പ്രളയബാധിതര്‍ക്ക് കെപിസിസിയുടെ ആയിരം വീട്; വേണ്ടത് 50 കോടി, ലഭിച്ചത് മൂന്ന് കോടി 53 ലക്ഷം

പ്രളയബാധിതര്‍ക്ക് കെപിസിസി പ്രഖ്യാപിച്ച ഭവന പദ്ധതികളില്‍ കെപിസിസിക്ക് ലഭിച്ച ഫണ്ടുപയോഗിച്ച് ഇതിനകം വിവിധ ജില്ലകളില്‍ 23 വീടുകളുടെ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുകയാണെന്ന് ഹസന്‍ പറഞ്ഞു.

Update: 2019-07-09 16:12 GMT

തിരുവനന്തപുരം: പ്രളയ ബാധിതര്‍ക്കായുള്ള കെപിസിസിയുടെ ആയിരം വീട് പദ്ധതിയില്‍ ഒരു വര്‍ഷമായിട്ടും വേണ്ടത്ര പുരോഗതിയില്ലെന്ന് തുറന്ന് പറഞ്ഞ് കെപിസിസി മുന്‍ അധ്യക്ഷന്‍ എം എം ഹസന്‍. കെപിസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ആയിരം വീട് പദ്ധതിയുമായി ബന്ധപ്പെട്ട കണക്കുകള്‍ ഹസന്‍ വിശദീകരിച്ചത്. മുഖ്യമന്ത്രി അടക്കമുള്ളവര്‍ ആയിരം വീട് പദ്ധതിക്കെതിരെ പരിഹാസം ഉന്നയിച്ച സാഹചര്യത്തിലാണ് കെപിസിസിയുടെ വിശദീകരണം.

ആയിരം വീട് പദ്ധതി പൂര്‍ത്തിയാക്കാന്‍ വേണ്ടത് 50 കോടി രൂപയാണെന്ന് ഹസന്‍ പറഞ്ഞു. തിരുവനന്തപുരത്ത് ശാസ്തമംഗലം ധനലക്ഷ്മി ബാങ്കില്‍ അക്കൗണ്ട് രൂപീകരിച്ചാണ് ഫണ്ട് ശേഖരണം എന്ന് ഹസന്‍ പറഞ്ഞു. പദ്ധതി പൂര്‍ത്തിയാക്കാന്‍ 50 കോടിയാണ് വേണ്ടത്. ഇതുവരെ കെപിസിസി ഫണ്ട് ശേഖരണത്തിലൂടെ ബാങ്ക് അക്കൗണ്ടിലേക്ക് ലഭിച്ചത് മൂന്ന് കോടി 53 ലക്ഷം രൂപയാണ്. പ്രളയബാധിതര്‍ക്ക് കെപിസിസി പ്രഖ്യാപിച്ച ഭവന പദ്ധതികളില്‍ കെപിസിസിക്ക് ലഭിച്ച ഫണ്ടുപയോഗിച്ച് ഇതിനകം വിവിധ ജില്ലകളില്‍ 23 വീടുകളുടെ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുകയാണെന്ന് ഹസന്‍ പറഞ്ഞു. 23 വീടുകളുടെ നിര്‍മാണ ചെലവിനുള്ള തുക കഴിച്ച് ബാക്കി വരുന്ന 2.38 കോടി രൂപ 47 വീടുകളുടെ നിര്‍മ്മാണത്തിനായി വിവിധ ജില്ലകളിലേക്ക് നല്‍കിക്കൊണ്ടിരിക്കുന്നതായി അദ്ദേഹം പറഞ്ഞു.

കര്‍ണാടക പിസിസി കെപിസിസി ഫണ്ടിലേക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്. ആ തുക കൂടി കിട്ടിയാല്‍ 20 വീടുകള്‍ കൂടി കെപിസിസി നിര്‍മ്മിച്ചു നല്‍കും. അങ്ങനെ മൊത്തം 96 വീടുകള്‍ കെപിസിസി നിര്‍മ്മിച്ചു നല്‍കും. 14 ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 110 വീടുകളുടെ നിര്‍മ്മാണം വിവിധ ഘട്ടങ്ങളിലായി നടന്നു കൊണ്ടിരിക്കുന്നു. കെപിസിസിയുടെ ആഹ്വാനമനുസരിച്ച് 371 വീടുകളാണ് പൂര്‍ത്തിയായതും പൂര്‍ത്തിയായി കൊണ്ടിരിക്കുന്നതെന്നും ഹസന്‍ പറഞ്ഞു. പ്രളയം കഴിഞ്ഞ് ഒരു വര്‍ഷമായിട്ടും കെപിസിസുടെ ഭവന പദ്ധതി എങ്ങുമെത്തിയില്ല എന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് എം എം ഹസന്റെ വിശദീകരണം.

Tags:    

Similar News