ലോക വ്യാപാരസംഘടനയുടെ മല്‍സ്യബന്ധന കരാര്‍ ഇന്ത്യക്ക് ദോഷകരമെന്ന് കുഫോസ് സെമിനാര്‍

ഇന്ത്യയിലെ 10 ലക്ഷം മല്‍സ്യബന്ധന തൊഴിലാളി കുടുംബങ്ങളില്‍ 67 ശതമാനവും ഇപ്പോഴും ബിപിഎല്‍ കുടുംബങ്ങളാണെന്ന് സെമിനാര്‍ വിലയിരുത്തി. ട്രോളിങ്ങ് നിരോധനവും ചുഴലിക്കാറ്റുകള്‍ മൂലം സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന മല്‍സ്യബന്ധന നിരോധന ദിനങ്ങളും കഴിച്ചാല്‍ വര്‍ഷത്തില്‍ 40 മുതല്‍ 50 ദിവസം വരെ മാത്രമേ തൊഴിലാളികള്‍ക്ക് കടലില്‍ മല്‍സ്യബന്ധനം നടത്താന്‍ കഴിയുന്നുള്ളു

Update: 2022-07-26 12:15 GMT

കൊച്ചി:ലോക വ്യാപാരസംഘടനയുടെ പുതിയ മല്‍സ്യബന്ധന കരാര്‍ ഇന്ത്യയിലെ 37 ലക്ഷത്തോളം വരുന്ന മല്‍സ്യബന്ധന തൊഴിലാളികളെ ദോഷകരമായി ബാധിക്കുന്നതാണന്ന് കേരള ഫിഷറീസ് സമുദ്രപഠന സര്‍വ്വകലാശാലയില്‍ (കുഫോസ്) നടന്ന സെമിനാര്‍ അഭിപ്രായപ്പെട്ടു. സമുദ്രമല്‍സ്യബന്ധന മേഖലയിലെ സബ്‌സിഡികള്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്നാണ് കഴിഞ്ഞ ജൂണില്‍ ജനീവയില്‍ ലോകരാഷ്ട്രങ്ങള്‍ ഒപ്പുവെച്ച ലോക വ്യാപാര സംഘടനയുടെ പുതിയ മല്‍സ്യബന്ധ കരാര്‍ മുന്നോട്ട് വയ്ക്കുന്ന പ്രധാന വ്യവസ്ഥ. രണ്ടു വര്‍ഷമാണ് ഇതിന് അനുവദിച്ചിരിക്കുന്ന സമയപരിധി.

ഇന്ത്യയിലെ 10 ലക്ഷം മല്‍സ്യബന്ധന തൊഴിലാളി കുടുംബങ്ങളില്‍ 67 ശതമാനവും ഇപ്പോഴും ബിപിഎല്‍ കുടുംബങ്ങളാണെന്ന് സെമിനാര്‍ വിലയിരുത്തി. ട്രോളിങ്ങ് നിരോധനവും ചുഴലിക്കാറ്റുകള്‍ മൂലം സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന മല്‍സ്യബന്ധന നിരോധന ദിനങ്ങളും കഴിച്ചാല്‍ വര്‍ഷത്തില്‍ 40 മുതല്‍ 50 ദിവസം വരെ മാത്രമേ തൊഴിലാളികള്‍ക്ക് കടലില്‍ മല്‍സ്യബന്ധനം നടത്താന്‍ കഴിയുന്നുള്ളൂ.

മല്‍സ്യതൊഴിലാളികളുടെ ദാരിദ്ര്യവസ്ഥക്ക് മുഖ്യകാരണം നഷ്ടപ്പെടുന്ന തൊഴില്‍ ദിനങ്ങളാണ് എന്ന് സെമിനാര്‍ വിലയിരുത്തി. 15 അമേരിക്കന്‍ ഡോളറിന് തുല്ല്യമായ തുകയാണ് ഇന്ത്യയില്‍ ഒരു മല്‍സ്യതൊഴിലാളിക്ക് സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന സബ്‌സിഡി. അതുപോലും ഇല്ലാതാക്കുന്നതാണ് ലോക വ്യാപാര സംഘടനയുടെ പുതിയ മല്‍സ്യബന്ധ കരാര്‍ എന്ന് സെമിനാറില്‍ മോഡറേറ്ററായിരുന്ന ഡോ.മാട്രിന്‍ പാട്രിക് ചൂണ്ടിക്കാട്ടി.

അതേ സമയം സ്വീഡന്‍ ഒരു വര്‍ഷം മല്‍സ്യതൊഴിലാളികള്‍ക്ക് നല്‍കുന്ന പ്രതിശീര്‍ഷ സഹായം 32,000 അമേരിക്കന്‍ ഡോളറാണ്. നെതര്‍ലാന്റ്‌സില്‍ ഇത് 75,000 അമേരിക്കന്‍ ഡോളറാണ്. ഇത്തരത്തിലുള്ള സഹായത്തിനെ എതിര്‍ക്കാത്ത ലോകവ്യാപര സംഘടന, ഇന്ത്യപോലുള്ള രാജ്യങ്ങള്‍ ഇന്ധനത്തിനും മല്‍സ്യബന്ധന വലകള്‍ക്കും മറ്റും നല്‍കുന്ന സബ്‌സിഡികളെ എതിര്‍ക്കുന്നത് വിരോധഭാസമാണെന്ന് സെമിനാറില്‍ വിഷയം അവതരിപ്പിച്ച സാമ്പത്തിക ശാസ്ത്രജ്ഞനും എംപിഡിഎ മുന്‍ഡയറക്ടറുമായ ബി ശ്രീകുമാര്‍ പറഞ്ഞു. റബ്ബര്‍ ബോര്‍ഡ് മുന്‍ ജോയിന്റ് ഡയറക്ടര്‍ ഡോ.തര്യന്‍ ജോര്‍ജ് പുതിയ മല്‍സ്യബന്ധന കരാറിന്റെ രാഷ്ട്രീയം അവലോകനം ചെയ്ത് സംസാരിച്ചു.

കുഫോസ് വൈസ് ചാന്‍സലര്‍ ഡോ.കെ റിജി ജോണ്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. രജിസ്ട്രാര്‍ ഡോ.ബി മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. കുഫോസ് ഭരണസമിതിയംഗം സി എസ് സുജാത, ഗവേഷണ വിഭാഗം മേധാവി ഡോ.ദേവിക പിള്ള, വിജ്ഞാന വിഭാഗം ഡയറക്ടര്‍ ഡോ.ഡെയ്‌സി കാപ്പന്‍, മാനേജ്‌മെന്റ് ഫാക്കല്‍റ്റി ഡീന്‍ ഡോ.വി അമ്പിളികുമാര്‍ അധ്യാപകരായ ഡോ.കെ രാജേഷ്, ഡോ.ഇ എം അഫ്‌സല്‍ സംസാരിച്ചു.

Tags:    

Similar News