കൊച്ചിയില്‍ വന്‍ കഞ്ചാവുവേട്ട: 12.5 കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍

പാലാരിവട്ടം, ഇല്ലിക്കല്‍ വീട്ടില്‍,ശ്രീക്കുട്ടന്‍ (26), പത്തനംതിട്ട, തിരുവല്ല ,കുന്നന്താനം, അമ്പല പറമ്പില്‍ വീട്ടില്‍, അജിത്ത് അനില്‍ (21) എന്നിവരാണ് എറണാകുളം അഞ്ചുമനയില്‍ നിന്നും പോലിസ് പിടിയിലായത്.ഇവരില്‍ നിന്നും വില്‍പനക്കായി സൂക്ഷിച്ചിരുന്ന 12.5 കിലോ കഞ്ചാവ് കണ്ടെടുത്തതായി പോലിസ് പറഞ്ഞു.ഇരുവരും ചേര്‍ന്ന് ആന്ധ്രയില്‍ നിന്ന് തീവണ്ടി മാര്‍ഗമാണ് കൊച്ചിയില്‍ കഞ്ചാവ് എത്തിക്കുന്നത്. കിലോഗ്രാമിന് 600 രൂപ വിലയില്‍ വാങ്ങുന്ന കഞ്ചാവ് മൊത്തമായും, ചെറിയ പാക്കറ്റുകളാക്കിയും വില്‍പന നടത്തുന്നവരാണ് ഇവര്‍

Update: 2020-02-03 04:17 GMT

കൊച്ചി: കൊച്ചിയില്‍ കഞ്ചാവ് വേട്ട തുടരുന്നു. 12.5 കിലോ കഞ്ചാവുമായി രണ്ടു യുവാക്കള്‍ പോലിസ് പിടിയില്‍.പാലാരിവട്ടം, ഇല്ലിക്കല്‍ വീട്ടില്‍,ശ്രീക്കുട്ടന്‍ (26), പത്തനംതിട്ട, തിരുവല്ല ,കുന്നന്താനം, അമ്പല പറമ്പില്‍ വീട്ടില്‍, അജിത്ത് അനില്‍ (21) എന്നിവരാണ് എറണാകുളം അഞ്ചുമനയില്‍ നിന്നും പോലിസ് പിടിയിലായത്.ഇവരില്‍ നിന്നും വില്‍പനക്കായി സൂക്ഷിച്ചിരുന്ന 12.5 കിലോ കഞ്ചാവ് കണ്ടെടുത്തതായി പോലിസ് പറഞ്ഞു.ഇരുവരും ചേര്‍ന്ന് ആന്ധ്രയില്‍ നിന്ന് തീവണ്ടി മാര്‍ഗമാണ് കൊച്ചിയില്‍ കഞ്ചാവ് എത്തിക്കുന്നത്. കിലോഗ്രാമിന് 600 രൂപ വിലയില്‍ വാങ്ങുന്ന കഞ്ചാവ് മൊത്തമായും, ചെറിയ പാക്കറ്റുകളാക്കിയും വില്‍പന നടത്തുന്നവരാണ് ഇവര്‍.ശ്രീക്കുട്ടന്‍ കുടുംബവുമായി വഴക്കിട്ട് കുറെക്കാലം ഗോവയില്‍ ഹോട്ടല്‍ ജോലി ചെയ്തിരുന്നു. അവിടെ വച്ച് കഞ്ചാവ്,മരുന്നുമാഫിയകളുമായി ബന്ധം സ്ഥാപിച്ച ഇയാള്‍ ആന്ധ്രയില്‍ നിന്നും, ഒഡീഷയില്‍ നിന്നും വന്‍തോതില്‍ കഞ്ചാവ് കേരളത്തില്‍ എത്തിച്ചു കൊടുക്കുകയായിരുന്നു.


പാലാരിവട്ടത്ത് ഒരു സ്ഥാപനത്തില്‍ മാനേജരായി വര്‍ക്കു ചെയ്യുന്നതിനിടയില്‍ സംശയം തോന്നാത്ത രീതിയിലായിരുന്നു കച്ചവടം. ഇവിടെ വച്ച് പരിചയപ്പെട്ട അഞ്ചു മനയിലെ ഒരു വലിയ ലോന്‍ഡ്രി സ്ഥാപനത്തിന്റെ ഉടമയോട് പാര്‍ട്ടണര്‍ അകാമെന്ന വ്യാജേന ഈ സ്ഥാപനത്തില്‍ രണ്ടാഴ്ചയായി കടന്നു കൂടിയ ഇയാള്‍ രഹസ്യമായി ഇവിടെയും വന്‍ വില്‍പന നടത്തുകയായിരുന്നു. 600 രൂപ വിലയ്ക്ക് വാങ്ങുന്ന കഞ്ചാവിന് കേരളത്തില്‍ ലക്ഷങ്ങളാണ് വില ലഭിക്കുന്നത്. ഫോണില്‍ ബന്ധങ്ങള്‍ സ്ഥാപിച്ചെത്തുന്നവര്‍ക്ക് അയാള്‍ നിശ്ചയിക്കുന്ന രഹസ്യ താവളങ്ങളില്‍ വച്ചാണ് കഞ്ചാവ് കൈമാറിയിരുന്നത്. നോര്‍ത്ത് സ്റ്റേഷനില്‍ അടിപിടിക്ക് രണ്ട് കേസുണ്ട്. , സൗത്ത് സ്റ്റേഷനില്‍ ഒന്നര കിലോഗ്രാം ഗഞ്ചാവ് പിടികൂടിയതിന് നിലവില്‍ കേസുണ്ട്.അജിത്തിനെതിരെ പത്തനംതിട്ടയില്‍ കഞ്ചാവ് കേസുണ്ട്. നഗരത്തില്‍ വന്‍ തോതില്‍ കഞ്ചാവും, മാരകമായ ലഹരിമരുന്നുകളും എത്തുന്നതായി കൊച്ചി സിറ്റി കമ്മിഷണര്‍, വിജയ് സാഖറെയ്ക്ക്‌ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ദിവസങ്ങളായി ഇവര്‍ ലഹരി മരുന്നു പിടികൂടായി രൂപീകരിച്ച ഡാന്‍സാഫിന്റെ നിരീക്ഷണത്തിലായിരുന്നു ഇവര്‍.

സൂപ്പര്‍ ബൈക്കുകളില്‍ അതിവേഗം ഇടറോഡുകളിലൂടെ പാഞ്ഞു പോകുന്ന ഇവരെക്കുറിച്ചുള്ള രഹസ്യമായ അന്വേഷണത്തിലും, ഇവരുടെ താവളങ്ങള്‍ തേടി പല പ്രാവശ്യം പിന്‍തുടര്‍ന്നതിന്റെ അവസാന ഘട്ടത്തിലാണ് കൊച്ചിയിലെ വന്‍ കഞ്ചാവ് കച്ചവടക്കാര്‍ പിടിയിലാവുന്നത്. കൊച്ചി സിറ്റി ഡപ്യൂട്ടി കമ്മീഷണര്‍ ജി പൂങ്കുഴലിയുടെ നിര്‍ദ്ദേശപ്രകാരം നാര്‍ക്കോട്ടിക് അസിസ്റ്റന്റ് കമ്മീഷണര്‍ ബിജി ജോര്‍ജിന്റെ നേതൃത്വത്തില്‍ ഷാഡോ എസ് ഐ ജോസഫ് സാജന്‍, പാലാരിവട്ടം എസ് ഐ ലിജോ ജോസഫ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.പാലാരിവട്ടം സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടരുന്നു.ലഹരി മുക്ത കൊച്ചി' ക്കായി ലഹരി സങ്കേതങ്ങളെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ 9497980430 നമ്പറില്‍ അറിയിക്കണമെന്നും അറിയിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതാണെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. 

Tags:    

Similar News