അമിതാ ഷായുടെ വര്‍ഗീയപരാമര്‍ശത്തിനതിരേ കോണ്‍ഗ്രസ് വേണ്ടരീതിയില്‍ പ്രതികരിച്ചില്ലെന്ന് കോടിയേരി

വയനാട്ടില്‍ രാഹുലിന്റെ റാലി കണ്ടാല്‍ അത് നടക്കുന്നത് ഇന്ത്യയിലാണോ പാകിസ്ഥാനിലാണോ എന്ന് തിരിച്ചറിയാന്‍ കഴിയില്ലെന്നായിരുന്നു അമിത് ഷായുടെ പരാമര്‍ശം.

Update: 2019-04-11 06:10 GMT

പാലക്കാട്: അമിത് ഷാ നടത്തിയ വയനാട് പരാമര്‍ശത്തിനെതിരേ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. അമിത് ഷാ നടത്തിയത് വിഷംതുപ്പുന്ന വര്‍ഗീയപരാമര്‍ശമാണെന്ന് കോടിയേരി പറഞ്ഞു. എല്ലാം വര്‍ഗീയമായി കാണുന്നത് ആര്‍എസ്എസ്സിന്റെ രീതിയാണെന്നും ഇതിനെതിരേ അഖിലേന്ത്യാ കോണ്‍ഗ്രസ് നേതാക്കള്‍ വേണ്ടരീതിയില്‍ പ്രതികരിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വയനാട്ടില്‍ രാഹുലിന്റെ റാലി കണ്ടാല്‍ അത് നടക്കുന്നത് ഇന്ത്യയിലാണോ പാകിസ്ഥാനിലാണോ എന്ന് തിരിച്ചറിയാന്‍ കഴിയില്ലെന്നായിരുന്നു അമിത് ഷായുടെ പരാമര്‍ശം.

ആര്‍എസ്എസ് നടത്തിയ പ്രചാരണം തടയാന്‍ യുഡിഎഫിന് സാധിക്കുന്നില്ല. രാഹുല്‍ ഗാന്ധി കേരളത്തില്‍ മല്‍സരിക്കാന്‍ തീരുമാനിച്ചപ്പോള്‍ ആഘോഷത്തിനിടെയാണ് മുസ്‌ലിം ലീഗ് പതാക വീശിയത്. എന്നാല്‍, പാകിസ്ഥാന്റെ പതാകവീശി വയനാട്ടില്‍ ആഘോഷം നടന്നുവെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് ബിജെപി ചെയ്തത്. ദേശീയ അധ്യക്ഷനെ വയനാട്ടില്‍ മല്‍സരിപ്പിക്കുമ്പോള്‍ ആര്‍എസ്എസ് വര്‍ഗീയപ്രചരണം നടത്തുമെന്ന് കോണ്‍ഗ്രസ് ശ്രദ്ധിക്കണമായിരുന്നുവെന്നും കോടിയേരി പാലക്കാട്ട് പറഞ്ഞു.





Tags:    

Similar News