സംസ്ഥാനത്തെ ലഹരി ഉപയോഗത്തിലെ വര്‍ധന;നിയന്ത്രിക്കാന്‍ നടപടി വേണമെന്ന് ഹൈക്കോടതി

വിദ്യാഭ്യാസ സ്ഥാപനങ്ങളും യൂനിവേഴ്സിറ്റികളും ലഹരി വിമുക്തമാക്കുന്നതിനു പ്രത്യേകം പദ്ധതികള്‍ തയ്യാറാക്കണം.ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്തുന്നതിനു ചെലവുകുറഞ്ഞതും എളുപ്പത്തില്‍ ഉപയോഗിക്കാവുന്നതുമായ ഉപകരണങ്ങള്‍ കണ്ടെത്തി പോലിസിനും എക്സൈസിനും നല്‍കുന്നതിനു നടപടി സ്വീകരിക്കണമെന്നു കോടതി നിര്‍ദ്ദേശിച്ചു

Update: 2021-02-10 16:07 GMT

കൊച്ചി: സംസ്ഥാനത്ത് ലഹരിയുടെ ഉപയോഗം അടുത്തകാലത്തായി വര്‍ധിച്ചുവരുന്നുണ്ടെന്നു മാധ്യമങ്ങളുടെ എഡിറ്റോറിയലുകളില്‍ നിന്നു ബോധ്യപ്പെട്ടിട്ടുണ്ടെന്നു ഹൈക്കോടതി. ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്തുന്നതിനു ചെലവുകുറഞ്ഞതും എളുപ്പത്തില്‍ ഉപയോഗിക്കാവുന്നതുമായ ഉപകരണങ്ങള്‍ കണ്ടെത്തി പോലിസിനും എക്സൈസിനും നല്‍കുന്നതിനു നടപടി സ്വീകരിക്കണമെന്നു കോടതി നിര്‍ദ്ദേശിച്ചു.

സംസ്ഥാനത്തെ ലഹരിയുടെ ദുരുപയോഗം സംബന്ധിച്ചു മുന്‍ കോട്ടയം ജില്ലാ പോലിസ് മേധാവിയായിരുന്ന എന്‍ രാമചന്ദ്രന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി സ്വമേധയാ രജിസ്റ്റര്‍ ചെയ്ത ഹരജിയിലാണ് നിര്‍ദേശം.സംസ്ഥാനത്തെ 400 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ലഹരിയുടെ ഉപയോഗം കണ്ടെത്തിയിട്ടുണ്ടെന്നു സ്പെഷ്യല്‍ ബ്രാഞ്ച് റിപോര്‍ട്ടുണ്ട്. ഇതില്‍ 74.12 ശതമാനം സ്‌കൂളുകളും 20.89 ശതമാനം കോളജുകളും പ്രഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 4.97 ശതമാനം പോളിടെക്നിക്, ഐ.ടി.ഐ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലുമാണ് ലഹരി ഉപയോഗമുള്ളത്.

വിദ്യാര്‍ഥികളുടെ ഇടയില്‍ കഞ്ചാവ്, ഹാഷിഷ് തുടങ്ങിയ ലഹരി ഉള്‍പ്പന്നങ്ങളാണ് ഉപയോഗിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളില്‍ നിന്നു പിടിച്ചെടുത്തിട്ടുള്ള കഞ്ചാവിന്റെ അളവ് ഒരു കിലോയില്‍ താഴെയാണെന്നുും റിപോര്‍ട്ടില്‍ പറയുന്നു. ഇത്തരത്തിലുള്ള കേസുകള്‍ ജാമ്യം ലഭിക്കുന്നതുകൊണ്ടു നിയന്ത്രണ വിധേയമാക്കാനാവില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു.ലഹരിയുടെ സ്വാധീനത്തിനു വഴങ്ങി സ്ത്രീ -പുരുഷ വ്യത്യാസമില്ലാതെ വിദ്യാര്‍ഥികളുള്‍പ്പെടെയുള്ള യുവാക്കളുടെ ഇടയില്‍ സംസ്ഥാനത്ത് ക്രിമിനല്‍ കേസുകള്‍ വര്‍ധിച്ചുവരുകയാണെന്നു കത്തില്‍ വ്യക്തമാക്കി.

ലഹരി വിമുക്ത പദ്ധതികള്‍ക്കായി കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കുന്ന പണം ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ കാംപസുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ലഹരി ഉപയോഗം നിയന്ത്രിക്കുന്നതിനു വിവിധ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. കാംപസ് പോലിസ് യൂനിറ്റുകള്‍ സ്ഥാപിക്കുന്നതിനു വിവിധ രീതികള്‍ ആവിഷ്‌കരിക്കണമെന്നു സംസ്ഥാന സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കി.

സസ്ഥാനത്തെ ആരോഗ്യ -നിയമ- ആഭ്യന്തര- എക്സൈസ് വിഭാഗങ്ങളുടെ സംയുക്ത യോഗം വിളിച്ചു ചേര്‍ത്തു കൗമാരക്കാര്‍ക്കിടയില്‍ ലഹരിയുടെ ഉപയോഗം കുറക്കുന്നതിനു വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്യുക. വിദ്യാഭ്യാസ സ്ഥാപനങ്ങളും യൂനിവേഴ്സിറ്റികളും ലഹരി വിമുക്തമാക്കുന്നതിനു പ്രത്യേകം പദ്ധതികള്‍ തയ്യാറാക്കണമെന്നു സംസ്ഥാന പോലിസ് മേധാവിക്കു നിര്‍ദ്ദേശം നല്‍കി. വിവിധ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയ ശേഷം കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നു സര്‍ക്കാരിനും എതൃകക്ഷികള്‍ക്കും നിര്‍ദ്ദേശം നല്‍കി. ഹരജി മൂന്നു മാസത്തിനു ശേഷം വീണ്ടും പരിഗണിക്കും.

Tags: