ലകളിലായി 26 ദിവസം നീളുന്ന പര്യടനം ഫെബ്രുവരി 28നാണ് സമാപിക്കുക.




Tags:    

Similar News