കുര്‍ബ്ബാന ഏകീകരണം: സീറോ മലബാര്‍ സഭയില്‍ വിവാദം മുറുകുന്നു;ജനാഭിമുഖ കുര്‍ബ്ബാന തുടരാന്‍ മാര്‍പാപ്പ അനുവദിച്ചെന്ന് മാര്‍ ആന്റണി കരിയില്‍;വാദം തള്ളി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി

മാര്‍പാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ എറണാകുളം-അങ്കമാലി അതിരൂപതയില്‍ ജനാഭിമുഖ കുര്‍ബ്ബാര്‍ തുടരാന്‍ അനുവാദം ലഭിച്ചതായി എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി മാര്‍ ആന്റണി കരിയില്‍.എറണാകുളം-അങ്കമാലി അതിരൂപതയക്ക് മാര്‍പാപ്പ ഇളവ് നല്‍കിയതായി തനിക്ക് അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി

Update: 2021-11-27 05:59 GMT

കൊച്ചി: സീറോമലബാര്‍ സഭയില്‍ ഏകീകൃത കുര്‍ബ്ബാന അര്‍പ്പണ രീതിയെച്ചൊല്ലി വീണ്ടും വിവാദം മുറുകുന്നു.മാര്‍പാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ എറണാകുളം-അങ്കമാലി അതിരൂപതയില്‍ ജനാഭിമുഖ കുര്‍ബ്ബാന തുടരാന്‍ അനുവാദം ലഭിച്ചതായി എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി മാര്‍ ആന്റണി കരിയില്‍.എന്നാല്‍ മാര്‍ ആന്റണി കരിയിലിന്റെ വാദം തള്ളി സീറോ മലാബര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി രംഗത്തെത്തി.

കുര്‍ബ്ബാന ഏകീകരണം നടപ്പിലാക്കുന്നതില്‍ എറണാകുളം-അങ്കമാലി അതിരൂപതയക്ക് മാര്‍പാപ്പ ഇളവ് നല്‍കിയതായി തനിക്ക് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ കുര്‍ബ്ബാന ഏകീകരണവുമായി ബന്ധപ്പെട്ട് സിനഡ് തീരുമാനത്തിന് മാറ്റമില്ലെന്നും മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.നാളെ മുതലാണ് സീറോ മലബാര്‍ സഭയില്‍ കുര്‍ബ്ബാന ഏകീകരണം നടപ്പിലാക്കുന്നത്.എന്നാല്‍ ഇതിനെതിരെ എറണാകുളം-അങ്കമാലി അതിരൂപത അടക്കം സീറോ മലബാര്‍ സഭിയുടെ കീഴിലെ വിവിധ രൂപതകള്‍ കഴിഞ്ഞ ഏതാനും നാളുകളായി പ്രതിഷേധം തുടരുകയായിരുന്നു.നിലവില്‍ ചൊല്ലിക്കൊണ്ടിരിക്കുന്ന ജനാഭിമുഖ കുര്‍ബ്ബാന മാത്രമെ തങ്ങള്‍ അംഗീകരിക്കുവെന്നും ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കുന്ന തീരുമാനം അനുവദിക്കില്ലെന്നുമായിരുന്നു ഇവരുടെ നിലപാട്.

ഈ ആവശ്യമുന്നയിച്ച് എറണാകുളം-അങ്കമാലി അതിരൂപത അടക്കമുള്ള രൂപതകള്‍ മാര്‍പാപ്പയ്ക്ക് നിവേദനം നല്‍കുകയും സീറോ മലബാര്‍ സഭാ ആസ്ഥാനമായ എറണാകുളം കാക്കനാട് സെന്റ് തോമസ് മൗണ്ടിലേക്ക് വൈദികരും വിശ്വാസികളും പ്രതിഷേധ മാര്‍ച്ചും നടത്തിയിരുന്നു. എന്നാല്‍ കുര്‍ബ്ബാന ഏകീകരണമെന്ന നിലപാടുമായി സഭാ നേതൃത്വം മുന്നോട്ടു പോകുകയായിരുന്നു.തുടര്‍ന്നാണ് പ്രശ്‌ന പരിഹാരത്തിനായി മാര്‍ ആന്റണി കരിയില്‍ റോമിലെത്തിയത്.

ഈ മാസം 25,26 തിയതികളിലായി വത്തിക്കാനില്‍ വെച്ച് മാര്‍പാപ്പയുമായും പൗരസ്ത്യ സഭകള്‍ക്കുവേണ്ടിയുള്ള കാര്യാലയത്തിന്റെ പ്രീഫെക്ട് കര്‍ദ്ദിനാള്‍ ലെയൊനാര്‍ദോ സാന്ദ്രിയയുമായി താന്‍ കൂടിക്കാഴ്ച നടത്തി കൂര്‍ബ്ബാന ഏകീകരവുമായി ബന്ധപ്പെട്ട് ഉടലെടുത്തിരിക്കുന്ന പ്രശ്‌നങ്ങള്‍ ധരിപ്പിച്ചുവെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ എറണാകുളം-അങ്കമാലി അതിരൂപതയില്‍ കുര്‍ബ്ബാന ഏകീകരണം നടപ്പിലാക്കാന്‍ ഒഴിവ് നല്‍കിയതായും മാര്‍ ആന്റണി കരിയില്‍ റോമില്‍ നിന്ന് അയച്ചിരിക്കുന്ന സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.ഇതു പ്രകാരം നാളെ മുതല്‍ ഈ ഒഴിവ് പ്രാബല്യത്തില്‍ വരുത്താന്‍ പൗരസ്ത്യ സഭകള്‍ക്കുവേണ്ടിയുള്ള കാര്യാലയം തന്നെ അധികാരപ്പെടുത്തിയതായും നിലവിലുള്ള ജനാഭിമുഖ കുര്‍ബ്ബാന തുടരേണ്ടതാണെന്നും മാര്‍ ആന്റണി കരിയില്‍ വ്യക്തമാക്കി.

എന്നാല്‍ ഈ വാദം തള്ളിക്കൊണ്ടാണ് ഇപ്പോള്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി രംഗത്തെത്തിയിരിക്കുന്നത്. മാര്‍പാപ്പയുടെ ആഹ്വാനത്തിന്റെയും പൗരസ്ത്യ സഭകള്‍ക്കുള്ള കാര്യാലയത്തിന്റെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സീറോ മലബാര്‍ സഭയില്‍ കുര്‍ബ്ബാന ഏകീകരണത്തിനുള്ള തീരുമാനം സിനഡ് എടുത്തതെന്നും ഇതില്‍ നിന്നും എറണാകുളം-അങ്കമാലി അതിരൂപതയെ ഒഴിവാക്കിയതായി തനിക്ക് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നുമാണ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കിയത്.ഈ സാഹചര്യത്തില്‍ സിനഡ് തീരുമാനം എല്ലാവരും നടപ്പിലാക്കണമെന്നും മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ചൂണ്ടിക്കാട്ടി.

Tags:    

Similar News