കൃതി രാജ്യാന്തര പുസ്തകമേളയക്ക് കൊച്ചിയില്‍ തുടക്കം

എഴുത്തുകാര്‍ നട്ടെല്ലുണ്ടെന്ന് കാണിക്കണമെന്ന് ഡോ ലീലാവതി.പൂര്‍ണസത്യത്തില്‍ വിശ്വസിക്കുകയല്ല അന്വേഷണം തുടരുകയാണ് വേണ്ടതെന്ന് പ്രഫ എം കെ സാനു.പ്രതിരോധ സാഹിത്യത്തിന് പ്രാധാന്യമുള്ള കാലമാണിതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.സമൂഹത്തെ പിന്നോട്ടടിയ്ക്കാനുള്ള ശ്രമം നടക്കുന്നു. സ്വാ്ര്രതന്ത്യവും മതനിരപേക്ഷതയും ജനാധിപത്യവും ഇല്ലാതെ കലയ്ക്കും സാഹിത്യത്തിനും നിലനില്‍പ്പില്ലെന്നും അദ്ദേഹം ചൂണ്ടാക്കാട്ടി

Update: 2020-02-07 07:05 GMT

കൊച്ചി: പൂര്‍ണസത്യത്തില്‍ വിശ്വസിക്കുകയല്ല അന്വേഷണം തുടരുകയാണ് വേണ്ടതെന്ന് പ്രഫ എം കെ സാനും എഴുത്തുകാര്‍ നട്ടെല്ലുണ്ടെന്ന് കാണിക്കണമെന്ന് ഡോ ലീലാവതിയും വ്യക്തമാക്കി.സംസ്ഥാന സഹകണ വകുപ്പും സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘവും (എസ്പിസിഎസ്) സംഘടിപ്പിക്കുന്ന കൃതി രാജ്യാന്തര പുസ്തകമേളയുടേയും വിജ്ഞാനോത്സവത്തിന്റെയും മൂന്നാം പതിപ്പ് കൊച്ചി മറൈന്‍ ഡ്രൈവില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഇരുവരും.കൂടുതല്‍ അറിയുന്തോറും അറിവില്ലായ്മ എത്രത്തോളമുണ്ടെന്ന് തിരിച്ചറിയാന്‍ പറ്റണം. എന്തെല്ലാം ഇനിയും അറിയാനുണ്ടെന്ന് മനസ്സിലാക്കിക്കൊണ്ടുള്ള വിനയവും ആവശ്യമാണെന്നും പ്രഫ എം കെ സാനു പറഞ്ഞു. എഴുത്തുകാര്‍ നട്ടെല്ലുണ്ടെന്ന് കാണിക്കേണ്ട കാലമാണിതെന്ന് ഡോ. എം ലീലാവതി പറഞ്ഞു. അക്ഷരജ്ഞാനം കൊണ്ട് സ്വാതന്ത്ര്യം കാക്കാനാവുമോ എന്ന് ആശങ്ക തോന്നുന്ന കാലമാണിത്. നരേന്ദ്ര ദബോല്‍കര്‍, ഗോവിന്ദ് പന്‍സാരെ, കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ് എന്നിവര്‍ക്ക് അറിവിന്റെ സ്വാതന്ത്ര്യം കാക്കാനായെങ്കിലും അവരുടെ ജീവന്‍ നഷ്ടപ്പെട്ടു. സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ പോകുമ്പോള്‍ ജീവന്‍ പോകുന്ന അവസ്ഥയാണ് ഇന്നുള്ളതെന്നും ലീലാവതി ടീച്ചര്‍ പറഞ്ഞു.


പ്രതിരോധ സാഹിത്യത്തിന് പ്രാധാന്യമുള്ള കാലമാണിതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സമൂഹത്തെ പിന്നോട്ടടിയ്ക്കാനുള്ള ശ്രമം നടക്കുന്നു. സ്വാ്ര്രതന്ത്യവും മതനിരപേക്ഷതയും ജനാധിപത്യവും ഇല്ലാതെ കലയ്ക്കും സാഹിത്യത്തിനും നിലനില്‍പ്പില്ലെന്നും അദ്ദേഹം ചൂണ്ടാക്കാട്ടി.എസ്പിസിഎസ് പ്രസിഡന്റ് ഏഴാച്ചേരി രാമചന്ദ്രന്‍ കൃതി 2020 റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി,ഫെസ്റ്റിവല്‍ ഡയറക്ടര്‍ സി രാധാകൃഷ്ണന്‍,സഹകരണ സംഘം രജിസ്ട്രാര്‍ പി കെ ജയശ്രീ,എസ്പിസിഎസ് വൈസ് പ്രസിഡന്റ് പി സോമനാഥന്‍ സംസാരിച്ചു.മുതിര്‍ന്ന എസ്പിസിഎസ് അംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു. സമ്മേളനത്തെത്തുടര്‍ന്ന് ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എ എഴുതിയ കടല്‍ കരയോട് പറഞ്ഞത് എന്ന നാടകവും അരങ്ങേറി.രാവിലെ 9 മുതല്‍ രാത്രി 9 വരെയാണ് പുസ്തകമേളയുടെ പ്രവര്‍ത്തന സമയം. ഇന്നു മുതല്‍ (ഫെബ്രു 7) ദിവസവും വൈകീട്ട് 6-30ന് പത്തു ദിവസവും വിവിധ കലാപരിപാടികളും കൃതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.75,000 ചതുരശ്ര അടി വിസ്തൃതി വരുന്ന കൃതി 2020-ന്റെ ജര്‍മന്‍ നിര്‍മിത വേദികളില്‍ 46,000 ച അടി വിസ്തൃതിയുള്ള പൂര്‍ണമായും ശീതീകരിച്ച പുസ്തകോത്സവഹാളില്‍ 250 സ്റ്റാളുകളിലായി 150-ഓളം പ്രസാധകരാണ് ലക്ഷക്കണക്കിന് പുസ്തകങ്ങളുമായി എത്തിയിരിക്കുന്നത്. ഒരു കുട്ടിക്ക് ഒരു പുസ്തകം പദ്ധതിയിലൂടെ 1.5 കോടി രൂപയുടെ പുസ്തക കൂപ്പണുകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിദ്യാര്‍ഥികള്‍ക്കായി നല്‍കുന്നത്. 20 കോടി രൂപയുടെ പുസ്തകങ്ങളാണ് കൃതി 2020-ലൂടെ വില്‍ക്കാന്‍ ലക്ഷ്യമിടുന്നത്.

മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ലക്ഷക്കണക്കിന് പുസ്തകങ്ങള്‍ക്കു പുറമെ ഇത്തവണത്തെ അതിഥിഭാഷകളായെത്തുന്ന ബംഗാളി, ഗുജറാത്തി, ഹിന്ദി എന്നിവയിലുള്ള പുസ്തകങ്ങളും മേളയിലുണ്ട്. വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ഒരു കൂട്ടം മല്‍സരങ്ങളും കൈ നിറയെ സമ്മാനങ്ങളുമാണ് കൃതി പ്രഖ്യാപിച്ചിരിക്കുന്ന മറ്റൊരു ആകര്‍ഷണം. മുതിര്‍ന്നവര്‍ക്ക് ഫോട്ടോഗ്രാഫി, ഷോര്‍ട്ട് ഫിലിം മല്‍സരങ്ങളും വിദ്യാര്‍ഥികള്‍ക്ക് വായന, ചെറുകവിതാരചന, ഫോട്ടോ ക്യാപ്ഷനെഴുത്ത്, നോവലുകള്‍ക്ക് വേറെ പേരിടല്‍ തുടങ്ങിയ മല്‍സരങ്ങളാണ് വിദ്യാര്‍ത്ഥികളെ കാത്തിരിക്കുന്നത്. ഇതിനൊപ്പം 4-ാം ക്ലാസുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി കാക്കവര കോര്‍ണറും സംഘടിപ്പിക്കുന്നുണ്ട്. തങ്ങളുടെ സങ്കല്‍പ്പത്തിലെ കാക്കയെ വരയ്ക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പുസ്തകം സമ്മാനമായി നല്‍കുന്നതാണ് ഈ പരിപാടി.ഫെബ്രുവരി 8 മുതല്‍ 16 വരെയാണ് കൃതി വിജ്ഞാനോത്സവം അരങ്ങേറുന്നത്. 68 സെഷനിലായി 205-ഓളം എഴുത്തുകാരും ചിന്തകരുമാണ് വിജ്ഞാനോത്സവത്തില്‍ പങ്കെടുക്കാനെത്തുന്നത്.

Tags:    

Similar News