ലോക്ക് ഡൗണ്‍: 602 യാത്രക്കാരുമായി ഡല്‍ഹിയില്‍നിന്നുള്ള ട്രെയിന്‍ നാളെ തിരുവനന്തപുരത്തെത്തും

തമിഴ്‌നാട്ടിലേക്ക് പോവേണ്ടവര്‍ക്ക് അഞ്ച് ബസ്സുകള്‍ ഏര്‍പ്പെടുത്തിയതായി കന്യാകുമാരി കലക്ടര്‍ തിരുവനന്തപുരം ജില്ലാ കലക്ടറെ അറിയിച്ചു.

Update: 2020-05-14 14:41 GMT

തിരുവനനന്തപുരം: ലോക്ക് ഡൗണ്‍ ആരംഭിച്ചശേഷം ഡല്‍ഹിയില്‍നിന്ന് 602 യാത്രക്കാരുമായി പുറപ്പെട്ട ആദ്യ പാസഞ്ചര്‍ ട്രെയിന്‍ നാളെ തിരുവനന്തപുരത്തെത്തും. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ രാവിലെ 5.25ന് ട്രെയിന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് തിരുവനനന്തപുരം ജില്ലാ ഭരണകൂടം അറിയിച്ചു. ബുധനാഴ്ച രാവിലെ 11.25 നാണ് ട്രെയിന്‍ ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍നിന്ന് പുറപ്പെട്ടത്. തിരുവനന്തപുരത്തിന് പുറമേ കോഴിക്കോട്ടും, എറണാകുളത്തും മാത്രമാണ് ട്രെയിനിന് കേരളത്തില്‍ സ്റ്റോപ്പുള്ളത്.

ചികില്‍സയ്ക്കായി വന്ന് ലോക്ക് ഡൗണ്‍ മൂലം ഡല്‍ഹിയില്‍ കുടുങ്ങിപ്പോയവരും ഗര്‍ഭിണികളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേരാണ് യാത്രയ്ക്കായെത്തിയത്. കര്‍ശനനിയന്ത്രണങ്ങള്‍ പാലിച്ചാണ് ട്രെയിനില്‍ യാത്രക്കാരെ കയറ്റിയത്. റെയില്‍വേ സ്റ്റേഷന് അരകിലോമീറ്റര്‍ അകലത്ത് വച്ച് യാത്രക്കാരെത്തിയ വാഹനങ്ങള്‍ തടഞ്ഞു. കൈയില്‍ മാസ്‌കും സാനിറ്റൈസറുമുള്ള യാത്രക്കാരെ മാത്രമാണ് സ്റ്റേഷനകത്തേക്ക് കയറാന്‍ അനുവദിച്ചത്. വെള്ളിയാഴ്ച രാത്രി 7.45 ന് ഇതേ ട്രെയിന്‍ തിരുവനന്തപുരത്തുനിന്ന് ഡല്‍ഹിയിലേക്ക് തിരിക്കും. ആഴ്ചയില്‍ മൂന്നുദിവസമാണ് ഡല്‍ഹി- കേരള സര്‍വീസ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്.

തിരുവനന്തപുരത്ത് ഇറങ്ങുന്ന യാത്രക്കാരുടെ ജില്ല/ സംസ്ഥാനം തിരിച്ചുള്ള വിവരം

തിരുവനന്തപുരം - 150

കൊല്ലം- 84

പത്തനംതിട്ട - 89

ആലപ്പുഴ- 37

കോട്ടയം - 34

തമിഴ്‌നാട് - 61

പോവേണ്ട സ്ഥലം അറിയിക്കാത്തവര്‍ - 147

മറ്റ് ജില്ലകളിലേക്ക് പോവേണ്ടവര്‍ക്ക് 25 കെഎസ്ആര്‍ടിസി ബസ്സുകള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. തമിഴ്‌നാട്ടിലേക്ക് പോവേണ്ടവര്‍ക്ക് അഞ്ച് ബസ്സുകള്‍ ഏര്‍പ്പെടുത്തിയതായി കന്യാകുമാരി കലക്ടര്‍ തിരുവനന്തപുരം ജില്ലാ കലക്ടറെ അറിയിച്ചു. റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരുടെ ആരോഗ്യപരിശോധന കര്‍ശനമായി നടത്തുന്നതിനും തുടര്‍നടപടികള്‍ക്കുമുള്ള സജ്ജീകരണങ്ങള്‍ എര്‍പ്പെടുത്തിയിട്ടുണ്ട്. 

Tags: