പെരിയ ഇട്ടക്കൊലപാതകം: സര്‍ക്കാരിനുവേണ്ടി ഹൈക്കോടതിയില്‍ പുതിയ അഭിഭാഷകന്‍ ഹാജരാവും

പെരിയ ഇരട്ടക്കൊലപാതകക്കേസ് സിബിഐയ്ക്ക് കൈമാറിയ സിംഗിള്‍ ബഞ്ച് ഉത്തരവ് ചോദ്യംചെയ്ത് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ഇനി സിബിഐ അന്വേഷണം ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.

Update: 2019-11-04 02:30 GMT

കാസര്‍ഗോഡ്: പെരിയ ഇരട്ടക്കൊലപാതക കേസില്‍ സര്‍ക്കാരിന് വേണ്ടി ഹൈക്കോടതിയില്‍ പുതിയ അഭിഭാഷകന്‍ ഹാജരാവും. മുന്‍ അഡീഷനല്‍ സോളിസിറ്റര്‍ ജനറലായ മനീന്ദര്‍ സിങ്ങാണ് ഹാജരാവുക. കഴിഞ്ഞ തവണ സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുന്‍ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത്ത് കുമാറായിരുന്നു ഹാജരായത്. രഞ്ജിത്ത് കുമാറിന്റെ അസൗകര്യം കണക്കിലെടുത്താണ് പുതിയ അഭിഭാഷകനെ നിശ്ചയിച്ചതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. രഞ്ജിത്ത് കുമാറിന് ഇനി ഡിസംബര്‍ 10നുശേഷം മാത്രമാണ് ഡേറ്റുള്ളത്. പെരിയ ഇരട്ടക്കൊലപാതകക്കേസ് സിബിഐയ്ക്ക് കൈമാറിയ സിംഗിള്‍ ബഞ്ച് ഉത്തരവ് ചോദ്യംചെയ്ത് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ഇനി സിബിഐ അന്വേഷണം ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.

പ്രാഥമിക പരിശോധനയില്‍ കുറ്റപത്രത്തില്‍ പോരായ്മകളുണ്ടെന്നാണ് ഡിവിഷന്‍ ബെഞ്ച് അറിയിച്ചത്. കഴിഞ്ഞമാസം 30നായിരുന്നു പെരിയ കൊലപാതകക്കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് രൂക്ഷമായി വിമര്‍ശിച്ചത്. എത്രയുംവേഗം കേസ് സിബിഐക്ക് കൈമാറണമെന്നായിരുന്നു നിര്‍ദേശം. രണ്ട് യുവാക്കള്‍ അതിക്രൂരമായി കൊല്ലപ്പെട്ട കേസാണിതെന്ന് ഓര്‍മിപ്പിച്ച കോടതി, കേസില്‍ ഗൗരവപൂര്‍ണവും കാര്യക്ഷമവുമായ അന്വേഷണം നടന്നിട്ടില്ലെന്ന് നിരീക്ഷിച്ചിരുന്നു. ഇതെത്തുടര്‍ന്നാണ് കേസ് ഫയല്‍ സിബിഐയ്ക്ക് പോലിസ് കൈമാറിയത്. തിരുവനന്തപുരം സിബിഐ യൂനിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണനാണ് അന്വേഷണച്ചുമതല. കേസിലെ ഉന്നതതല ഗൂഢാലോചന കണ്ടെത്തണമെന്നാവശ്യപ്പെട്ടാണ് കൊല്ലപ്പെട്ട കൃപേഷ്, ശരത് ലാല്‍ എന്നിവരുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. 

Tags:    

Similar News