'ലൗ ജിഹാദ്': ജോസ് കെ മാണി ബിജെപിക്ക് കുടപിടിക്കരുത്- യു നവാസ്

Update: 2021-03-29 16:24 GMT

കോട്ടയം: വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് ബിജെപി നടത്തുന്ന വ്യാജപ്രചാരണമാണ് 'ലൗ ജിഹാദ് ' എന്ന് തിരിച്ചറിഞ്ഞിട്ടും രാഷ്ട്രീയ നേട്ടത്തിനായി ഏറ്റുപിടിച്ച് ജോസ് കെ മാണി ബിജെപിക്ക് കുടപിടിക്കരുതെന്ന് എസ്ഡിപിഐ കോട്ടയം ജില്ലാ പ്രസിഡന്റ് യു നവാസ്. കോടതിയും അന്വേഷണ ഏജന്‍സികളും പണ്ടേ എഴുതിത്തള്ളിയതയാണ് 'ലൗ ജിഹാദ് '.

ബിജെപിക്ക് വേരുറപ്പിക്കാന്‍ കേരളത്തിന്റെ മതേതര മണ്ണ് പാകമല്ലെന്ന തിരിച്ചറിവാണ് ന്യൂനപക്ഷങ്ങളെ നുണപ്രചാരണത്തിലൂടെ ശത്രുതയിലാക്കുകയെന്നത്. ഈ യാഥാര്‍ഥ്യം തിരിച്ചറിയുന്നതില്‍ ജോസ് കെ മാണി പരാജയപ്പെടുന്നത് ഖേദകരമാണ്. ജോസ് കെ മാണിയുടെ പ്രസ്താവനയെത്തുടര്‍ന്ന് സംഘപരിവാര നേതാക്കള്‍ വലിയ പ്രചാരണത്തിന് തുടക്കമിട്ടിരിക്കുകയാണ്. ഇത് സമുദായ സ്പര്‍ദയ്ക്കും വിദ്വേഷത്തിനും ഇടയാക്കും.

മതേതര പക്ഷത്തുനില്‍ക്കുന്നവര്‍ എന്നവകാശപ്പെടുന്നവര്‍ ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ ജാഗ്രതപുലര്‍ത്തണമായിരുന്നു. ജോസ് കെ മാണിയുടെ പ്രസ്താവനയോടെ വിഷയം വീണ്ടും സജീവചര്‍ച്ചയായിരിക്കുന്നു. ഇത് ധ്രുവീകരണത്തിന് ആക്കം കൂട്ടുമെന്നും വര്‍ഗീയ ശക്തികളാണ് ഇതിന്റെ വിളവെടുപ്പ് നടത്തുകയെന്നും നവാസ് ആശങ്ക രേഖപ്പെടുത്തി.

Tags: