ശമ്പളം പിടിക്കാനുളള തീരുമാനത്തിനെതിരായ എതിര്‍പ്പ്; സര്‍വീസ് സംഘടനകളുമായി ധനമന്ത്രി ഇന്ന് ചര്‍ച്ച നടത്തും

വൈകീട്ട് നാലിന് ഓണ്‍ലൈനായി ചേരുന്ന യോഗത്തില്‍ അധ്യാപക-സര്‍വീസ് സംഘടനകളുടെ സംയുക്ത സമിതികളുടെ രണ്ടുവീതം പ്രതിനിധികള്‍ പങ്കെടുക്കും.

Update: 2020-09-22 02:36 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുളള തീരുമാനത്തിനെതിരേ എതിര്‍പ്പ് ശക്തമായ സാഹചര്യത്തില്‍ സര്‍വീസ് സംഘടനാ പ്രതിനിധികളുമായി സംസ്ഥാന സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. ധനമന്ത്രി തോമസ് ഐസക്കാണ് ചര്‍ച്ച നടത്തുന്നത്. ജീവനക്കാരുടെ ആറുദിവസത്തെ ശമ്പളം അഞ്ചുമാസത്തേക്ക് പിടിക്കാനായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍, എന്‍ജിഒ യൂനിയനടക്കം ഇതിനെതിരേ പ്രതിഷേധമുയര്‍ത്തിയ സാഹചര്യത്തിലാണ് അടിയന്തരമായി യോഗം ചേരുന്നത്.

അതേസമയം, സര്‍ക്കാര്‍ നിലപാടില്‍നിന്ന് പിന്‍മാറുമെന്ന സൂചനയൊന്നും ഇതുവരെയില്ല. സര്‍ക്കാര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഴം സംഘടനാനേതാക്കളെ ബോധ്യപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമം. ഇന്നോ നാളെയോ ഇതിനായി ഓര്‍ഡിനന്‍സ് ഇറങ്ങുമെന്നാണ് സൂചന. വൈകീട്ട് നാലിന് ഓണ്‍ലൈനായി ചേരുന്ന യോഗത്തില്‍ അധ്യാപക-സര്‍വീസ് സംഘടനകളുടെ സംയുക്ത സമിതികളുടെ രണ്ടുവീതം പ്രതിനിധികള്‍ പങ്കെടുക്കും. എന്തുകൊണ്ട് ശമ്പളം പിടിക്കേണ്ടിവരുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക് വിശദീകരിക്കും.

ജിഎസ്ടി നഷ്ടപരിഹാര സെസ് കെന്ദ്രസര്‍ക്കാര്‍ നല്‍കുന്നില്ല, കൊവിഡ് സമാശ്വാസനടപടികള്‍ക്കായി പണം വേണം തുടങ്ങിയവയാണ് സര്‍ക്കാരിന്റെ ന്യായീകരണം. സര്‍ക്കാര്‍ പിന്‍മാറിയില്ലെങ്കില്‍ പണിമുടക്കുമെന്ന് പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഓണം അഡ്വാന്‍സ് എടുത്തവര്‍ക്ക് പണം തിരിച്ചടയ്ക്കാനുളള കാലാവധി നീട്ടി നല്‍കാനും താഴെ തട്ടിലുളള ജീവനക്കാരെ സാലറി കട്ടില്‍നിന്ന് ഒഴിവാക്കാനുമാണ് ആലോചന. പ്രൊവിഡന്റ് ഫണ്ടില്‍നിന്ന് വായ്പയെടുത്തവര്‍ക്കും തിരിച്ചടവ് കാലാവധി നീട്ടിനല്‍കിയേക്കും.

ആറുദിവസത്തെ ശമ്പളം അഞ്ചുമാസത്തേക്കാണ് പിടിക്കുക. ആകെ ഒരുമാസത്തെ ശമ്പളമാണ് ഇങ്ങനെ പിടിച്ച് ട്രഷറിയില്‍ നിക്ഷേപിക്കുന്നത്. ഇത് ഒമ്പതുശതമാനം പലിശസഹിതം പിന്നീട് തിരിച്ചുനല്‍കും. അഞ്ചുമാസത്തെ ശമ്പളം പിടിച്ചതിന് പിന്നാലെയുള്ള തീരുമാനത്തില്‍ ജീവനക്കാര്‍ കടുത്ത അതൃപ്തിയിലാണ്. ഇക്കാര്യം പറയാന്‍ കഴിഞ്ഞ ബുധനാഴ്ച ധനമന്ത്രി വിളിച്ച യോഗത്തില്‍ പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ എതിര്‍പ്പുയര്‍ത്തിയിരുന്നു. സിപിഐ അനുകൂല സംഘടനയായ ജോയിന്റ് കൗണ്‍സില്‍ പരസ്യപ്രതിഷേധവുമുയര്‍ത്തി. ഇതെത്തുടര്‍ന്നാണ് ധനമന്ത്രി വീണ്ടും സര്‍വീസ് സംഘടനകളുടെ യോഗം വിളിക്കാന്‍ തീരുമാനിച്ചത്.

Tags: