യോഗി ആദിത്യനാഥിനെതിരേ ട്വീറ്റ്; മാധ്യമ പ്രവര്‍ത്തകന്‍ ജയില്‍ മോചിതനായി

പ്രശാന്തിനെതിരായ നടപടി വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു

Update: 2019-06-12 16:10 GMT

ലക്‌നോ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അവഹേളിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് കനൂജിയ സുപ്രിംകോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് ജയില്‍ മോചിതനായി. മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കഴിഞ്ഞ ദിവസം യുപി സര്‍ക്കാരിനെതിരേ സുപ്രിംകോടതി രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും പ്രശാന്ത് കനൂജിയയെ ഉടന്‍ മോചിപ്പിക്കണമെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് താന്‍ വിവാഹാഭ്യര്‍ഥന നടത്തിയെന്നു അദ്ദേഹത്തിന്റെ ഓഫിസിന് പുറത്തുനിന്ന് ഒരു സ്ത്രീ പറയുന്ന വീഡിയോ ട്വിറ്ററിലും ഫേസ്ബുക്കിലും ഷെയര്‍ ചെയ്‌തെന്ന് ആരോപിച്ചാണ് ഇക്കഴിഞ്ഞ ജൂണ്‍ എട്ടിന് പ്രശാന്ത് കനൂജിയയെ പോലിസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ പ്രശാന്തിനെ കുടൂതെ നാലുപേരെയും അറസ്റ്റ് ചെയ്തിരുന്നു. പോലിസ് നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പ്രശാന്തിന്റെ ഭാര്യ ജഗീഷാ അറോറ സുപ്രിംകോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ഉടന്‍ ജാമ്യം നല്‍കി വിട്ടയയ്ക്കാന്‍ സുപ്രിംകോടതി നിര്‍ദേശം നല്‍കിയത്. പ്രശാന്തിനെതിരായ നടപടി വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. എഡിറ്റേഴ്‌സ് ഗില്‍ഡ് ഉള്‍പ്പെടെയുള്ളവര്‍ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.


Tags:    

Similar News