അവിഷിത്തിനെ ഒഴിവാക്കിയത് അക്രമത്തിന് ശേഷം, നേരത്തെ മാറ്റി നിര്‍ത്തിയിരുന്നു: കോടിയേരി

രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമണത്തിന് പിന്നാലെ യുഡിഎഫ് നാട്ടിലുടനീളം അക്രമം അഴിച്ചുവിടുന്നുവെന്ന് കോടിയേരി ആരോപിച്ചു.

Update: 2022-06-26 07:30 GMT

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്ന എസ്എഫ്‌ഐ നേതാവ് കെ ആര്‍ അവിഷിത്തിനെ ഒഴിവാക്കിയത് അക്രമത്തിന് ശേഷമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അവിഷിത്ത് കുറച്ചായി ഓഫിസില്‍ വരാറില്ലെന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് മന്ത്രി റിപോര്‍ട്ട് നല്‍കിയിരുന്നു. സംഭവത്തില്‍ പങ്കാളിയാണെന്ന് ആക്ഷേപം ഉണ്ടായതിനേത്തുടര്‍ന്ന് അദ്ദേഹത്തെ ഒഴിവാക്കി. ആക്ഷേപം ഉണ്ടായ ശേഷമാണ് ഒഴിവാക്കിയതെന്നും നേരത്തെതന്നെ മാറ്റി നിര്‍ത്തിയിരുന്നുവെന്നും കോടിയേരി പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമണത്തിന് പിന്നാലെ യുഡിഎഫ് നാട്ടിലുടനീളം അക്രമം അഴിച്ചുവിടുന്നുവെന്ന് കോടിയേരി ആരോപിച്ചു. ഇന്നലെ വയനാട്ടില്‍ ദേശാഭിമാനി ഓഫിസ് അടിച്ചുതകര്‍ത്തു. കെഎസ് യു സംസ്ഥാന പ്രസിഡന്റിന്റെയും കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റേയും നേതൃത്വത്തില്‍ 50 ഓളം വരുന്ന ആളുകളാണ് ആക്രമണം നടത്തിയത്‌.

രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമണം അത്യന്തം അപലപനീയമാണെന്നും ഒരുകാരണവശാലും നടക്കാന്‍ പാടില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. ഏതെല്ലാം പ്രശ്‌നങ്ങളുണ്ടെങ്കിലും ഇത്തരമൊരു സംഭവത്തിലേക്ക് എത്താന്‍ പാടില്ല. അത് ജനങ്ങളില്‍ നിന്ന് നമ്മളെ ഒറ്റപ്പെടുത്തും. സംഭവത്തെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അപലപിച്ചു, മുഖ്യമന്ത്രി അപലപിച്ചു. വയനാട് ജില്ലാകമ്മറ്റിയോട് ഇതുമായി ബന്ധപ്പെട്ട വിശദമായ പരിശോധന നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടി അംഗങ്ങള്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കും.

Similar News