കൈയേറ്റ കുത്തകകളെ ഭൂഉടമകളാക്കാന്‍ ഇടതുസര്‍ക്കാര്‍ ശ്രമം: വെല്‍ഫെയര്‍ പാര്‍ട്ടി

ഇപ്പോള്‍ വിജിലന്‍സിനെ ഉപയോഗിച്ചുകൊണ്ട് കൈയേറ്റക്കാര്‍ക്ക് ക്ലീന്‍ ചീട്ട് നല്‍കുകയും അവര്‍ കൈവശം വച്ചിരിക്കുന്ന ഭൂമി വിലയാധാര പ്രകാരം തന്നെ നേടിയെടുത്തതാണെന്നും സ്ഥാപിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്

Update: 2019-12-06 12:55 GMT

തിരുവനന്തപുരം: ഹാരിസണ്‍ അടക്കമുള്ള വന്‍കിട കൈയേറ്റക്കാര്‍ അനധികൃത രേഖകളുണ്ടാക്കി കൈവശം വച്ചിരിക്കുന്ന അഞ്ചു ലക്ഷത്തോളം ഏക്കര്‍ ഭൂമി കൈയേറ്റക്കാര്‍ക്ക് തന്നെ തിരിച്ചുനല്‍കി അവരെ ഭൂഉടമകളാക്കി മാറ്റാനുള്ള കുല്‍സിത ശ്രമങ്ങളാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ്. ഹമീദ് വാണിയമ്പലം പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിജിലന്‍സ് അന്വേഷണത്തിലൂടെ ഹാരിസണിന്റെ ഉടമസ്ഥാവകാശ രേഖകള്‍ വ്യാജമാണെന്നും കൃത്രിമ രേഖകളുണ്ടാക്കി നേടിയെടുത്തതാണെന്നും കണ്ടെത്തിയിരുന്നു. കൃത്രിമ രേഖകളുണ്ടാക്കാന്‍ ഹാരിസണിനെ സഹായിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ സര്‍വീസ് ചട്ടങ്ങളനുസരിച്ച നടപടികള്‍ക്കും വിജിലന്‍സ് ശുപാര്‍ശ നല്‍കിയിരുന്നു. രാജമാണിക്യം കമ്മീഷനും ഇതേകാര്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. മുന്‍ഘട്ടങ്ങളിലെല്ലാം അന്വേഷിച്ച സര്‍ക്കാര്‍ കമ്മീഷനുകളും നിയമസഭാ സമിതികളും അനധികൃതമായാണ് ഇവര്‍ ഭൂമി കൈവശം വച്ചിരിക്കുന്നതെന്ന് കണ്ടെത്തുകയും സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്തിരുന്നതാണ്.

    എന്നാല്‍, ഇപ്പോള്‍ വിജിലന്‍സിനെ ഉപയോഗിച്ചുകൊണ്ട് കൈയേറ്റക്കാര്‍ക്ക് ക്ലീന്‍ ചീട്ട് നല്‍കുകയും അവര്‍ കൈവശം വച്ചിരിക്കുന്ന ഭൂമി വിലയാധാര പ്രകാരം തന്നെ നേടിയെടുത്തതാണെന്നും സ്ഥാപിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. കൈയേറിയ ഭൂമി തിരിച്ചുപിടിക്കുന്നതിന് സിവില്‍ കോടതി വഴി നിയമവ്യവഹാരങ്ങളില്‍ ഏര്‍പ്പെടാന്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രിംകോടതി നിര്‍ദേശം നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും അത് സംബന്ധിച്ച യാതൊരു നടപടിയും സ്വീകരിക്കാത്ത സര്‍ക്കാര്‍ ഇപ്പോള്‍ വിജിലന്‍സിനെ ഉപയോഗിച്ച് ഭൂഉടമസ്ഥത തന്നെ അംഗീകരിച്ചുകൊടുക്കാനാണ് ശ്രമിക്കുന്നത്. ഇത് ഗുരുതരമായ പ്രത്യാഘാതമാണ് സംസ്ഥാനത്ത് ഉണ്ടാക്കാന്‍ പോവുന്നത്.

    ഈ വഞ്ചനയിലൂടെ സംസ്ഥാന സര്‍ക്കാരിന് അവകാശപ്പെട്ടതും ഭൂരഹിതര്‍ക്ക് വിതരണം ചെയ്യേണ്ടതുമായ ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമിയാണ് വന്‍കിട കൈയേറ്റക്കാര്‍ക്ക് സര്‍ക്കാര്‍ വിട്ടുനല്‍കാന്‍ പോവുന്നത്. സാധാരണക്കാരുടെ സര്‍ക്കാര്‍ എന്ന് വീമ്പിളക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ കൈയേറ്റ മാഫിയകള്‍ക്ക് അനുകൂലമായി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. കോടതികളില്‍ കേസുകള്‍ തോറ്റുകൊടുത്തും ഇപ്പോള്‍ വിജിലന്‍സിനെ ഉപയോഗിച്ച് ഭൂഉടമസ്ഥത സ്ഥാപിച്ചുകൊടുത്തും ഇടതുപക്ഷം കേരളത്തിലെ ജനങ്ങളെ വഞ്ചിക്കുകയാണ്. ഈ ജനവഞ്ചനയ്‌ക്കെതിരേ അതിശക്തമായ ജനരോഷം സംസ്ഥാനത്ത് ഉയര്‍ന്നുവരണമെന്നും സംഘടിത ഭൂപ്രക്ഷോഭത്തിലൂടെ സര്‍ക്കാരിനെ തിരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.



Tags:    

Similar News