എഴുത്തുകാരുടെ കൂട്ടായ്മ ചരിത്രം പ്രദര്‍ശനമാക്കി കൃതി രാജ്യാന്തര പുസ്തകോല്‍സവം

ലോകത്ത് ഇതുവരെ മറ്റൊരിടത്തും ഉണ്ടായിട്ടില്ലാത്ത എഴുത്തുകാരുടെ പ്രസാധക, വില്‍പ്പനാ സംഘം എസ്പിസിഎസ് 75 വര്‍ഷം പൂര്‍ത്തിയാക്കി. 1945ല്‍ സ്ഥാപിക്കപ്പെട്ടതു മുതലുള്ള സംഘത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട അപൂര്‍വ രേഖകളും ഫോട്ടോഗ്രാഫുകളും പ്രദര്‍ശിപ്പിച്ചു കൊണ്ടാണ് സംഘം അതിന്റെ പ്ലാറ്റിം ജൂബിലി ആഘോഷിക്കുന്നത്.1945 ഏപ്രില്‍ 30നാണ് സാഹിത്യ രംഗത്തുള്ളവരുടെ ആദ്യ സഹകരണ സംഘമായ എസ്പിസിഎസിന് തുടക്കമായത്.

Update: 2020-02-08 12:46 GMT

കൊച്ചി: സംസ്ഥാന സഹകരണ വകുപ്പിനോടൊപ്പം ചേര്‍ന്ന് കൃതി രാജ്യാന്തര പുസ്തകോല്‍സവം സംഘടിപ്പിക്കുന്ന സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം(എസ്പിസിഎസ്) മറ്റൊരു വിശേഷവുമായാണ് ഇക്കുറി എത്തുന്നത്.ലോകത്ത് ഇതുവരെ മറ്റൊരിടത്തും ഉണ്ടായിട്ടില്ലാത്ത എഴുത്തുകാരുടെ ഈ പ്രസാധക, വില്‍പ്പനാ സംഘം 75 വര്‍ഷം പൂര്‍ത്തിയാക്കി. 1945ല്‍ സ്ഥാപിക്കപ്പെട്ടതു മുതലുള്ള സംഘത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട അപൂര്‍വ രേഖകളും ഫോട്ടോഗ്രാഫുകളും പ്രദര്‍ശിപ്പിച്ചു കൊണ്ടാണ് സംഘം അതിന്റെ പ്ലാറ്റിം ജൂബിലി ആഘോഷിക്കുന്നത്.1945 ഏപ്രില്‍ 30നാണ് സാഹിത്യ രംഗത്തുള്ളവരുടെ ആദ്യ സഹകരണ സംഘമായ എസ്പിസിഎസിന് തുടക്കമായത്.

1945 മാര്‍ച്ചില്‍ എസ്പിസിഎസ് സഹകരണ സംഘമായി രജിസ്ട്രര്‍ ചെയ്യാനുപയോഗിച്ച സര്‍ട്ടിഫിക്കറ്റ് മുതലുള്ള രേഖകളുടെ ചിത്രങ്ങള്‍ കൃതി രാജ്യാന്തര പുസ്തകോല്‍സവത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന പ്രദര്‍ശനത്തിലുണ്ട്. പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് എഴുത്തുകാര്‍ സഹകരണ സംഘവുമായുണ്ടാക്കിയ പഴയകാല മുദ്രപ്പത്രങ്ങളിലുള്ള ധാരണാ പത്രങ്ങള്‍, ആദ്യ സെക്രട്ടറി കാരൂര്‍ നീലകണ്ഠപ്പിള്ളയുടെ കൈപ്പടയിലുള്ള മിനിറ്റ്സ് രേഖകള്‍ തുടങ്ങിയവയുടെയും 1945ല്‍ കോട്ടയം കളരിക്കല്‍ ബസാറില്‍ ആരംഭിച്ച ആദ്യ എന്‍ബിഎസ് ശാഖ, 1965ല്‍ ആരംഭിച്ച ഇന്ത്യ പ്രസ് എന്നിവയുടെയും ചിത്രങ്ങളും പ്രദര്‍ശനത്തിലുള്‍പ്പെടുത്തിയിരിക്കുന്നു. രാഷ്ട്രപതിമാരായിരുന്ന വി വി ഗിരി, കെ ആര്‍ നാരായണന്‍, ശങ്കര്‍ ദയാല്‍ ശര്‍മ, മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി തുടങ്ങിയവര്‍ എസ്പിസിഎസിന്റെ വിവിധ ചടങ്ങുകളില്‍ പങ്കെടുക്കുന്ന ചിത്രങ്ങളും പ്രദര്‍ശനത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്നു.

1962ല്‍ പ്രസിദ്ധീകരണം ആരംഭിച്ച എന്‍ബിഎസ് ബുള്ളറ്റിനിന്റെ പേജുകള്‍, മുന്‍മുഖ്യമന്ത്രിമാരായ ഇഎംഎസ്, ആര്‍ശങ്കര്‍, സി അച്യുത മേനോന്‍, കെ കരുണാകരന്‍, വി എസ് അച്യുതാനന്ദന്‍, ഉമ്മന്‍ ചാണ്ടി, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങുകളുടെ ചിത്രങ്ങള്‍ എന്നിവയും പ്രദര്‍ശനത്തിലുണ്ട്. സാഹിത്യ രംഗത്തുനിന്ന് തകഴി, കേശവദേവ്, പൊന്‍കുന്നം വര്‍ക്കി, വൈക്കം മുഹമ്മദ് ബഷീര്‍ അടക്കമുള്ളവര്‍ 60കളിലും 70കളിലും എസ്പിസിഎസിന്റെ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന്റെയും ചിത്രങ്ങളും പ്രദര്‍ശനത്തിലുള്‍പ്പെടുന്നു. കേരള ചരിത്രത്തെ ഓര്‍മിപ്പിച്ച് 1924ലെ മൂന്നാര്‍ വെള്ളപ്പൊക്കം, മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു വള്ളം കളി സന്ദര്‍ശിക്കാനെത്തിയത് അടക്കമുള്ള ഫോട്ടോഗ്രാഫുകളും പ്രദര്‍ശനത്തില്‍ ഉണ്ട്.

Tags: