മനുഷ്യാവകാശ കമ്മീഷന് ആദിവാസി സമ്മേളനം: ആദിവാസികള്‍ക്ക് കൃത്യമായ വിവരം ലഭിച്ചിട്ടില്ലെന്ന് ആരോപണം
പോലിസ് നടപടി മൂലം ദുരിതം അനുഭവിക്കുന്ന ആദിവാസികള്‍ക്ക് അടക്കം കൃത്യമായി വിവരം ലഭിച്ചിട്ടില്ലെന്നാണ് ആക്ഷേപം ഉയരുന്നത്. പരിപാടി നേരത്തെ അറിയാത്തത് മൂലം കേസില്‍ കുടുങ്ങി കിടക്കുന്നവരേയും മനുഷ്യാവകാശ ലംഘനങ്ങള്‍ നേരിടുന്നവരേയും സമ്മേളനത്തില്‍ എത്തിക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്.
കല്പറ്റ: ആദിവാസി സമൂഹം നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ നേരിട്ട് ചര്‍ച്ച ചെയ്യാനെന്ന പേരില്‍ ചൊവ്വാഴ്ച്ച രാവിലെ 10ന് സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന മനുഷ്യാവകാശ കമ്മീഷന് ആദിവാസി സമ്മേളനം സംബന്ധിച്ച് ആദിവാസികള്‍ക്ക് കൃത്യമായ വിവരം ലഭിച്ചിട്ടില്ലെന്ന് ആക്ഷേപം. പോലിസ് നടപടി മൂലം ദുരിതം അനുഭവിക്കുന്ന ആദിവാസികള്‍ക്ക് അടക്കം കൃത്യമായി വിവരം ലഭിച്ചിട്ടില്ലെന്നാണ് ആക്ഷേപം ഉയരുന്നത്. പരിപാടി നേരത്തെ അറിയാത്തത് മൂലം കേസില്‍ കുടുങ്ങി കിടക്കുന്നവരേയും മനുഷ്യാവകാശ ലംഘനങ്ങള്‍ നേരിടുന്നവരേയും സമ്മേളനത്തില്‍ എത്തിക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. ആദിവാസി പ്രമോട്ടര്‍മാര്‍ വഴി ഊരുകളില്‍ വിവരം അറിയിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചെങ്കിലും കൃത്യമായി വിവരം ലഭിച്ചിട്ടില്ലെന്ന് പൊതുപ്രവര്‍ത്തകര്‍ പറയുന്നു.
ആദിവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ജില്ലാതല ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ പരിഹരിക്കുന്നതിനായാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ നേതൃത്വത്തില്‍ വയനാട്ടില്‍ ആദിവാസി സമ്മേളനം നടത്തുന്നത്. സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ ഇന്ന് രാവിലെ 10 ന് കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് പരിപാടി ഉദ്ഘാടനം ചെയ്യും. കമ്മീഷന് ജുഡീഷ്യല്‍ അംഗം പി മോഹനദാസ് അധ്യക്ഷത വഹിക്കും.
സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, മാനന്തവാടി മേഖലകളില്‍ നിന്നും 300 ലധികം ആദിവാസികളും ജില്ലയിലെ 60 ഓളം ഉദ്യോഗസ്ഥരും സംബന്ധിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. ആദിവാസികളുടെ പരാതികള്‍ നേരിട്ട് കേട്ട് പരിഹാരം നിര്‍ദ്ദേശിക്കാനാണ് കമ്മീഷന് തീരുമാനം. ഉദ്യോഗസ്ഥരുടെ സഹായത്തോടെ പരിഹരിക്കാന്‍ കഴിയുന്ന പരാതികള്‍ തത്സമയം പരിഹരിക്കും. അടിയന്തിരമായി പരിഹരിക്കാന്‍ കഴിയാത്ത പരാതികള്‍ക്കുള്ള നിര്‍ദ്ദേശം റിപോര്‍ട്ടായി സര്‍ക്കാരിന് സമര്‍പ്പിക്കും. പട്ടികവര്‍ഗ്ഗ വികസന ഡയറക്ടര്‍ ഡോ. പി പുകഴേന്തിയും പങ്കെടുക്കന്നുണ്ട്.