ചെന്നിത്തലയ്‌ക്കെതിരേ കോടിയേരി; നിയമസഭയിലെ പക്വതയില്ലാത്ത വിമര്‍ശനം കോണ്‍ഗ്രസിന്റെ ദുരവസ്ഥയുടെ പ്രതിഫലനം

ആര്‍എസ്എസ് നിയന്ത്രിക്കുന്ന കേന്ദ്രസര്‍ക്കാരിനും സംഘപരിവാറിനും ബിജെപിക്കുമെതിരേ ശക്തമായ പോരാട്ടം നടന്ന നാളുകളാണ് കടന്നുപോയത്. പൗരത്വ നിയമഭേദഗതിയ്‌ക്കെതിരേ ഡല്‍ഹിയില്‍ സമരം ഇരമ്പിയ ദിനങ്ങളില്‍പോലും നേതൃത്വമേറ്റെടുക്കാന്‍ കോണ്‍ഗ്രസിന്റെ ഒരു നേതാവുമുണ്ടായില്ല.

Update: 2020-03-13 10:32 GMT

തിരുവനന്തപുരം: കൊവിഡ്- 19 ബാധയുടെ പശ്ചാത്തലത്തില്‍ നിയമസഭയില്‍ സര്‍ക്കാരിനെതിരേയും ആരോഗ്യവകുപ്പിനെതിരേയും വിമര്‍ശനമുന്നയിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. നിയമസഭയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ അംഗങ്ങള്‍ കൂവി വിളിച്ചതും പ്രതിപക്ഷ നേതാവിന്റെ പക്വതയില്ലാത്ത വിമര്‍ശനങ്ങളും തന്നെ തീരെ അത്ഭുതപ്പെടുത്തുന്നില്ലെന്ന് കോടിയേരി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിച്ചു. കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ദുരവസ്ഥയുടെ പ്രതിഫലനമാണ് ഇത്തരം പ്രകാശനങ്ങള്‍.

കോണ്‍ഗ്രസ് പാര്‍ട്ടി നേരിടുന്ന അപകടകരമായ സ്ഥിതിയെപ്പറ്റി ദേശീയതലത്തിലും കേരളത്തിലുമുള്ള ഒരു നേതാവിനും വേവലാതിയില്ല. ആര്‍എസ്എസ് നിയന്ത്രിക്കുന്ന കേന്ദ്രസര്‍ക്കാരിനും സംഘപരിവാറിനും ബിജെപിക്കുമെതിരേ ശക്തമായ പോരാട്ടം നടന്ന നാളുകളാണ് കടന്നുപോയത്. പൗരത്വ നിയമഭേദഗതിയ്‌ക്കെതിരേ ഡല്‍ഹിയില്‍ സമരം ഇരമ്പിയ ദിനങ്ങളില്‍പോലും നേതൃത്വമേറ്റെടുക്കാന്‍ കോണ്‍ഗ്രസിന്റെ ഒരു നേതാവുമുണ്ടായില്ല. കേരളത്തിലാവട്ടെ യോജിച്ച സമരനീക്കങ്ങളെപ്പോലും എങ്ങനെ തകര്‍ക്കാമെന്ന പരീക്ഷണത്തിലായിരുന്നു അവര്‍. ഈ ദയനീയസ്ഥിതിക്കിടയിലും ഗ്രൂപ്പ് തിരിഞ്ഞുള്ള തര്‍ക്കങ്ങള്‍ക്കും തമ്മിലടിക്കും ഒരു കുറവും വരുത്തുന്നുമില്ലെന്ന് കോടിയേരി പറഞ്ഞു.

അങ്ങേയറ്റത്തെ ജനദ്രോഹകരമായ സാമ്പത്തികനയങ്ങളിലൂടെ ഈ രാജ്യത്തെ തകര്‍ത്തെറിഞ്ഞവര്‍തന്നെയാണ് കോണ്‍ഗ്രസ്. പക്ഷേ, അതേ നയങ്ങള്‍ക്കൊപ്പം രാജ്യത്തെ ജനങ്ങളെയാകെ മതാടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കാന്‍ ഉതകുന്ന നയംകൂടി തുടരുന്ന പാര്‍ട്ടിയാണ് ഇപ്പോള്‍ ഭരണത്തില്‍. ഈ ഘട്ടത്തില്‍ സമരനിരയില്‍ സ്വന്തം പാര്‍ട്ടിയെ പ്രതീക്ഷിക്കുന്നവരാണ് കോണ്‍ഗ്രസിലെ അണികള്‍. അവരെയാണ് നിരാശയിലേക്ക് തള്ളി ഒരുനിര നേതാക്കള്‍ ബിജെപിയിലേക്ക് പോവുന്നതും ശേഷിച്ചവര്‍ അലസതയില്‍ അമരുന്നതും. വേറെ ചിലര്‍ നിലവാരമില്ലാതെ കൂവി വിളിക്കുന്നതും പക്വതയില്ലാതെ സംസാരിക്കുന്നതും. ജനങ്ങള്‍ക്ക് അവരില്‍ ഇനി എന്തുപ്രതീക്ഷയാണ് അര്‍പ്പിക്കാനാവുക. നാടിന്റെ നിലനില്‍പ്പുമായി ബന്ധപ്പെട്ട ഏതുവിഷയമാണെങ്കിലും മുന്നില്‍നിന്ന് പോരാടാന്‍ ഇനി കോണ്‍ഗ്രസിനെ കാത്തിരുന്നിട്ട് കാര്യമില്ലെന്നും ആ തിരിച്ചറിവാണ് ഇവരൊക്കെ നല്‍കുന്നതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.  

Tags:    

Similar News