മരണത്തിലും പുഞ്ചിരി മായാത്ത ആ സൗമ്യ മുഖം ഇനി തിരുവനന്തപുരത്തേക്കില്ല

സര്‍വ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മരിച്ച മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ ഖബറടക്കം കോഴിക്കോട് ചെറുവണ്ണൂരില്‍ നടന്നു.

Update: 2019-08-04 02:56 GMT

കോഴിക്കോട്: ജീവതത്തിലുടനീളം കാത്തുസൂക്ഷിച്ച പുഞ്ചിരി മരണത്തിന്റെ വേദനയിലും ചുണ്ടില്‍ നിന്നു മായാതെ കെ എം ബഷീര്‍ എന്ന പ്രിയപ്പെട്ടവരുടെ കെഎംബി യാത്രയായി. സര്‍വ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മരിച്ച മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ ഖബറടക്കം കോഴിക്കോട് ചെറുവണ്ണൂരില്‍ നടന്നു. കുടുംബ വീടിന് അടുത്ത് ഞായറാഴ്ച്ച പുലര്‍ച്ചെ അഞ്ച് മണിക്കായിരുന്നു ഖബറടക്കം. ഇന്നലെ തിരുവനന്തപുരത്ത് നിന്നു മലപ്പുറം വാണിയന്നൂരെ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷമാണ് മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ടുവന്നത്. നാട്ടുകാരും ബന്ധുക്കളുമടക്കം നൂറ് കണക്കിന് ആളുകളാണ് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്. മയ്യിത്ത് പാതിരാത്രിയോടെ എത്തുമെന്ന് പ്രതീക്ഷിച്ച് സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ ഉറക്കമിളച്ച് കാത്തിരിക്കുകയായിരുന്നു.



ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയാണ് അമിത വേഗത്തിലെത്തിയ ശ്രീറാമിന്റെ കാറിടിച്ച് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയ കെ എം ബഷീര്‍ കൊല്ലപ്പെട്ടത്. കൊല്ലത്ത് സിറാജ് പത്രത്തിന്റെ യോഗത്തില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം.

പറക്കമുറ്റാത്ത രണ്ട് മക്കളെയും സ്‌നേഹനിധിയായ ഭാര്യയെയും ഈയിടെ പൂര്‍ത്തിയായ വീട് നിര്‍മിക്കാന്‍ വാങ്ങിയ കടവുമൊക്കെ ബാക്കിയാക്കിയാണ് കെഎംബി യാത്രയായത്. കഴിഞ്ഞ ആഴ്ചയാണ് ബഷീര്‍ വീട്ടിലേക്ക് അവസാനമായി വന്നത്. നാല് മാസം മുമ്പാണ് പുതിയ വീടിന്റെ പണികഴിപ്പിച്ചത്. വീട്ടില്‍ ഭാര്യയും രണ്ട് മക്കളുമാണുള്ളത്. കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു ബഷീര്‍.

പ്രതി ഉന്നത സ്ഥാനീയനായതു കൊണ്ടു തന്നെ നിയമത്തിന്റെ പഴുതുകളും സ്വാധീനവും ഉപയോഗിച്ച് രക്ഷപ്പെടുമോ എന്ന ആശങ്കയിലാണ് ബന്ധുക്കള്‍. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ സര്‍വ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ രക്ത പരിശോധന വൈകിയത് തന്നെ ദുരൂഹമാണെന്ന് സഹോദരന്‍ അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു. കേസില്‍ പ്രതി ചേര്‍ക്കപ്പെടാതിരിക്കാനും സാക്ഷികള്‍ മൊഴി മാറ്റി പറയാന്‍ സാധ്യതയുണ്ടെന്നതടക്കമുള്ള സംശയവും തങ്ങള്‍ക്കുണ്ട്. സിറാജ് പത്രത്തിന്റെ അധികൃതരുമായി കൂടിയാലോചിച്ച് തുടര്‍ കാര്യങ്ങള്‍ ചെയ്യുമെന്നും അബ്ദുള്‍ റഹ്!മാന്‍ വ്യക്തമാക്കി. 

Tags:    

Similar News