നിയമസഭാ തിരഞ്ഞെടുപ്പ്:എറണാകുളം ജില്ലയില്‍ സ്ഥാനാര്‍ഥികളുടെ ചെലവ് പരിശോധന വ്യാഴാഴ്ച മുതല്‍

Update: 2021-03-24 12:55 GMT

കൊച്ചി: എറണാകുളം ജില്ലയിലെ വിവിധ നിയമസഭാ നിയോജക മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ ചെലവ് പരിശോധന വ്യാഴാഴ്ച ആരംഭിക്കും. സ്ഥാനാര്‍ഥികളുടെ ചെലവ് കണക്കുകളുടെ ആദ്യഘട്ട പരിശോധന വ്യാഴം, വെള്ളി ദിവസങ്ങളിലായി പൂര്‍ത്തിയാകും. ഈ മാസം 29, 30 തീയതികളിലായി രണ്ടാംഘട്ട പരിശോധനയും അടുത്തമാസം മൂന്ന്, നാല് തീയതികളിലായി അവസാനഘട്ട ചെലവ് പരിശോധയും പൂര്‍ത്തിയാകും.സ്ഥാനാര്‍ഥികള്‍ പതിനായിരം രൂപയില്‍ കൂടുതല്‍ പണമായി സ്വീകരിക്കാനോ ചെലവഴിക്കാനോ പാടില്ല. പതിനായിരം രൂപയില്‍ കൂടുതലുള്ള ഇടപാടുകള്‍ ബാങ്ക് അക്കൗണ്ട് മുഖേനെയാണ് നടത്തേണ്ടത്.

സ്ഥാനാര്‍ഥികള്‍ മുഴുവന്‍ പണവും ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ച ശേഷമാണ് ചെലവാക്കേണ്ടത്. സ്ഥാനാര്‍ഥി നേരിട്ടും, സ്‌പോണ്‍സര്‍മാര്‍ മുഖേനെയും, പാര്‍ട്ടി മുഖേനെയുമുള്ള മുഴുവന്‍ വരവ് ചെലവ് കണക്കുകളും രജിസ്റ്ററില്‍ രേഖപ്പെടുത്തണം.പണം ചെലവഴിക്കാതെ സ്ഥാനാര്‍ഥി ഒരു സേവനം പ്രയോജനപ്പെടുത്തിയാല്‍ ആ സേവനത്തിന്റെ മൂല്യവും സ്ഥാനാര്‍ഥിയുടെ ചെലവില്‍ രേഖപ്പെടുത്തും.ഒന്നാംഘട്ട പരിശോധന പൂര്‍ത്തിയാകുമ്പോള്‍ ജില്ലയിലെ വിവിധ സ്ഥാനാര്‍ഥികളുടെ ഇലക്ഷന്‍ ചെലവിന്റെ പ്രാഥമിക കണക്കുകള്‍ ലഭ്യമാകും. 30.8 ലക്ഷം രൂപയാണ് ഒരു സ്ഥാനാര്‍ഥിക്ക് പരമാവധി ചെലവഴിക്കാവുന്ന തുക. നാമനിര്‍ദ്ദേശപത്രികാ സമര്‍പ്പണ ദിവസം മുതല്‍ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം വരെയുള്ള ചെലവുകളാണ് സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തന ചെലവുകളില്‍ ഉള്‍പ്പെടുത്തുന്നത്.

Tags:    

Similar News