അരിയില്‍ ഷുക്കൂര്‍ വധം: സിബിഐ നടപടി രാഷ്ട്രീയനീക്കത്തിന്റെ ഫലമെന്ന് കോടിയേരി

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായ കാലത്ത് ഉന്നതതലത്തില്‍ ഗൂഢാലോചന നടത്തിയാണ് പി ജയരാജനേയും ടി വി രാജേഷിനേയും കള്ളക്കേസില്‍ കുടുക്കി പ്രതികളാക്കിയത്.

Update: 2019-02-11 10:43 GMT

തിരുവനന്തപുരം: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും ടി വി രാജേഷ് എംഎല്‍എക്കുമെതിരെ മുസ്്‌ലീംലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ ഗൂഢാലോചന കുറ്റം ചുമത്തി അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ച സിബിഐ നടപടി തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള ബിജെപിയുടേയും കോണ്‍ഗ്രസ്സിന്റേയും യോജിച്ച രാഷ്ട്രീയനീക്കത്തിന്റെ ഫലമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായ കാലത്ത് ഉന്നതതലത്തില്‍ ഗൂഢാലോചന നടത്തിയാണ് പി ജയരാജനേയും ടി വി രാജേഷിനേയും കള്ളക്കേസില്‍ കുടുക്കി പ്രതികളാക്കിയത്.

2012 ല്‍ കണ്ണപുരം പോലിസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന സംഭവത്തില്‍ 73 സാക്ഷിപട്ടികയടക്കം 33 പ്രതികള്‍ അടങ്ങുന്ന കുറ്റപത്രമാണ് ലോക്കല്‍ പോലിസ് സമര്‍പ്പിച്ചത്. പിന്നീട് ഷുക്കൂറിന്റെ ഉമ്മ ഹൈക്കോടതിയില്‍ നല്‍കിയ റിട്ട് ഹരജിയെ തുടര്‍ന്നാണ് സിബിഐ അന്വേഷണത്തിന് ഉത്തരവുണ്ടാകുന്നത്. ലോക്കല്‍ പോലിസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഒരിടത്തും പി ജയരാജനും ടി വി രാജേഷും ഗൂഢാലോചന നടത്തിയതായി ആക്ഷേപമില്ല. ഗൂഢാലോചന ആരോപണം സംസ്ഥാന പോലിസ് തള്ളിയതാണ്. പഴയ സാക്ഷി മൊഴികളെ തന്നെ അടിസ്ഥാനമാക്കിയാണ് പുതിയ വകുപ്പ് ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചത്.

ഗൂഢാലോചന ആരോപണം തെളിയിക്കുന്ന പുതിയൊരു തെളിവും പുറത്തുകൊണ്ടുവരാന്‍ സിബിഐക്ക് കഴിഞ്ഞിട്ടില്ല. ഇതില്‍ നിന്നും വ്യക്തമാകുന്നത് സിപിഎമ്മിനെ വേട്ടയാടാന്‍ സിബിഐയെ കരുവാക്കുന്നുവെന്നാണ്. ഈ രാഷ്ട്രീയ ഗൂഢാലോചനയ്ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും കോടിയേരി വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.  

Tags:    

Similar News