ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കുന്നില്ലെന്ന്; കോതമംഗംലം പള്ളി ഏറ്റെടുക്കാതെ കലക്ടര്‍ കുറ്റകരമായ അനാസ്ഥ കാട്ടുന്നുവെന്ന് ഓര്‍ത്തഡോക്‌സ് സഭ

ഹൈക്കോടതിയില്‍ ഓര്‍ത്തോഡോക്‌സ് സഭ നല്‍കിയ കോടതി അലക്ഷ്യ ഹരജിയെ തുടര്‍ന്നാണ് പള്ളി ജില്ലാ കലക്ടര്‍ നേരിട്ട് ഏറ്റെടുത്ത് നിയമാനുസൃത ഭരണ സംവിധാനത്തിന് കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടതെന്ന് ഓര്‍ത്തഡോക്‌സ് സഭ വക്താവ് ഫാ. ജോണ്‍സ് അബ്രാഹം കോനാട്ട്, ഫാ.തോമസ് പോള്‍ റമ്പാന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ ഉത്തരവ് പുറത്തിറങ്ങി ദിവസങ്ങള്‍ പിന്നിട്ടിട്ടും കലക്ടറും, പോലിസും ഇരുട്ടില്‍ തപ്പുകയാണ്. ഹൈക്കോടതി വിധി നടപ്പിലാക്കാന്‍ ബാധ്യസ്ഥനായ കലക്ടര്‍ ആരുടെയൊക്കെയോ സമ്മര്‍ദ്ദത്തിന് വഴങ്ങി കൃത്യവിലോപം കാട്ടുന്നു

Update: 2019-12-21 10:14 GMT

കൊച്ചി: ഒര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ രൂക്ഷമായ തര്‍ക്കം നിലനില്‍ക്കുന്ന കോതമംഗലം ചെറിയ പള്ളി ജില്ലാ കലക്ടര്‍ ഏറ്റെടുത്ത് 1934ലെ മലങ്കര സഭയുടെ ഭരണഘടന അനുസരിച്ച് നിയമാനുസൃത ഭരണ സംവിധാനത്തിലാക്കണം എന്ന ഹൈക്കോടതി വിധി നടപ്പിലാക്കാതെ കലക്ടറും പോലീസും കുറ്റകരമായ അനാസ്ഥ കാട്ടുകയാണെന്നാരോപിച്ച് ഓര്‍ത്തഡോക്‌സ് സഭ രംഗത്ത്. ഹൈക്കോടതിയില്‍ ഓര്‍ത്തോഡോക്‌സ് സഭ നല്‍കിയ കോടതി അലക്ഷ്യ ഹരജിയെ തുടര്‍ന്നാണ് പള്ളി ജില്ലാ കലക്ടര്‍ നേരിട്ട് ഏറ്റെടുത്ത് നിയമാനുസൃത ഭരണ സംവിധാനത്തിന് കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടതെന്ന് ഓര്‍ത്തഡോക്‌സ് സഭ വക്താവ് ഫാ. ജോണ്‍സ് അബ്രാഹം കോനാട്ട്, ഫാ.തോമസ് പോള്‍ റമ്പാന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ ഉത്തരവ് പുറത്തിറങ്ങി ദിവസങ്ങള്‍ പിന്നിട്ടിട്ടും കലക്ടറും, പോലിസും ഇരുട്ടില്‍ തപ്പുകയാണ്. ഹൈക്കോടതി വിധി നടപ്പിലാക്കാന്‍ ബാധ്യസ്ഥനായ കലക്ടര്‍ ആരുടെയൊക്കെയോ സമ്മര്‍ദ്ദത്തിന് വഴങ്ങി കൃത്യവിലോപം കാട്ടുന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. രാജ്യത്തെ നിയമസംവിധാനത്തെ സര്‍ക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് അട്ടിമറിക്കുമ്പോള്‍ നാട്ടില്‍ അരാജകത്വം ഉണ്ടാകും. ഇത് അനുവദിക്കാനാകില്ല.

കോടതി ഉത്തരവ് നടപ്പിലാക്കാന്‍ ബാധ്യസ്ഥനായ കലക്ടര്‍ ഉടന്‍ കോതമംഗലം ചെറിയ പള്ളി ഏറ്റെടുക്കുവാനുള്ള നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. നിലവില്‍ കോതമംഗലം മാര്‍ത്തോമന്‍ ചെറിയ പള്ളിയില്‍ ഭരണം കയ്യാളുന്നവര്‍ ദേവാലയത്തെയും, ഇടവക അംഗങ്ങളെയും വഞ്ചിക്കുകയാണ്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പള്ളിയില്‍ കെട്ടിയിരുന്ന മണികളും, പല്ലക്കും കുരിശുകളും അതിപുരാതനമായ ജംഗമവസ്തുക്കളും പള്ളിയില്‍ നിന്നും കടത്തി കൊണ്ട് പോയിരിക്കുന്നു. എല്‍ദോ ബസേലിയോസ് കാതോലിക്ക ബാവായുടെ കബര്‍ തകര്‍ത്ത് തിരുശേഷിപ്പുകള്‍ എവിടേക്കോ കടത്തി. പള്ളിയുടെ അധീനതയിലുള്ള കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കളുടെ അവകാശം സ്വകാര്യ ട്രസ്റ്റിനു കൈമാറി. 2013 മുതലുള്ള കണക്കുകള്‍ ഇനിയും പള്ളിയില്‍ നിയമപരമായി പാസാക്കിയിട്ടില്ല. പള്ളി വക സമ്പത്തുക്കള്‍ ഭരണത്തില്‍ ഇരിക്കുന്നവര്‍ അനധികൃതമായി സ്വന്തം പേരിലേക്കോ വേണ്ടപ്പെട്ടവരുടെ പേരിലേക്കോ കൈമാറ്റം ചെയ്യുന്നു. പള്ളിയുടെ പേരില്‍ ഇടവക അംഗങ്ങളുടെ അനുവാദം ഇല്ലാതെ തന്നെ കോടികള്‍ ബാങ്കുകളില്‍ നിന്നും വായ്പ എടുക്കുന്നു. പള്ളിയിലും, പള്ളിയുടെ കീഴിലുള്ള കോളജുകള്‍ ആശുപത്രി തുടങ്ങിയ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നെല്ലാം സാമ്പത്തിക ക്രമക്കേടുകളും, തിരുമറികളും നടത്തുന്നു. ഇത്തരം തട്ടിപ്പുകള്‍ പുറത്തറിയാതെ ഇരിക്കാനായി വിശ്വാസികളുടെ കണ്ണില്‍ പൊടിയിട്ട് ഇക്കൂട്ടര്‍ ഇരുട്ടുകൊണ്ട് ഓട്ട അടക്കുകയാണ്.

വിശ്വാസത്തിന്റെ പേരില്‍ തങ്ങള്‍ വഞ്ചിക്കപ്പെടുകയാണെന്ന് മനസിലാക്കിയ ഇടവക അംഗങ്ങള്‍ ഇപ്പോള്‍ ഇക്കൂട്ടര്‍ക്കായി തെരുവില്‍ ഇറങ്ങാന്‍ തയ്യാറാകുന്നില്ല. അതിനാല്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുവാനായി പള്ളിയുടെ കീഴിലുള്ള കോളജ് വിദ്യാര്‍ഥികള്‍, മറ്റ് സ്ഥാപന ജീവനക്കാര്‍ എന്നിവരെ പ്രലോഭിപ്പിച്ചും, ഭീഷണിപ്പെടുത്തിയും തെരുവില്‍ ഇറക്കാനുള്ള ശ്രമവും നടക്കുന്നുണ്ടെന്നും ഇവര്‍ പറഞ്ഞു.1974ന് ശേഷം പള്ളിയില്‍ ഇതുവരെ പുതുതായി ഇടവക അംഗങ്ങളെ ചേര്‍ക്കുകയോ അംഗത്വം പുതുക്കി നല്‍കുകയോ ചെയ്തിട്ടില്ല. ഇടവക അംഗങ്ങള്‍ ഒരുമിച്ചാല്‍ നിലവില്‍ ഉള്ള ഭരണ സമിതിയുടെ നിലനില്‍പ്പിനെ ബാധിക്കും എന്നതിനാലാണ് ഇക്കൂട്ടര്‍ ഇടവക അംഗങ്ങളെ പോലും ചേര്‍ക്കാന്‍ തയ്യാറാകാത്തത്. അതിനാല്‍ ഇടവക അംഗത്വം പുതുക്കി പള്ളിയില്‍ ഭരണ സമിതി തിരഞ്ഞെടുപ്പ് പോലും നടത്താന്‍ നിലവിലെ ഭരണ സമിതി തയാറാകുന്നില്ല. ദേവാലയത്തെ ഒരു കച്ചവട സ്ഥാപനമായി കാണുന്നതിനെതിരെയും നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന സാമ്പത്തിക ക്രമക്കേടുകള്‍, പള്ളിയുടെ സ്വത്തുക്കള്‍ സ്വാര്‍ത്ഥ ലാഭത്തിനായി ഭരണസമിതി അംഗങ്ങളുടെ ബന്ധുക്കളുടെ പേരിലേക്ക് കൈമാറ്റം ചെയ്യുന്നതിന് എതിരെയും പള്ളിയിലെ ഇടവക അംഗങ്ങള്‍ നിലവിലെ ഭരണ സമിതിക്ക് എതിരെ സിവില്‍, ക്രിമിനല്‍ കേസുകള്‍ നല്‍കിയിട്ടുണ്ടെന്നും ഇവ്ര്‍ പറഞ്ഞു.സുപ്രീം കോടതി വിധി നടപ്പിലാക്കുന്നത് സംബന്ധിച്ച് ചില തെറ്റായ അഭ്യുഹങ്ങളും പൊതു സമൂഹത്തില്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. എന്നാല്‍ 1934 ലെ ഭരണഘടന അനുസരിച്ച് നിയമാനുസൃത ഭരണ സംവിധാനം ദേവാലയങ്ങളില്‍ നടപ്പില്‍ വരുന്നതോടെ വിശ്വാസികള്‍ക്ക് മുന്‍പ് ഉണ്ടായിരുന്ന രീതിയില്‍ തന്നെ ദേവാലയങ്ങളില്‍ അവരുടെ ആരാധനക്കും മറ്റ് ആത്മീയമായ പ്രവര്‍ത്തനങ്ങള്‍ക്കും അവസരം ഉണ്ടാകും. ഇതിന് യാതൊരു വിധ തടസ്സങ്ങളും ഉണ്ടാകുകയില്ലെന്നും ഇവര്‍ വ്യക്തമാക്കി.

Tags:    

Similar News