കഴിഞ്ഞ 24 മണിക്കൂറില്‍ പെയ്തത് മഹാപ്രളയത്തിന് തുല്യമായ മഴ

കേരളത്തിലെ മഴലഭ്യതയുടെ കുറവ് 14 ശതമാനത്തില്‍ നിന്ന് എട്ട് ശതമാനമായി കുറഞ്ഞു. ഈ സമയത്ത് 1527 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്തു 1406.8 മില്ലിമീറ്റര്‍ മഴയാണ് ഇതുവരെ കിട്ടിയത്.

Update: 2019-08-10 09:09 GMT

തിരുവനന്തപുരം: ഇന്നലെ രാവിലെ 8.30 മുതല്‍ ഇന്ന് രാവിലെ 8.30 വരെയുള്ള 24 മണിക്കൂറില്‍ സംസ്ഥാനത്ത് പെയ്തത് 103.1 മില്ലിമീറ്റര്‍ മഴ. കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയത്തിലുണ്ടായതിന് സമാനമായ മഴയാണ് ഇത്. പല സ്ഥലങ്ങളിലും കഴിഞ്ഞ മഹാപ്രളയത്തിനേക്കാള്‍ കൂടുതല്‍ മഴ ലഭിച്ചിട്ടുണ്ട്.

കേരളത്തിലെ മഴലഭ്യതയുടെ കുറവ് 14 ശതമാനത്തില്‍ നിന്ന് എട്ട് ശതമാനമായി കുറഞ്ഞു. ഈ സമയത്ത് 1527 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്തു 1406.8 മില്ലിമീറ്റര്‍ മഴയാണ് ഇതുവരെ കിട്ടിയത്.

സംസ്ഥാനത്തെ 10 ജില്ലകളില്‍ ഇപ്പോള്‍ ശരാശരി മഴ കിട്ടിയിട്ടുണ്ട്. ഇടുക്കി ജില്ലയിലാണ് ഇപ്പോഴും കാര്യമായ മഴക്കുറവ് ഉള്ളത്. 26 ശതമാനം കുറവാണ് ഇവിടെ ലഭിച്ച മഴ. പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ശരാശരിയിലും അധികം മഴ കിട്ടി. പാലക്കാട് 17 ശതമാനവും കോഴിക്കോട് 12 ശതമാനവും കണ്ണൂരില്‍ 2 ശതമാനവും അധികം മഴ ലഭിച്ചതായാണ് കണക്ക്.

സംസ്ഥാനത്തെ 23 സ്ഥലങ്ങളില്‍ ഇന്നലെ 100 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ പെയ്തു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റെക്കോഡ് പ്രകാരം ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത് കോഴിക്കോട് ജില്ലയിലെ വടകരയിലാണ്. 296 മില്ലിമീറ്ററാണ് ഇവിടെ മഴ പെയ്തത്. ഇന്നലെ 200 മില്ലിമീറ്ററിലധികം മഴ പെയ്ത അഞ്ച് സ്‌റ്റേഷനുകളും വടക്കന്‍ ജില്ലകളിലാണ്.

200 മില്ലിമീറ്ററിന് മുകളില്‍ മഴ ലഭിച്ച സ്ഥലങ്ങള്‍

വടകര 296 മില്ലിമീറ്റര്‍

ഒറ്റപ്പാലം 286 മില്ലിമീറ്റര്‍

ഹൊസ്ദുര്‍ഗ് 220 മില്ലിമീറ്റര്‍

ഇരിക്കൂര്‍ 211 മില്ലിമീറ്റര്‍

വൈത്തിരി 210 മില്ലിമീറ്റര്‍ 

Tags:    

Similar News