പൗരത്വ സമരങ്ങള്‍ക്കെതിരായ പോലിസ് വേട്ട; കേരള പോലിസ് നടപ്പാക്കുന്നത് അമിത് ഷായുടെ അജണ്ട- വെല്‍ഫെയര്‍ പാര്‍ട്ടി

പരസ്യമായി വര്‍ഗീയവിദ്വേഷം പ്രചരിപ്പിക്കുന്ന സംഘപരിവാര്‍ നേതാക്കള്‍ക്കെതിരേ ഒരു പെറ്റി കേസുപോലും പോലിസ് ചുമത്തുന്നുമില്ല. നിയമാനുസൃതം അനുമതിവാങ്ങി പ്രകടനം നടത്തിയവര്‍ക്കെതിരേ പോലും കേസുകളെടുക്കുകയാണ്.

Update: 2020-01-15 15:21 GMT

തിരുവനന്തപുരം: കേരളത്തില്‍ പൗരത്വ നിയമഭേദഗതി സമരങ്ങള്‍ക്കെതിരേ നടക്കുന്ന പോലിസ് വേട്ടയിലൂടെ കേരളാ പോലിസ് അമിത് ഷായുടെ അജണ്ടയാണ് നടപ്പാക്കുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. ആഭ്യന്തരവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിക്ക് പോലിസിനുമേല്‍ യാതൊരു നിയന്ത്രണവുമില്ല. പൗരത്വ ഭേദഗതിക്കെതിരേ ശക്തമായ നിലപാടാണ് തങ്ങള്‍ക്കുള്ളതെന്നും നിയമത്തിനെതിരായ പ്രക്ഷോഭത്തിന് സര്‍ക്കാര്‍ നേതൃത്വം നല്‍കുമെന്നും മുഖ്യമന്ത്രി അവകാശപ്പെടുമ്പോള്‍തന്നെ പോലിസിന്റെ നിലപാട് സംഘപരിവാര്‍ നയത്തിനനുസരിച്ചാണ്.

കോഴിക്കോട് മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയുടെ അനൗണ്‍സ്‌മെന്റ് നടത്തിയ വാഹനം പോലിസ് പിടിച്ചെടുത്തു. ഇതിനെതിരേ സിപിഎമ്മിന് തന്നെ പ്രതികരിക്കേണ്ടിവന്നു. നൂറുക്കണക്കിന് കേസുകളാണ് പൗരത്വ നിയമത്തിനെതിരേ പ്രതിഷേധിച്ചവര്‍ക്കെതിരേ ചാര്‍ജ് ചെയ്യപ്പെട്ടിട്ടുള്ളതെന്ന് അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. പരസ്യമായി വര്‍ഗീയവിദ്വേഷം പ്രചരിപ്പിക്കുന്ന സംഘപരിവാര്‍ നേതാക്കള്‍ക്കെതിരേ ഒരു പെറ്റി കേസുപോലും പോലിസ് ചുമത്തുന്നുമില്ല. നിയമാനുസൃതം അനുമതിവാങ്ങി പ്രകടനം നടത്തിയവര്‍ക്കെതിരേ പോലും കേസുകളെടുക്കുകയാണ്.

കുറ്റിയാടിയില്‍ ബിജെപി പൊതുയോഗം നടക്കുന്ന സമയത്ത് കടകളടയ്ക്കണമെന്ന് ആഹ്വാനം ചെയ്തുവെന്ന പേരില്‍ ഏഴുപേര്‍ക്കെതിരേ മതസ്പര്‍ദയുണ്ടാക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് 153 വകുപ്പ് ചുമത്തിയാണ് സ്വമേധയാ പോലിസ് കേസെടുത്തിരിക്കുന്നത്. യുപിയിലും കര്‍ണാടകയിലും സമരക്കാരെ നേരിട്ടതുപോലെ കേരളത്തിലും പൗരത്വ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താനുള്ള പോലിസ് നടപടി നിയന്ത്രിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയണം. കേരളത്തില്‍ നടത്തുന്ന പ്രക്ഷോഭങ്ങളെ പോലിസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താമെന്ന് ആരും വ്യാമോഹിക്കേണ്ട. നിയമം പിന്‍വലിക്കുംവരെ കേരളത്തില്‍ വിപുലമായ പ്രക്ഷോഭപരിപാടികള്‍ നടക്കും. ജനാധിപത്യപ്രക്ഷോഭത്തെ തകര്‍ക്കാന്‍ വേണ്ടി നടക്കുന്ന പോലിസ് രാജിനെതിരേ ജനങ്ങള്‍ ഐക്യപ്പെടണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. 

Tags:    

Similar News