മനുഷ്യമഹാശൃംഖല: നിലപാടിലുറച്ച് കെ എം ബഷീര്‍; പൗരത്വ ഭേദഗതിക്കെതിരായ സമരങ്ങളില്‍ ഇനിയും പങ്കെടുക്കും

പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമായി പ്രതിഷേധത്തില്‍ പങ്കെടുത്തതിന് പുറത്താക്കിയ ലീഗ് നേതൃത്വത്തിന്റെ നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Update: 2020-01-28 07:08 GMT

മലപ്പുറം: പൗരത്വ നിയമഭേദഗതിക്കെതിരായി എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യമഹാശൃംഖലയില്‍ പങ്കെടുത്തതില്‍ ഒരു തെറ്റുമില്ലെന്ന് ആവര്‍ത്തിച്ച് മുസ്‌ലിം ലീഗ് ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് കെ എം ബഷീര്‍ രംഗത്ത്. പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമായി പ്രതിഷേധത്തില്‍ പങ്കെടുത്തതിന് പുറത്താക്കിയ ലീഗ് നേതൃത്വത്തിന്റെ നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളില്‍ ഇനിയും പങ്കെടുക്കും. ഒരടി പിന്നോട്ടില്ല. ഇന്നല്ലെങ്കില്‍ നാളെ എല്ലാവരും യോജിക്കേണ്ടിവരുമെന്ന് അദ്ദേഹം പ്രതികരിച്ചു. രാഷ്ട്രീയത്തിന്റെ ബാലപാഠം അറിയുന്നവര്‍ക്കുപോലും അറിയാം ഒറ്റപ്പെട്ട് പോയാല്‍ സമരം ദുര്‍ബലമാവുമെന്ന്.

ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന പ്രതിഷേധമാണ്. വോട്ടുബാങ്ക് രാഷ്ട്രീയം നോക്കി അതിന് ഇടങ്കോലിടരുത്. സിപിഎമ്മെന്ന് മാത്രമല്ല, മുസ്‌ലിം ജനപക്ഷത്ത് നില്‍ക്കുന്ന ഏത് സമരത്തിനും പിന്തുണ നല്‍കുമെന്ന് കെ എം ബഷീര്‍ പറഞ്ഞു. പാര്‍ട്ടി നടപടിയെക്കുറിച്ച് ഇതുവരെ ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല. മാധ്യമങ്ങളില്‍ പാര്‍ട്ടിയെ ഇകഴ്ത്തി സംസാരിച്ചുവെന്ന ആരോപണം തെറ്റാണ്. പിണറായി വിജയന് പൗരത്വവിരുദ്ധ പ്രക്ഷോഭങ്ങളുടെ നേതൃത്വമാവാന്‍ കഴിഞ്ഞിട്ടുണ്ടെന്ന അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നു. കൂട്ടായ പോരാട്ടം വേണമെന്ന അഭിപ്രായത്തോട് എ കെ ആന്റണിക്കുവരെ യോജിപ്പാണ്. തിരുവനന്തപുരത്ത് നടന്ന സമരത്തില്‍ എല്ലാവരും ഒരുമിച്ച് പങ്കെടുത്തതാണ്. പിന്നെ എപ്പോഴാണ് കെപിസിസി പ്രസിഡന്റിന് അത് ശരിയല്ലെന്ന് തോന്നിയത്.

പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയാലും മുസ്‌ലിം ലീഗുകാരന്‍ തന്നെയായി തുടരുമെന്നും കെ എം ബഷീര്‍ പ്രതികരിച്ചു. അതേസമയം, പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനാണ് കെ എം ബഷീറിനെ സസ്‌പെന്റ് ചെയ്തതെന്ന് മുസ്‌ലിം ലീഗ് നേതാവ് എം കെ മുനീര്‍ പ്രതികരിച്ചു. സമരത്തില്‍ പങ്കെടുത്തതിനെ ബഷീര്‍ ന്യായീകരിച്ചു. അതോടെയാണ് നടപടിയെടുത്തത്. മലപ്പുറം ജില്ലാ കമ്മിറ്റിയുടേത് ശരിയായ നടപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News