ജാമിഅ മില്ലയയിലേത് പോലിസ് നരനായാട്ട്: മുല്ലപ്പള്ളി

വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിവച്ചിട്ടില്ലെന്ന് ഡല്‍ഹി പോലിസും കേന്ദ്ര ആഭ്യന്തരമന്ത്രാലയവും വാദിക്കുമ്പോഴാണ് ആശുപത്രിയില്‍ ചികില്‍സ തേടിയ രണ്ടുവിദ്യാര്‍ഥികളെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഇവരുടെ ശരീരത്തിലുള്ളത് വെടിയേറ്റ പരിക്കാണെന്ന് വ്യക്തമാക്കിയത്.

Update: 2019-12-17 09:15 GMT

തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്കെതിരേ പ്രതിഷേധിച്ച ജാമിഅ മില്ലയയിലെ വിദ്യാര്‍ഥികള്‍ക്കെതിരേ പോലിസ് നടത്തിയത് നരനായാട്ടാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ജനാധിപത്യസംവിധാനത്തില്‍ സര്‍ക്കാരുകളുടെ തെറ്റായ നടപടി ചോദ്യംചെയ്യാനും പ്രതിഷേധിക്കാനും എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍, പ്രതിഷേധിക്കുന്നവരെ വെടിവച്ചുകൊല്ലുന്ന സമീപനമാണ് നരേന്ദ്രമോദിയുടേയത്. വിദ്യാര്‍ഥി സമരത്തെ അക്രമാസക്തമാക്കിയത് പോലിസാണ്. വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിവച്ചിട്ടില്ലെന്ന് ഡല്‍ഹി പോലിസും കേന്ദ്ര ആഭ്യന്തരമന്ത്രാലയവും വാദിക്കുമ്പോഴാണ് ആശുപത്രിയില്‍ ചികില്‍സ തേടിയ രണ്ടുവിദ്യാര്‍ഥികളെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഇവരുടെ ശരീരത്തിലുള്ളത് വെടിയേറ്റ പരിക്കാണെന്ന് വ്യക്തമാക്കിയത്.

ശത്രുസൈന്യത്തെ നേരിടുന്നത് പോലെയാണ് വിദ്യാര്‍ഥികളെ കേന്ദ്രസര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നത്. ന്യൂനപക്ഷവിഭാഗങ്ങളെ അടിച്ചൊതുക്കുകയെന്ന ലക്ഷ്യംവച്ചാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി. ഇതൊരിക്കലും അംഗീകരിക്കാനാവില്ല. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അന്യതാബോധം ശക്തിപ്പെട്ടു. ഇത് സാമുദായിക വിടവ് വര്‍ധിപ്പിക്കാനിടയാക്കും. വിവേചനത്തിന്റെയും അസഹിഷ്ണുതയുടെയും രാഷ്ട്രീയത്തെ എന്തുവിലകൊടുത്തും കോണ്‍ഗ്രസ് പരാജയപ്പെടുത്തുമെന്നും മുല്ലപ്പള്ളി പറഞ്ഞു. 

Tags:    

Similar News