നിയമവിരുദ്ധ സമാന്തര സര്‍വ്വീസ്; മൂന്ന് ജില്ലകളില്‍ നിന്ന് പിടികൂടിയത് 27 വാഹനങ്ങള്‍

നിയമവിരുദ്ധ സമാന്തര സര്‍വീസുകള്‍ മൂലം കെഎസ്ആര്‍ടിസിക്ക് വന്‍തോതില്‍ റവന്യു നഷ്ടം വരുത്തുവെന്ന കെഎസ്ആര്‍ടിസി സിഎംഡിയുടെ പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന.

Update: 2019-07-23 18:05 GMT

തിരുവനന്തപുരം: ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം കെഎസ്ആര്‍ടിസിയും മോട്ടോര്‍ വാഹന വകുപ്പും പോലിസും സംയുക്തമായി നടത്തിയ വാഹന പരിശോധനയില്‍ കുടുങ്ങിയത് 27 വാഹനങ്ങള്‍. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിന്നാണ് വാഹനങ്ങള്‍ പിടിച്ചെടുത്തത്. നിയമവിരുദ്ധ സമാന്തര സര്‍വീസുകള്‍ മൂലം കെഎസ്ആര്‍ടിസിക്ക് വന്‍തോതില്‍ റവന്യു നഷ്ടം വരുത്തുവെന്ന കെഎസ്ആര്‍ടിസി സിഎംഡിയുടെ പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന.

കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് സര്‍വ്വീസ് വന്ന 'KYR0S' എന്ന ബസ് ആറ്റിങ്ങല്‍ വച്ചും എറണാകുളം അമ്യത ആശുപത്രിയില്‍ നിന്നും കടയ്ക്കലിലേക്ക സര്‍വീസ് വന്ന 'ശരണ്യ' ബസ് അടുരില്‍ വച്ചും പിടികൂടി. ആറ്റിങ്ങല്‍, ചിറയിന്‍കീഴ്,ഓച്ചിറ ,ചവറ, കരുനാഗപ്പള്ളി, എനാത്ത്, അടൂര്‍, ആര്യങ്കാവ്, പുനലൂര്‍, പത്തനാപുരം, പാരിപ്പള്ളി, കൊട്ടാരക്കര, കോന്നി, തുടങ്ങിയ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 9 ടെമ്പോ 13 ജിപ്പ്, 2 ആട്ടോറിക്ഷ, 3 ബസുകള്‍ ഉള്‍പ്പെടെ 27 വാഹനങ്ങള്‍ പിടികൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തിങ്കളാഴ്ച്ച രാവിലെ തുടങ്ങിയ പരിശോധനകള്‍ ഇന്നലെ വെളുപ്പിനാണ് അവസാനിച്ചത്. കല്യാണ ആവിശ്യങ്ങള്‍, വിനോദയാത്രകള്‍ തുടങ്ങിയവക്ക് മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന കോണ്‍ട്രാറ്റ് പെര്‍മിറ്റ് ഉപയോഗിച്ച് സ്‌റ്റേജ് ക്യാരേജ് സര്‍വീസ് നടത്തിയ ഈ വാഹനങ്ങളെ മുഴുവന്‍ കസ്റ്റഡിയിലെടുത്ത് കെഎസ്ആര്‍ടിസിയുടെ വിവിധ ഡിപ്പോകളിലും പോലിസ് സ്‌റ്റേഷനിലുകളുമായി സുക്ഷിച്ചിരിക്കുകയാണ്. കെഎസ്ആര്‍ടിസിയുടെ ആറ്റിങ്ങല്‍, പത്തനംതിട്ട, അടൂര്‍, പുനലൂര്‍ കരുനാഗപ്പളളി, പത്തനാപുരം, കൊട്ടാരക്കര ഡിപ്പോകളില്‍ പരിശോധനകള്‍ മൂലം വന്‍ വരുമാന വര്‍ദ്ധനവുമുണ്ടായി.

കൊട്ടാരക്കര, അടൂര്‍, കരുനാഗപ്പള്ളി ഭാഗങ്ങളില്‍ സര്‍വീസ് നടത്തുന്ന ശരണ്യയുള്‍പ്പെടെയുള്ള സ്വകാര്യ വാഹനങ്ങള്‍ റുട്ടും സമയവും തെറ്റിയാണ് സര്‍വീസ് നടത്തുന്നതെന്നും അത്തരം വാഹനങ്ങള്‍ക്കെതിരെ പരിശോധനകളും, നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് കെഎസ്ആര്‍ടിസി സൗത്ത് സോണ്‍ എക്‌സി: ഡയറക്ടര്‍ അറിയിച്ചു.

പരിശോധനയില്‍ കഴക്കൂട്ടം ആര്‍ടിഒ ഓഫിസില്‍ നിന്നു എഎംവിഐമാരായ ജെ ദീപക്, എസ് ആര്‍ ഷംനാദ്, എസ് ജെ ശ്രീജിത്ത് എന്നിവരും സിപിഒമാരായ കൃഷ്ണപ്രസാദ്, ഇസ്മായില്‍, ബീജിഷ് നായര്‍ എന്നിവരും കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരും പങ്കെടുത്തു.

Tags:    

Similar News