കേരളത്തില്‍ മല്‍സ്യലഭ്യത കുറഞ്ഞു; അയലയുടെയും മത്തിയുടെയും ലഭ്യതയില്‍ വന്‍ ഇടിവ്

കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാനത്തിന്റെ മൊത്ത മല്‍സ്യലഭ്യതയിലും ഗണ്യമായ കുറവാണുണ്ടായത്. മുന്‍വര്‍ഷത്തേക്കാള്‍ 15.4 ശതമാനമാണ് കുറവ്. രാജ്യത്തെ മൊത്ത സമുദ്ര മല്‍സ്യ ഉല്‍പാദനത്തില്‍ നേരിയ വര്‍ധനവ്.2019ല്‍ ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് പിടിച്ച മല്‍സ്യസമ്പത്തിന്റെ കണക്കാണ് സിഎംഎഫ്ആര്‍ഐ പുറത്തുവിട്ടത്

Update: 2020-06-30 09:04 GMT

കൊച്ചി: കേരളത്തില്‍ അയലയുടെയും മത്തിയുടെയും ലഭ്യതയില്‍ വന്‍ ഇടിവ്. കേന്ദ്ര സമുദ്രമല്‍സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആര്‍ഐ) വാര്‍ഷിക പഠന റിപ്പേപര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാനത്തിന്റെ മൊത്ത മല്‍സ്യലഭ്യതയിലും ഗണ്യമായ കുറവാണുണ്ടായത്. മുന്‍വര്‍ഷത്തേക്കാള്‍ 15.4 ശതമാനമാണ് കുറവ്. 2019ല്‍ ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് പിടിച്ച മല്‍സ്യസമ്പത്തിന്റെ കണക്കാണ് സിഎംഎഫ്ആര്‍ഐ പുറത്തുവിട്ടത്.കേരളീയരുടെ ഇഷ്ടമീനായ മത്തിയുടെ ലഭ്യത കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. വെറും 44,320 ടണ്‍ മത്തി മാത്രമാണ് കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ലഭിച്ചത്.

2018ല്‍ ഇത് 77,093 ടണ്‍ ആയിരുന്നു. 2012ല്‍ 3.9 ലക്ഷം ടണ്‍ സംസ്ഥാനത്ത് പിടിച്ചിരുന്നു. അതിന് ശേഷമുള്ള ഓരോ വര്‍ഷങ്ങളിലും മത്തി കുറഞ്ഞുവന്നെങ്കിലും 2017ല്‍ ചെറിയ തോതില്‍ കൂടി. എന്നാല്‍, കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും മത്തിയുടെ ഉല്‍പാദനം വീണ്ടും താഴോട്ടാണ്. സമുദ്രആവാസവ്യവസ്ഥയിലെ മാറ്റങ്ങള്‍ മത്തിയുടെ വളര്‍ച്ചയെ കാര്യമായി ബാധിക്കുന്നതാണ് കാരണം. ഈ കണ്ടെത്തലിനെ തുടര്‍ന്ന്, കഴിഞ്ഞ വര്‍ഷം കേരളത്തില്‍ മത്തി കുറയുമെന്ന് സിഎംഎഫ്ആര്‍ഐ നേരത്തെ തന്നെ പ്രവചിച്ചിരുന്നു. അയല മുന്‍വര്‍ഷത്തേക്കാള്‍ 50 ശതമാനമാണ് കേരളത്തില്‍ കുറഞ്ഞത്. ലഭിച്ചത് 40,554 ടണ്‍. 2018ല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ലഭിച്ച മത്സ്യമായിരുന്നു അയല. മത്സ്യലഭ്യതയില്‍ കുറവുണ്ടായെങ്കിലും രാജ്യത്തെ സമുദ്രമല്‍സോ്യാല്‍പാദനത്തില്‍ കേരളം മൂന്നാം സ്ഥാനം നിലനിര്‍ത്തി. തമിഴ്നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് മുന്നിലുള്ളത്. ഇത്തവണ കൊഴുവയാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പിടിച്ച മല്‍സ്യം.74,194 ടണ്‍.

ദേശീയതലത്തില്‍ നേരിയ വര്‍ധനവ്

കേരളത്തില്‍ കുറഞ്ഞെങ്കിലും രാജ്യത്തെ മൊത്തം സമുദ്രമല്‍സോ്യാല്‍പാദനത്തില്‍ 2.1 ശതമാനത്തിന്റെ നേരിയ വര്‍ധനവുണ്ട്. ഇന്ത്യയില്‍ ആകെ ലഭിച്ചത് 35.6 ലക്ഷം ടണ്‍ മല്‍സ്യമാണ്. സംസ്ഥാനത്ത് മാത്രമല്ല, രാജ്യത്താകെ അയലയുടെ ലഭ്യതയില്‍ ഇത്തവണ ഗണ്യമായ കുറവുണ്ടായി. കഴിഞ്ഞ ആറ് വര്‍ഷമായി തുടര്‍ച്ചായി ഒന്നാം സ്ഥാനത്തായിരുന്ന ഗുജറാത്തിനെ മറികടന്നാണ് തമിഴ്നാട് ഒന്നാമതെത്തിയത്. ഇന്ത്യയിലെ ആകെയുള്ള മല്‍സ്യലഭ്യതയില്‍ 21.7 ശതമാനവും തമിഴ്നാട്ടില്‍ നിന്നാണ്. കേരളത്തിന്റെ സംഭാവന 15.3 ശതമാനം.ദേശീയതലത്തില്‍ ഏറ്റവും കൂടുതല്‍ ലഭിച്ച മല്‍സ്യം വിപണിയില്‍ ആവശ്യക്കാരില്ലാത്തതും വാണിജ്യപ്രാധാന്യമില്ലാത്തതുമായ ക്ലാത്തിയാണ്്. മല്‍സ്യത്തീറ്റ ആവശ്യങ്ങള്‍ക്കാണ് ഇവയെ ഉപയോഗക്കുന്നത്. കേരളത്തില്‍ ഇത്തവണ രണ്ടാം സ്ഥാനം ക്ലാത്തിക്കാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷമുണ്ടായ എട്ട് ചുഴലിക്കാറ്റുകള്‍ കാരണം മല്‍സ്യബന്ധനത്തിന് പോകുന്ന ദിവസങ്ങളിലും കുറവുണ്ടായി. പശ്ചിമ ബംഗാള്‍, ആന്ധ്രപ്രദേശ്, ഒഡീഷ, കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ മല്‍സ്യലഭ്യത കൂടിയപ്പോള്‍ കേരളത്തിന് പുറമെ, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളില്‍ ലഭ്യത കുറഞ്ഞു.

സാമ്പത്തിക മൂല്യം കൂടി

കഴിഞ്ഞ വര്‍ഷം രാജ്യത്താകെ ലാന്‍ഡിംഗ് സെന്ററുകളില്‍ വിറ്റഴിക്കപ്പെട്ടത് 60,881 കോടി രൂപയുടെ മല്‍സ്യമാണ്. മുന്‍വര്‍ഷത്തേക്കാള്‍ 15.6 ശതമാനമാണ് വര്‍ധനവ്. കേരളത്തില്‍ 12,387 കോടി രൂപയുടെ മല്‍സ്യമാണ് ലാന്‍ഡിംഗ് സെന്ററുകളില്‍ വിറ്റത്. 2.35 ശതമാനത്തിന്റെ വര്‍ധനവുണ്ട്.ചില്ലറ വ്യാപാര കേന്ദ്രങ്ങളില്‍ 92,356 കോടി രൂപയുടെ മീനാണ് രാജ്യത്താകെ വില്‍പന നടത്തിയത് (വര്‍ധനവ് 15%). കേരളത്തില്‍ 17,515 കോടി രൂപയുടെ മീന്‍ ചില്ലറ വ്യാപാരത്തിലൂടെ വില്‍പന നടത്തി. വര്‍ധനവ് 18.97 ശതമാനം.ലാന്‍ഡിംഗ് സെന്ററുകളില്‍ ഒരു കിലോ മീനിന് 12.2 ശതമാനം കൂടി ശരാശരി വില 170.5 രൂപയും ചില്ലറ വ്യാപാരത്തില്‍ 12 ശതമാനം കൂടി 258 രൂപയും ലഭിച്ചു.സിഎംഎഫ്ആര്‍ഐയിലെ ഫിഷറി റിസോഴ്‌സസ് അസസ്‌മെന്റ് വിഭാഗമാണ് കണക്കുകള്‍ തയ്യാറാക്കിയത്. ഡയറക്ടര്‍ ഡോ എ ഗോപാലകൃഷ്ണന്‍, ഡോ ടി വി സത്യാനന്ദന്‍, ഡോ പ്രതിഭ രോഹിത്, ഡോ പി യു സക്കറിയ, ഡോ പി ലക്ഷ്മിലത, ഡോ ഇ എം അബ്ദുസ്സമദ്, ഡോ ജോസിലിന്‍ ജോസ്, ഡോ ആര്‍ നാരായണകുമാര്‍, ഡോ സി രാമചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു. 

Tags: