കൈനകരിയില്‍ കര്‍ഷകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

എടത്വ കോയില്‍മുക്ക് പുത്തന്‍പറമ്പില്‍ ബിനു തോമസാണ് (45) ആശുപത്രിയിലുള്ളത്.

Update: 2022-04-13 18:54 GMT

പ്രതീകാത്മക ചിത്രം

ആലപ്പുഴ: കൃഷി നാശത്തെ തുടര്‍ന്ന് കൈനകരിയില്‍ കര്‍ഷകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. വിഷം കഴിച്ച നെല്‍കര്‍ഷകനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എടത്വ കോയില്‍മുക്ക് പുത്തന്‍പറമ്പില്‍ ബിനു തോമസാണ് (45) ആശുപത്രിയിലുള്ളത്.

കുടുംബ വഴക്കാണോ കാരണമെന്ന സംശയം ഉയര്‍ന്നെങ്കിലും അതിനുള്ള സാധ്യത ബന്ധുക്കള്‍ തള്ളിക്കളയുന്നു. ബിനുവിന്റെ ഭാര്യ വിദേശത്താണ്. വീട്ടില്‍ മാതാവ് മാത്രമാണുള്ളത്.

എടത്വ കൃഷിഭവന്‍ പരിധിയില്‍ 4 ഏക്കറില്‍ ബിനു പാട്ടക്കൃഷി ചെയ്തിരുന്നു. വേനല്‍മഴയില്‍ കൃഷി വെള്ളത്തിലായി. മങ്കോട്ട ഇല്ലം പള്ളിക്കു സമീപത്ത് അടുത്തിടെ വാങ്ങിയ പുരയിടത്തിലെ ഷെഡിലാണ് ബിനുവിനെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തിയത്.

പാട്ടക്കൃഷിക്കു പുറമെ ബിനു കൊയ്ത്തുയന്ത്രം എത്തിക്കുന്ന ഏജന്റുമായിരുന്നെന്നും യന്ത്രം എത്തിക്കുന്നതു സംബന്ധിച്ച് പല പാടശേഖര സമിതികളുമായി കരാര്‍ വച്ചിരുന്നെന്നും അറിയുന്നു. എന്നാല്‍ സംഭവത്തെപ്പറ്റി വിവരം ലഭിച്ചിട്ടില്ലെന്ന് എടത്വ പോലിസ് പറയുന്നു.

Tags: