തിരഞ്ഞെടുപ്പിലേത് കനത്ത തോല്‍വി, യുഡിഎഫിന്റെ തിരിച്ചുവരവ് ആശങ്കയില്‍; പ്രവര്‍ത്തക സമിതിയില്‍ 'ഹരിത'യ്ക്ക് കൂച്ചുവിലങ്ങിട്ട് മുസ്‌ലിം ലീഗ്

Update: 2021-10-02 10:47 GMT

കോഴിക്കോട്: നിയമസഭാ തിരഞ്ഞടുപ്പില്‍ നേരിടേണ്ടിവന്നത് കനത്ത തോല്‍വിയാണെന്ന് മുസ്‌ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗം വിലയിരുത്തി. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ചേര്‍ന്ന പ്രവര്‍ത്തകസമിതിയുടെ വിപുലമായ യോഗത്തിലാണ് കനത്ത പരാജയമാണ് പാര്‍ട്ടിക്കുണ്ടായതെന്ന വിലയിരുത്തലുണ്ടായത്. മുസ്‌ലിം ലീഗ് പരാജയപ്പെട്ട 12 മണ്ഡലങ്ങളിലും പരാജയ കാരണം കണ്ടെത്താന്‍ പുതിയ കമ്മിറ്റികള്‍ രൂപീകരിക്കാനും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാനും ധാരണയായി. കോണ്‍ഗ്രസിനെതിരേ പ്രവര്‍ത്തക സമിതിയില്‍ രൂക്ഷവിമര്‍ശനമുണ്ടായി.

കോണ്‍ഗ്രസില്‍ ഐക്യമില്ല. നേതാക്കള്‍ പരസ്പരം പോരടിക്കുകയാണ്. ഇത് ബാധിക്കുന്നത് യുഡിഎഫിനെ ആകെയാണെന്നും ലീഗ് വിമര്‍ശിക്കുന്നു. നിലവിലെ സാഹചര്യത്തില്‍നിന്ന് കഠിനാധ്വാനത്തിലൂടെ ലീഗിന് കരകയറാന്‍ കഴിയും. എന്നാല്‍, യുഡിഎഫിന്റെ തിരിച്ചുവരവില്‍ യോഗം ആശങ്ക പ്രകടിപ്പിച്ചു. യുഡിഎഫ് എന്ന മുന്നണി സംവിധാനം പഴയ തരത്തില്‍ ശക്തിയാര്‍ജിക്കുമോയെന്ന കാര്യത്തിലാണ് ലീഗ് സമിതി ആശങ്ക പ്രകടിപ്പിച്ചത്. അടുത്തിടെയുണ്ടായ ന്യൂനപക്ഷ വിവാദങ്ങളിലെല്ലാം അഴകൊഴമ്പന്‍ സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിച്ചതെന്നും ലീഗ് നേതൃയോഗം കുറ്റപ്പെടുത്തി.

യുഡിഎഫ് നേതൃത്വം ഇങ്ങനെ പോവാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ലീഗ് കൈയും കെട്ടി കാഴ്ച്ചക്കാരായി നില്‍ക്കേണ്ട കാര്യമില്ലെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. മുസ്‌ലിം ലീഗിനെ ഏറെ പ്രതിരോധത്തില്‍ നിര്‍ത്തിയ എംഎസ്എഫിന്റെ വനിതാ വിഭാഗമായ ഹരിതയിലുണ്ടായ പൊട്ടിത്തെറിയും വിവാദങ്ങളും പ്രവര്‍ത്തകസമിതിയില്‍ ചര്‍ച്ചയായി. ഹരിതയുടെ സംഘടനാ പ്രവര്‍ത്തനത്തിനായി പുതിയ മാര്‍ഗരേഖ പ്രവര്‍ത്തകസമിതി അംഗീകരിച്ചു. ഈ കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞാല്‍ ഹരിതയ്ക്ക് സംസ്ഥാന, ജില്ലാ കമ്മിറ്റികളുണ്ടാവില്ല. കോളജ് കമ്മിറ്റികള്‍ മാത്രമായി ഹരിതയെ പരിമിതപ്പെടുത്തും.

യൂത്ത് ലീഗിലും എംഎസ്എഫിലും കൂടുതല്‍ വനിതകള്‍ക്ക് ഭാരവാഹിത്വം നല്‍കാനും യോഗത്തില്‍ തീരുമാനമായി. കോളജുകളില്‍ മാത്രം സാന്നിധ്യമുള്ള ചെറുയൂനിറ്റായി ഹരിത മാറും. പോഷക സംഘടനാ ഭാരവാഹികളടക്കം 150 ഓളം പേര്‍ പങ്കെടുക്കുന്ന യോഗത്തില്‍ സംഘടന ശക്തിപ്പെടുത്തുന്നതിന് പാര്‍ട്ടിയില്‍ വരുത്തേണ്ട മാറ്റങ്ങളക്കെം പത്തംഗ ഉപസമിതിയുടെ പ്രവര്‍ത്തന നയരേഖയും ചര്‍ച്ചയായിട്ടുണ്ട്.

Tags: