കേസ് രാഷ്ട്രീയപ്രേരിതമെന്ന് ശ്രീറാം; ജാമ്യാപേക്ഷയില്‍ നാളെ വാദം കേള്‍ക്കും
കസ്റ്റഡി അപേക്ഷ പരിഗണിച്ചതിനുശേഷമേ ജാമ്യാപേക്ഷ പരിഗണിക്കാനാകൂവെന്ന് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അറിയിച്ചു. കസ്റ്റഡി അപേക്ഷ നാളെയാണ് പരിഗണിക്കുക. കേസ് രാഷ്ട്രീയപ്രേരണയെ തുടര്‍ന്നുണ്ടായതാണെന്നും മാധ്യമങ്ങള്‍ ഇല്ലാ കഥകള്‍ പ്രചരിപ്പിക്കുകയാണെന്നും ശ്രീറാമിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.
തിരുവനന്തപുരം: മദ്യപിച്ച് അമിതവേഗതയിലോടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരണപ്പെട്ട കേസില്‍ റിമാന്‍ഡ് ചെയ്ത ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് നാളെത്തേക്ക് മാറ്റി. കസ്റ്റഡി അപേക്ഷ പരിഗണിച്ചതിനുശേഷമേ ജാമ്യാപേക്ഷ പരിഗണിക്കാനാകൂവെന്ന് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അറിയിച്ചു. കസ്റ്റഡി അപേക്ഷ നാളെയാണ് പരിഗണിക്കുക. കേസ് രാഷ്ട്രീയപ്രേരണയെ തുടര്‍ന്നുണ്ടായതാണെന്നും മാധ്യമങ്ങള്‍ ഇല്ലാ കഥകള്‍ പ്രചരിപ്പിക്കുകയാണെന്നും ശ്രീറാമിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. കേസില്‍ രാഷ്ട്രീയ, മാധ്യമസമ്മര്‍ദമുണ്ട്. കുറ്റം ചെയ്തിട്ടില്ലെന്നും വലതുകൈയ്ക്ക് പരിക്കുള്ളതിനാല്‍ വിദഗ്ധചികില്‍സ ആവശ്യമാണെന്നും ജാമ്യം അനുവദിക്കണമെന്നും ശ്രീറാമിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇതിനെ എതിര്‍ത്ത പ്രോസിക്യൂഷന്‍ ശ്രീറാമിനെ കസ്റ്റഡിയില്‍ വിടേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി.
ശ്രീറാമിനെ കസ്റ്റഡിയില്‍ വേണമെന്നും വിരലടയാളം പരിശോധിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടു. പോലിസിന്റെ കസ്റ്റഡി അപേക്ഷ പരിഗണിച്ച് കോടതി ശ്രീറാമിനായി പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. കസ്റ്റഡി അപേക്ഷയില്‍ തീരുമാനമായതിനുശേഷം ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് കോടതി പ്രതിഭാഗത്തെ അറിയിച്ചു. രക്തം, മുടി, ഫിംഗര്‍ പ്രിന്റ് എന്നിവയുടെ രാസപരിശോധന ആവശ്യമാണെന്നാണ് കസ്റ്റഡി അപേക്ഷയില്‍ പോലിസ് അറിയിച്ചിരിക്കുന്നത്. അതേസമയം, നരഹത്യാകുറ്റം ചുമത്തിയുള്ള ശ്രീറാം വെങ്കിട്ടരാമന്റെ റിമാന്‍ഡ് റിപോര്‍ട്ട് പുറത്തുവന്നു. പ്രതി മദ്യപിച്ചിരുന്നതായും ഉന്നത ഉദ്യോഗസ്ഥനായതിനാല്‍ സാക്ഷികളെ സ്വാധീനിക്കാമെന്നും റിമാന്‍ഡ് റിപോര്‍ട്ടില്‍ പോലിസ് വിശദീകരിക്കുന്നുണ്ട്.
