മാധ്യമ പ്രവര്‍ത്തകന്റെ മരണം; റിമാന്‍ഡിലായിട്ടും ശ്രീറാമിന്റെ സസ്‌പെന്‍ഷന്‍ വൈകുന്നു
റിമാന്‍ഡിലായി 48 മണിക്കൂറിനകം സസ്‌പെന്‍ഡ് ചെയ്യണമെന്ന സര്‍വീസ് ചട്ടം നിലനില്‍ക്കെ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് നടപടി നീളുകയാണ്.
തിരുവനന്തപുരം: മദ്യപിച്ച് അമിതവേഗതയിലോടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിക്കാനിടയായ സംഭവത്തില്‍ റിമാന്‍ഡിലായ സര്‍വ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാതെ സര്‍ക്കാര്‍. റിമാന്‍ഡിലായി 48 മണിക്കൂറിനകം സസ്‌പെന്‍ഡ് ചെയ്യണമെന്ന സര്‍വീസ് ചട്ടം നിലനില്‍ക്കെ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് നടപടി നീളുകയാണ്.
സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയ കെ എം ബഷീര്‍ വാഹനമിടിച്ച് മരിച്ച കേസില്‍ ഇന്നലെ വൈകിട്ടാണ് ശ്രീറാമിനെ അറസ്റ്റ് ചെയ്തത്. മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് പൊലിസ് ആദ്യം കേസെടുത്തതെങ്കിലും പിന്നീട് ശ്രീറാം മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജാമ്യമില്ലാ വകുപ്പുകളും ചുമത്തുകയായിരുന്നു. അപകടത്തിന് ശേഷം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റായ ശ്രീറാമിനെ മജിസ്‌ട്രേറ്റുമായി എത്തിയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.
അപകടം നടന്ന് മണിക്കൂറുകള്‍ പിന്നിട്ടിട്ടും ശ്രീറാം വെങ്കിട്ടരാമനില്‍ നിന്ന് രക്ത സാംമ്പിള്‍ ശേഖരിക്കാത്തത് ഏറെ വിവാദമായിരുന്നു. അപകടസമയത്ത് എത്രത്തോളം മദ്യപിച്ചിട്ടുണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്ന ഫലം കേസില്‍ ഏറെ നിര്‍ണായകമാണ്. കാറില്‍ നിന്ന് വിരലടയാളമെടുത്തെങ്കിലും ശ്രീറാമില്‍ നിന്ന് ഇതുവരെയും വിരലടയാളം ശേഖരിച്ചിട്ടില്ല.
അപകടത്തിനു ശേഷം ദേഹപരിശോധനയ്ക്കായി ശ്രീറാമിനെ മെഡിക്കല്‍ കോളജിലേക്ക് ഡോക്ടര്‍ റഫര്‍ ചെയ്തിരുന്നെങ്കിലും സ്വന്തം ഇഷ്ടപ്രകാരം ശ്രീറാം സ്വകാര്യ ആശുപത്രിയിലേക്ക് പോകുകയായിരുന്നു. ശ്രീറാമിന് കാര്യമായ ആരോഗ്യപ്രശ്‌നമില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
ശ്രീറാമിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമെന്ന അഭ്യൂഹമുണ്ടായിരുന്നെങ്കിലും പിന്നീട് സ്വകാര്യ ആശുപത്രിയില്‍ തന്നെ തുടരാന്‍ അനുവദിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ തുടര്‍ന്ന് ജാമ്യത്തിന് ശ്രമിക്കാനാണ് ശ്രീറാമിന്റെ നീക്കം.
കേസില്‍ ശ്രീറാമിനൊപ്പം സുഹൃത്ത് വഫാ ഫിറോസിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അപകരമായ രീതിയില്‍ വാഹനമോടിച്ചതിനെ പ്രോത്സാഹിപ്പിച്ചുവെന്ന വിലയിരുത്തലിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ഇരുവരുടെയും ലൈസന്‍സ് റദ്ദാക്കും. കൂളിങ് ഫിലിം ഒട്ടിച്ച് ചില്ലുകള്‍ മറച്ചതിനും തുടര്‍ച്ചയായി നിയമലംഘനങ്ങള്‍ നടത്തിയതിനും കാറിന്റെ രജിസ്‌ട്രേഷനും റദ്ദാക്കും.

