കളമശ്ശേരി സ്‌ഫോടനം: മുസ്‌ലിം യുവാക്കളെ കസ്റ്റഡിയിലെടുത്തത് വാര്‍ത്തയാക്കിയ മാധ്യമപ്രവര്‍ത്തകനെതിരേ കേസ്

Update: 2023-11-16 15:12 GMT

വടകര: കളമശ്ശേരി സ്‌ഫോടന പരമ്പരയില്‍ മുസ് ലിം യുവാക്കളെ കസ്റ്റഡിയിലെടുത്തത് വാര്‍ത്തയാക്കിയ മാധ്യമപ്രവര്‍ത്തകനെതിരേ കേസ്. ഓണ്‍ലൈന്‍ മാധ്യമമായ മക്തൂബ് മീഡിയയിലെ ന്യൂസ് കോണ്‍ട്രിബ്യൂട്ടറും ഫ്രീലാന്‍സ് ജേണലിസ്റ്റുമായ റെജാസ് എം ഷീബാ സിദീഖിനെതിരേയാണ് വടകര പോലിസ് കേസെടുത്തത്. യഹോവയുടെ സാക്ഷികളുടെ കണ്‍വന്‍ഷന്‍ സെന്ററില്‍ ബോംബ് സ്‌ഫോടനം നടത്തിയ സംഭവത്തിനു പിന്നാലെ പാനായിക്കുളം കേസില്‍ കോടതി വെറുതെവിട്ട നിസാം പാനായിക്കുളം, കുഞ്ഞുണ്ണിക്കര സ്വദേശി അബ്ദുല്‍ സത്താര്‍ എന്നിവരെ അന്യായമായി കസ്റ്റഡിയിലെടുത്തത് വാര്‍ത്തയാക്കിയതിനാണ് കേസെടുത്തത്. കലാപാഹ്വാനം ഉള്‍പ്പെടെ ഐപിസി 153 പ്രകാരമാണ് പോലിസ് സ്വമേധയാ കേസെടുത്തത്. പോലിസിനെ മുസ് ലിം വിരുദ്ധരെന്ന് വിളിച്ച് സമൂഹത്തില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്നാണ് പോലിസിന്റെ ആരോപണം. മുസ് ലിം യുവാക്കളെ മണിക്കൂറുകളോളം കരുതല്‍ തടങ്കലിലാക്കിയതിനെതിരേയാണ് വാര്‍ത്ത നല്‍കിയിരുന്നത്. സംഭവത്തില്‍ മക്തൂബ് മീഡിയ എഡിറ്റര്‍ അസ് ലഹ് കയ്യാലകത്തത്തിനെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. അഞ്ചുപേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കളമശ്ശേരി സ്‌ഫോടനത്തില്‍ ഡൊമിനിക് മാര്‍ട്ടിനാണ് പ്രതി. സ്‌ഫോടനത്തിനു പിന്നാലെയാണ് മുസ് ലിം യുവാക്കളെ അന്യായമായി പോലിസ് മണിക്കൂറുകളോളം കസ്റ്റഡിയിലെടുത്ത് തടഞ്ഞുവച്ചത്.


അതേസമയം, വസ്തുതകളെ അടിസ്ഥാനമാക്കിയുള്ള എന്റെ റിപോര്‍ട്ടില്‍ ഉറച്ചുനില്‍ക്കുന്നതായും എനിക്കെതിരേ കേസെടുത്തത് യോഗി ആദിത്യനാഥോ ഏതെങ്കിലും ബിജെപി ഭരിക്കുന്ന സംസ്ഥാനമോ അല്ല, പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സിപിഎം സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള പോലിസാണെന്നും ഇന്ന് ദേശീയ പത്രദിനം കൂടിയാണെന്നും റെജാസ് എം ഷീബാ സിദീഖ് ഫേസ്ബുക്കിലൂടെ അറിയിച്ചു. വാര്‍ത്തയില്‍ ഉറച്ചുനില്‍ക്കുന്നതായും റിപോര്‍ട്ടര്‍ക്കെതിരായ നടപടയില്‍ നിയപരമായ എല്ലാ പിന്തുണയും നല്‍കുമെന്നും മക്തൂബ് മീഡിയ സിഇഒ ശംസീര്‍ ഇബ്രാഹീം പ്രസ്താവനയില്‍ അറിയിച്ചു.

Tags:    

Similar News