'മേലാല്‍ വീട്ടില്‍ കയറിപ്പോവരുത്'; അമിക്കസ് ക്യൂറി റിപോര്‍ട്ടില്‍ മാധ്യമങ്ങളോട് ആക്രോശിച്ച് മന്ത്രി എം എം മണി

താനിപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരിക്കുന്നില്ലെന്നായിരുന്നു മന്ത്രിയുടെ ആദ്യപ്രതികരണം. ചോദ്യം ആവര്‍ത്തിച്ചതോടെ മന്ത്രി പൊട്ടിത്തെറിക്കുകയായിരുന്നു. 'എനിക്കൊന്നും പറയാനില്ല. നിങ്ങള്‍ പോ. പോവാന്‍ പറഞ്ഞാല്‍ പോവണം. ഞാന്‍ പ്രതികരിക്കാനില്ലെന്ന് പറഞ്ഞാല്‍പിന്നെ എന്തിനാ.

Update: 2019-04-03 10:59 GMT

തിരുവനന്തപുരം: പ്രളയകാലത്ത് കേരളത്തിലെ ഡാമുകള്‍ തുറന്നുവിട്ടതില്‍ വീഴ്ചയുണ്ടായെന്ന അമിക്കസ് ക്യൂറി റിപോര്‍ട്ടിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് ക്ഷുഭിതനായി വൈദ്യുതി മന്ത്രി എം എം മണി. താനിപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരിക്കുന്നില്ലെന്നായിരുന്നു മന്ത്രിയുടെ ആദ്യപ്രതികരണം. ചോദ്യം ആവര്‍ത്തിച്ചതോടെ മന്ത്രി പൊട്ടിത്തെറിക്കുകയായിരുന്നു. 'എനിക്കൊന്നും പറയാനില്ല. നിങ്ങള്‍ പോ. പോവാന്‍ പറഞ്ഞാല്‍ പോവണം. ഞാന്‍ പ്രതികരിക്കാനില്ലെന്ന് പറഞ്ഞാല്‍പിന്നെ എന്തിനാ.

എന്തെങ്കിലും പറയണമെങ്കില്‍ എനിക്ക് തോന്നണം' എന്ന് ആക്രോശിച്ച എം എം മണി, മേലാല്‍ എന്റെ വീട്ടില്‍ കയറിപ്പോവരുതെന്നും മുന്നറിയിപ്പ് നല്‍കി. പ്രളയം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് വീഴ്ചപറ്റിയെന്നും ഇതെക്കുറിച്ച് പരിശോധിക്കണമെന്നുമാവശ്യപ്പെട്ട് പതിനഞ്ചോളം ഹരജികളാണ് ഹൈക്കോടതിയിലെത്തിയിരുന്നത്. ഈ ഹരജികളില്‍ കോടതിയെ സഹായിക്കാനാണ് അഡ്വ. അലക്‌സ് പി ജേക്കബ് അധ്യക്ഷനായ അമിക്കസ് ക്യൂറിയെ ഡിവിഷന്‍ ബെഞ്ച് നിയമിച്ചത്. കേരളത്തിലുണ്ടായ മഹാപ്രളയം മനുഷ്യനിര്‍മിതമാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് ബലമേകിയാണ് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ റിപോര്‍ട്ട് നല്‍കിയത്. പ്രളയകാലത്ത് കേരളത്തിലെ ഡാമുകള്‍ തുറന്നുവിട്ടതിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ നല്‍കിയ റിപോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.  

Tags: