കേന്ദ്ര മോട്ടോർ വാഹന നിയമ ഭേദഗതിക്കെതിരെ സിപിഎം

പിഴ കൂട്ടുകയല്ല, നിയമം കർശനമായി നടപ്പാക്കുകയാണ് വേണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. വൻ അഴിമതിയ്ക്ക് കളമൊരുങ്ങുന്നതാണ് പുതിയ നിയമഭേദഗതിയെന്ന് കോടിയേരി ആരോപിച്ചു.

Update: 2019-09-08 06:51 GMT

തിരുവനന്തപുരം: നിയമ ലംഘനങ്ങൾക്ക് ഭീമമായ പിഴ ഈടാക്കുന്ന കേന്ദ്ര മോട്ടോർ വാഹന നിയമ ഭേദഗതിയ്ക്ക് എതിരെ സിപിഎം. പിഴ കൂട്ടുകയല്ല, നിയമം കർശനമായി നടപ്പാക്കുകയാണ് വേണ്ടതെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു.

വൻ അഴിമതിയ്ക്ക് കളമൊരുങ്ങുന്നതാണ് പുതിയ നിയമഭേദഗതിയെന്ന് കോടിയേരി ആരോപിച്ചു. ''പിഴത്തുക കൂടുമ്പോൾ പതിനായിരം രൂപയ്ക്ക് പകരം പരിശോധനയ്ക്ക് ഇറങ്ങിയ ഉദ്യോഗസ്ഥന് അയ്യായിരം രൂപ കൊടുത്ത് ആളുകൾ ഊരിപ്പോരാൻ നോക്കും. അപ്പോൾ ആ പണം ആർക്ക് പോയി? സർക്കാരിനും കിട്ടുന്നില്ല. അഴിമതിയ്ക്ക് കളമൊരുങ്ങുകയും ചെയ്യുന്നു'', കോടിയേരി പറയുന്നു. എന്ത് ചെയ്യാൻ കഴിയുമെന്ന് ഗതാഗതവകുപ്പ് പരിശോധിക്കേണ്ടതുണ്ടെന്നും കോടിയേരി പറഞ്ഞു. 

നിയമ ഭേദഗതിക്കെതിരേ ഓട്ടോ, ലോറി തൊഴിലാളികളടക്കമുള്ള സിഐടിയുവിന്‍റെ തൊഴിലാളി സംഘടനകൾ സിപിഎമ്മിനെ സമീപിച്ചിരുന്നു. മാത്രമല്ല, നിയമം നടപ്പാക്കുന്നതിന് മുമ്പ് ഗതാഗതവകുപ്പ് കൃത്യമായി ഗൃഹപാഠം നടത്തിയില്ല എന്ന വിശകലനവും സിപിഎമ്മിലുണ്ട്. ഈ ഘട്ടത്തിൽ തൽക്കാലം നിയമവശം പരിശോധിച്ച് സംസ്ഥാനത്ത് നിയമം നടപ്പാക്കുന്നത് മാറ്റി വയ്ക്കാമോ എന്ന് പരിശോധിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുകയാണ് സിപിഎം.

മോട്ടോർ വാഹന ചട്ടലംഘനങ്ങൾക്ക് ഉയർന്ന പിഴയീടാക്കുകയെന്നത് അശാസ്ത്രീയമാണെന്നാണ് സിപിഎം നിലപാട്‌. ഉയർന്ന പിഴയീടാക്കുന്നത് വിപരീത ഫലം മാത്രമേ ഉണ്ടാക്കൂ. ചില സംസ്ഥാനങ്ങൾ ഈ നിയമം നടപ്പാക്കിയിട്ടില്ല. അപ്രായോഗികമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആന്ധ്ര, രാജസ്ഥാൻ, മധ്യപ്രദേശ് സർക്കാരുകൾ ഈ നിയമം നടപ്പാക്കാതെ വച്ചിരിക്കുന്നത്. സുപ്രീംകോടതിയെ സമീപിക്കാനാണ് ഇവരുടെ തീരുമാനം. സമാനമായ രീതിയിൽ നിയമവശം പരിശോധിച്ച് എന്ത് ചെയ്യാനാകുമെന്ന് പരിശോധിക്കണമെന്നാണ് സിപിഎം സ‍ർക്കാരിനോടും ഗതാഗതവകുപ്പിനോടും ആവശ്യപ്പെടുന്നത്.

Tags:    

Similar News