ജീവന്‍ അപകടത്തിലാകുമോയെന്ന് ഭയമുണ്ടെന്ന് പ്രതികളെ കുറിച്ച് വെളിപ്പെടുത്തിയ വിദ്യാര്‍ഥി

അക്രമങ്ങളിലൂടെ മാത്രമേ പാര്‍ട്ടി വളര്‍ത്താവൂ എന്ന ഇപ്പോഴത്തെ യൂണിയന്‍ ഭാരവാഹികളുടെ നിലപാടിനെതിരായാണ് ഞങ്ങള്‍ ഇപ്പോള്‍ പോരാടുന്നതെന്നും ജിതിന്‍ പറഞ്ഞു

Update: 2019-07-13 09:00 GMT

തിരുവനന്തപുരം: ജീവന്‍ അപകടത്തിലാകുമോയെന്ന് ഭയമുണ്ടെന്ന് യൂണിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷത്തില്‍ പ്രതികളായ എല്ലാവരും കേരളാ സര്‍വകലാശാലയിലെ യൂണിയന്‍ ഓഫീസിലുണ്ടെന്ന വെളിപ്പെടുത്തല്‍ നടത്തിയ അഖിലിന്റെ സഹപാഠി ജിതിന്‍. സ്വകാര്യ ചാനലിലെ ചർച്ചയിലാണ് പ്രതികളെ കുറിച്ച് ജിതിന്‍ വിവരം നല്‍കിയത്. പ്രശ്നം തുടങ്ങിയ അന്ന് തന്നെ കേസ് ഒതുക്കിത്തീര്‍ക്കാന്‍ എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി ഇടപെട്ടുവെന്നും ജിതിന്‍ പറഞ്ഞു.

വൈകിട്ട് അഞ്ച് മണിയോടെ കേരള സര്‍വകലാശാലയിലെ യൂണിയന്‍ ഓഫീസായ സ്റ്റുഡന്‍സ് സെന്ററില്‍ എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിക്ക് പരാതി നല്‍കാനായി പോയപ്പോഴാണ് നസീമടക്കമുള്ള പ്രതികളെ അവിടെ കണ്ടത്. പോലിസിന് വേണമെങ്കില്‍ ഇപ്പോഴും പ്രതികളെ പിടിക്കാം. അവരുടെ കൈയ്യെത്തും ദൂരത്ത് പ്രതികളുണ്ട്. എന്നാല്‍ അതു നടക്കുമെന്ന് കരുതുന്നില്ല. ഇന്നു രാത്രി തന്നെ അവരെല്ലാം ഒളിവില്‍ പോകും.'- ഇതായിരുന്നു ചാനലില്‍ ജിതിന്‍ പറഞ്ഞത്.

എന്റെ കൂട്ടുകാരനാണ് ഇപ്പോള്‍ ജീവന്‍ തുലാസില്‍ വെച്ച് ആശുപത്രിയില്‍ കിടക്കുന്നത്. അവനു വേണ്ടിയാണ് ഞാനിവിടെ വന്ന് ഇതൊക്കെ പറയുന്നത്. ഇതെല്ലാം പറഞ്ഞതിന്റെ പേരില്‍ നാളെ എന്റെ ജീവനും ഒരുപക്ഷേ അപകടത്തിലാവും. എങ്കിലും എനിക്ക് ഇതു പറയാതെ പറ്റില്ല. അക്രമങ്ങളിലൂടെ മാത്രമേ പാര്‍ട്ടി വളര്‍ത്താവൂ എന്ന ഇപ്പോഴത്തെ യൂണിയന്‍ ഭാരവാഹികളുടെ നിലപാടിനെതിരായാണ് ഞങ്ങള്‍ ഇപ്പോള്‍ പോരാടുന്നതെന്നും ജിതിന്‍ പറഞ്ഞു.

Tags:    

Similar News