മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു:പൊതുമേഖലയിലെ ഭിന്നശേഷിക്കാര്‍ക്കും സ്‌പെഷ്യല്‍ കാഷ്വല്‍ലീവ്

ഇക്കാര്യം ആവശ്യപ്പെട്ട് എറണാകുളം ട്രാക്കോ കേബിള്‍ ജീവനക്കാരനായ കെ ശ്രീകുമാര്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പരാതി മാനുഷികമായി പരിഗണിക്കാന്‍ കമ്മീഷന്‍ ധനവകുപ്പിന് നിര്‍ദ്ദേശം നല്‍കി. ഇതിനെ തുടര്‍ന്നാണ് 165/2020 ധനം നമ്പരായി സ്‌പെഷ്യല്‍ കാഷ്വല്‍ലീവ് അനുവദിച്ച് ധന സെക്രട്ടറി ഉത്തരവിറക്കിയത്

Update: 2021-06-22 11:55 GMT

കൊച്ചി : പൊതുമേഖലാ സ്ഥാപനങ്ങളിലെ 40 ശതമാനത്തിലധികം അംഗവൈകല്യമുള്ള ഭിന്നശേഷിക്കാരായ സ്ഥിരം ജീവനക്കാര്‍ക്ക് പ്രതിവര്‍ഷം 15 ദിവസത്തെ സ്‌പെഷ്യല്‍ കാഷ്വല്‍ലീവ് അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം വി കെ ബീനാകുമാരിയുടെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി.ഇക്കാര്യം ആവശ്യപ്പെട്ട് എറണാകുളം ട്രാക്കോ കേബിള്‍ ജീവനക്കാരനായ കെ ശ്രീകുമാര്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് പരാതി മാനുഷികമായി പരിഗണിക്കാന്‍ കമ്മീഷന്‍ ധനവകുപ്പിന് നിര്‍ദ്ദേശം നല്‍കി. ഇതിനെ തുടര്‍ന്നാണ് 165/2020 ധനം നമ്പരായി സ്‌പെഷ്യല്‍ കാഷ്വല്‍ലീവ് അനുവദിച്ച് ധന സെക്രട്ടറി ഉത്തരവിറക്കിയത്. ശാരീരിക വൈകല്യവുമായി ആശുപത്രിയിലോ താമസസ്ഥലത്തോ ഉള്ള ചികില്‍സയ്ക്കു വേണ്ടിയാണ് അവധി അനുവദിക്കുന്നത്. മെഡിക്കല്‍ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും ഒറ്റത്തവണയായോ പലതവണയായോ അവധി അനുവദിക്കുകയെന്ന് ധനവകുപ്പ് കമ്മീഷനില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഭിന്നശേഷിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിലവില്‍ സ്‌പെഷ്യല്‍ലീവ് ലഭിക്കുന്നുണ്ട്.

Tags: